ചെക്ക് മേറ്റ്! കൊമറ്റിനെ പഞ്ഞിക്കിടാൻ ടാറ്റയുടെ പുതിയ പോരാളിയായി പഞ്ച് ഇവി
ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്തിന് ചൂടുപിടിപ്പിച്ച് അടുത്തിടെ ചില ലോഞ്ചുകളുണ്ടായി. രാജ്യത്ത് താങ്ങാവുന്ന വിലയില്‍ ഇവി വില്‍പ്പനക്കെത്തിക്കുന്ന കമ്പനിയെന്ന പദവി ടാറ്റ മോട്ടോര്‍സില്‍ നിന്ന എംജി തട്ടിയെടുത്തു. 7.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലെത്തിയ എംജി കോമെറ്റ് ഇവി വിപണിയെ ഇളക്കി മറിച്ചു.
എന്നാല്‍ വിപണി വിഹിതം നിലനിര്‍ത്താനും വില്‍പ്പന ഉയര്‍ത്താനുമായി ടാറ്റ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി വിപണിയില്‍ ഹിറ്റായി തിളങ്ങി നില്‍ക്കുന്ന ചില മോഡലുകള്‍ക്ക് ഇലക്ട്രിക് കുപ്പായമണിയിക്കാന്‍ പേകുകയാണ് ടാറ്റ. ഒപ്പം തന്നെ ചില പുത്തന്‍ മോഡലുകളും കൊണ്ടുവരും. നിലവിലുള്ള മോഡലുകളെ അടിസ്ഥാനമാക്കി ഏത്താന്‍ പോകുന്ന ഏറ്റവും പുതിയ ടാറ്റ ഇവിയാകും ടാറ്റ പഞ്ച് ഇവി.

ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണിപ്പോള്‍. ആദ്യമായാണ് ടാറ്റ പഞ്ച് ഇവിയുടെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവരുന്നത്. മുഴുവനായി മറഞ്ഞിരിക്കുന്ന രീതിയിലായിരുന്നു മൈക്രോ എസ്‌യുവിയുടെ ചാരച്ചിത്രങ്ങള്‍. ഇവിയില്‍ വരാന്‍ പോകുന്ന കോസ്‌മെറ്റിക് മാറ്റങ്ങളെ കുറിച്ച് വളരെ കുറച്ച് സൂചനകള്‍ മാത്രമാണ് സ്‌പൈ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ടാറ്റയുടെ മറ്റ് ഇവികള്‍ക്ക് സമാനമായി ഇലക്ട്രിക് സ്വഭാവത്തെ സൂചിപ്പിക്കുന്ന ബ്ലു ആക്സന്റുകളും എയ്റോ വീലുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്യുവല്‍ ടാങ്ക് ലിഡിന്റെ സ്ഥാനത്തായിരിക്കും ചാര്‍ജിംഗ് പോര്‍ട്ട് സ്ഥാനം പിടിക്കുന്നത്. എന്നിരുന്നാലും ചിത്രങ്ങളില്‍ നിന്ന് നമുക്ക് ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ വായിച്ചെടുക്കാനാകും. അതില്‍ ഒന്നാണ് റിയര്‍ ഡിസ്‌ക് ബ്രേക്കിന്റെ സാന്നിധ്യം. പഞ്ച് പെട്രോളില്‍ ഡ്രം ബ്രേക്കുകളാണ് കാണപ്പെടുന്നത്. ക്യാബിന് റോട്ടറി ഡയലും ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും ലഭിക്കുന്നതടക്കമുള്ള സൂചനകളും സ്‌പൈ ചിത്രങ്ങള്‍ നല്‍കുന്നുണ്ട്.

ഓട്ടോ ഹോള്‍ഡ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയടക്കമുള്ള നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചാകും ഇവി എത്തിയേക്കുക. ഡാഷ്ബോര്‍ഡ് നിന്ന് തന്നെ ഡാഷ്‌ബോര്‍ഡ് കടംകൊള്ളും. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, പ്രീമിയം അപ്ഹോള്‍സ്റ്ററി എന്നിവയും അണിനിരത്തിയാകും മോഡല്‍ എത്തുക. ടാറ്റ പഞ്ച് ഇവിയിലെ പവര്‍ട്രെയിന്‍ സജ്ജീകരണങ്ങളെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.
എന്നാല്‍ ടാറ്റ ടിയാഗോ ഇവിയില്‍ സജ്ജീകരിച്ച 74 bhp പവറും 114 Nm ടോര്‍ക്കും നല്‍കുന്ന PMS മോട്ടോര്‍ ആയിരിക്കും ഇതിന് തുടിപ്പേകാന്‍ സാധ്യത. സിറ്റി, സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ ലഭിച്ചേക്കാം. ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 24 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ടാറ്റ പഞ്ച് ഇവിയില്‍ സജ്ജീകരിക്കുക.

ഇതേ ബാറ്ററി സജ്ജീകരിച്ച ടിയാഗോ ഇവി 315 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. സിട്രണ്‍ eC3-യുമായിട്ടാകും ടാറ്റ പഞ്ച് ഇവി നേരിട്ട് മത്സരിക്കുക. 11.50 ലക്ഷം മുതല്‍ 12.43 ലക്ഷം രൂപ വരെയാണ് സിട്രണ്‍ C3 ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പിന് വില വരുന്നത്. ഇതേ വിലനിലവാരത്തിലോ അല്ലെങ്കില്‍ കുറഞ്ഞ വിലയിലോ പഞ്ച് ഇവിയെ വിപണിയില്‍ എത്തിക്കാനാകും ടാറ്റ ശ്രമിക്കുക.
ഈ വര്‍ഷം അവസാനമോ 2024 ആദ്യ പാദത്തിലോ പഞ്ച് ഇവി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ച് ഇവിക്കൊപ്പം തന്നെ ഹാരിയര്‍ ഇവി, കര്‍വ് ഇവി എന്നിവയും വൈകാതെ ഉപഭോക്താക്കളിലേക്കെത്തും. മഹീന്ദ്രയടക്കമുള്ള ആഭ്യന്തര നിര്‍മാതാക്കള്‍ക്കൊപ്പം വിദേശ ബ്രാന്‍ഡുകളും ഇവി മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ കച്ചകെട്ടി ഒരുങ്ങുന്നതിനാല്‍ ഓരോ അടിയും സൂക്ഷിച്ച് വെക്കുകയാണ് ടാറ്റയിപ്പോള്‍.
Image Courtesy: Photulogy/Instagram


Click it and Unblock the Notifications