1.5 വര്‍ഷം കൊണ്ട് വിറ്റത് 1.75 ലക്ഷം പഞ്ച്; ടാറ്റക്ക് വെച്ചടി വെച്ചടി കയറ്റം
റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന ടാറ്റ മോട്ടോര്‍സിന്റെ കാറുകള്‍ക്ക് മെച്ചപ്പെട്ട മൈലേജ് കൂടി ലഭിക്കുമെന്ന വാര്‍ത്ത തെല്ലൊന്നുമല്ല ആരാധകരെ സന്തോഷിപ്പിച്ചത്. ടാറ്റ അടുത്തിടെ ജനപ്രിയ എസ്‌യുവിയായ ടാറ്റ പഞ്ചിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചിരുന്നു. 5.99 ലക്ഷം രൂപയാണ് പഞ്ച് എസ്‌യുവിയുടെ പ്രാരംഭ എക്സ് ഷോറൂം വില.
മികച്ച മൈലേജ് നല്‍കുന്ന ഐഡല്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് ഫീച്ചറോടെയാണ് പഞ്ചിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നേരത്തെ ലിറ്ററിന് 18.97 കിലോമീറ്റര്‍ ആയിരുന്നു പഞ്ചിന്റെ മൈലേജ്. എന്നാല്‍ അതിപ്പോള്‍ ലിറ്ററിന് 20.10 കിലോമീറ്റര്‍ ആയി വര്‍ധിച്ചു. നിലവില്‍ ടാറ്റയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ പഞ്ച് ഇപ്പോള്‍ വില്‍പ്പനയുടെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.

ഇന്ന് ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ നെക്‌സോണ്‍ ആണ്. ഇതിന് തൊട്ടുതാഴെ ആണ് പഞ്ചിന്റെ സ്ഥാനം. അടുത്തിടെ ടാറ്റ പഞ്ചിന്റെ വില്‍പ്പന 1.75 ലക്ഷം പിന്നിട്ടു. 2021 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ കാര്‍ ഒന്നര വര്‍ഷത്തിനടുത്ത് സമയം കൊണ്ടാണ് ഇത്രയും വില്‍പ്പന നേടിയത്. വില, ബില്‍ഡ് ക്വാളിറ്റി, സേഫ്റ്റി ഫീച്ചറുകള്‍ എന്നിവയാണ് നേട്ടത്തിന് പിന്നിലെ ചാലക ശക്തി. പഞ്ചിന് ഈ നാഴികക്കല്ല് പിന്നിടാന്‍ തുണയായ പ്രധാന സവിശേഷതകള്‍ നമുക്ക് നോക്കാം.
സേഫ്റ്റി: ബില്‍ഡ് ക്വാളിറ്റിക്ക് പേരുകേട്ടവയാണ് ടാറ്റ കാറുകള്‍. ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ALFA-ARC പ്ലാറ്റ്ഫോമിലാണ് പഞ്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ പഞ്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5-സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്ക് 4-സ്റ്റാര്‍ റേറ്റിംഗുമാണ് നേടിയത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, കോര്‍ണറിംഗ് ലാമ്പുകള്‍, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് പഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നത്.

താങ്ങാവുന്ന വില: എതിരാളികളില്‍ നിന്ന് പഞ്ചിനെ മാറ്റിനിര്‍ത്തുന്ന ഒരു ഘടകം അതിന്റെ വിലയാണ്. താങ്ങാനാവുന്ന വിലയില്‍ ഓഫര്‍ ചെയ്യുന്ന പഞ്ച് ഇക്കാര്യത്തില്‍ എതിരാളികളെ കവച്ച് വെക്കുന്നു. 5.99 ലക്ഷം രൂപ മുതല്‍ 8.87 ലക്ഷം രൂപ വരെയാണ് ഈ മിനി എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില ഉയര്‍ന്ന് പോകുന്നത്. 5 സ്റ്റാര്‍ സേഫ്റ്റിയും കൈനിറയെ ഫീച്ചറുകളുമുള്ള ഒരു കാര്‍ ഈ വിലയില്‍ ലഭ്യമാകുന്നത് ലാഭമല്ലേ. അതും പഞ്ചിന്റെ വില്‍പപനയെ സ്വാധീനിക്കുന്നു.
പഞ്ച് സിഎന്‍ജി വരുന്നു: ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോര്‍സ് പഞ്ചിന്റെ സിഎന്‍ജി പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഈ മോഡല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഎന്‍ജി വിഭാഗത്തില്‍ ഇപ്പോള്‍ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ ടാറ്റയും അവരുടെ പോര്‍ട്‌ഫോളിയോ വികസിപ്പിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാരുതി സുസുക്കി ബ്രെസ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയിരുന്നു.

സിഎന്‍ജി കുപ്പായമണിയുന്ന ടാറ്റ പഞ്ചിലും 1.2 ലിറ്റര്‍ എഞ്ചിന്‍ തന്നെയാകും തുടിപ്പേകുക. സിഎന്‍ജി മോഡില്‍ 76 bhp പവറും 97 Nm ടോര്‍ക്കുമായിരിക്കും ഇത് പുറപ്പെടുവിക്കുക. പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് ടാറ്റ പഞ്ച് ലഭ്യമാകുന്നത്. ടാറ്റ ടിയാഗോക്കും ടിഗോറിനും ശക്തി പകരുന്ന അതേ 1.2-ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിനും കരുത്ത് പകരുന്നത്.
5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഇത് ലഭ്യമാകും. ഈ എഞ്ചിന്‍ 84 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് ടാറ്റ പഞ്ച്. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഓട്ടോ എയര്‍ കണ്ടീഷനിംഗ്, കണക്റ്റഡ് കാര്‍ ടെക്, ഓട്ടോമേറ്റഡ് ഹെഡ്ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ എന്നിവയാണ് ഫീച്ചറുകളില്‍ ചിലത്.
ഈ മൈക്രോ എസ്‌യുവി 7 ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്, ബ്ലാക്ക് റൂഫോട് കൂടിയ ആറ്റോമിക് ഓറഞ്ച്, വൈറ്റ് റൂഫോട് കൂടിയ ടൊര്‍ണാഡോ ബ്ലൂ, വൈറ്റ് റൂഫോട് കൂടിയ കാലിപ്സോ റെഡ്, ബ്ലാക്ക് റൂഫുള്ള ഓര്‍ക്കസ് വൈറ്റ്, ബ്ലാക്ക് റൂഫുള്ള ഡേടോണ ഗ്രേ്, ബ്ലാക്ക് റൂഫുള്ള ട്രോപ്പിക്കല്‍ മിസ്റ്റ്, ബ്ലാക്ക് റൂഫുള്ള മീറ്റിയോര്‍ ബ്രോണ്‍സ് എന്നിവയാണ് ഡ്യുവല്‍ ടോണ്‍ കളറുകള്‍.


Click it and Unblock the Notifications