അപ്‌ഡേറ്റെന്നാല്‍ ഇതാണ്! ഈ ഉത്സവസീസണ്‍ ടാറ്റ സഫാരി കൊണ്ടുപോകുമെന്നാ തോന്നുന്നേ...
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി എസ്‌യുവി സെഗ്‌മെന്റിന്റെ പള്‍സറിഞ്ഞ് കളി തുടങ്ങിയതോടെ വിപണിയില്‍ വമ്പന്‍ മാറ്റങ്ങളാണ് കാണുന്നത്. പുത്തന്‍ ലോഞ്ചുകള്‍ കൊണ്ട് മാരുതി നേട്ടം കൊയ്‌തപ്പോൾ അക്ഷരാര്‍ത്ഥത്തില്‍ ടാറ്റ മോട്ടോര്‍സ് അടക്കമുള്ള ബ്രാന്‍ഡുകള്‍ ഉറക്കമുണര്‍ന്നിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജനപ്രിയ മോഡലായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് പുറത്തിറക്കി ടാറ്റ ഒരു സൂചന തന്നിരുന്നു.
ഇപ്പോള്‍ വെടിക്കെട്ടിന് തിരികൊളുത്തി മുന്‍നിര മോഡലായ ടാറ്റ സഫാരിയുടെ അപ്‌ഡേറ്റഡ് പതിപ്പിന്റെ മൂടുപടമഴിച്ചിരിക്കുകയാണ് ടാറ്റ. ഏതാനും ദിവസങ്ങളായി സഫാരിയുടെയും എസ്‌യുവി ഇരട്ടയായ ഹാരിയറിന്റെയും ടീസര്‍ പുറത്തുവിട്ട് ടാറ്റ ഹൈപ്പ് ഉയര്‍ത്തുകയാണ്. വിപണിയില്‍ എത്തിയ ശേഷം ഇതാദ്യമായി വമ്പന്‍ ഡിസൈന്‍ പരിഷ്‌കാരങ്ങളോടെ എത്തുന്ന സഫാരി എസ്‌യുവിക്കായുള്ള ബുക്കിംഗ് ജാലകം തുറന്നിരിക്കുകയാണ് ടാറ്റ ഇപ്പോള്‍.

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ബുക്ക് ഇപ്പോള്‍ ചെയ്യാം. വാഹന നിര്‍മാതാവിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും അംഗീകൃത ഡീലര്‍ഷിപ്പിലും ബുക്കിംഗ് സ്വീകരിക്കുന്നതാണ്. ഈ മാസം വില പ്രഖ്യാപനം നടത്തുന്ന എസ്‌യുവിയുടെ വിതരണം അവസാന വാരത്തോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോഞ്ചിന് മുന്നോടിയായി ആവേശത്തിരയിളക്കാനായി ടാറ്റ സഫാരിയുടെ ടീസറുകള്‍ പുറത്തുവിട്ടിരുന്നു. സ്മാര്‍ട്, പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് ടാറ്റ സഫാരി ഓഫര്‍ ചെയ്യുന്നത്. ഡിസൈന്‍, ഫീച്ചര്‍ വിഭാഗങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് സഫാരി വിധേയമായിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവി പുതിയമുഖത്തോടെ ആയിരിക്കും എത്തുക.

വെങ്കല നിറത്തിലുള്ള വെര്‍ട്ടിക്കല്‍ സ്ലേറ്റുകളുള്ള പുതിയ ക്ലോസ്-പാറ്റേണ്‍ ഗ്രില്ലാണ് സഫാരിക്ക് ലഭിക്കുന്നതെന്ന് നമുക്ക് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാകും. വെല്‍കം ഫംഗ്ഷനോടുകൂടിയ ബോണറ്റിന് കുറുകെ കൊടുത്തിരിക്കുന്ന നീളമുള്ള എല്‍ഇഡി ബാര്‍ ഒരു ഹൈലൈറ്റാണ്. പുത്തന്‍ ഹെഡ്‌ലാമ്പുകള്‍ ഫ്രണ്ട് ബമ്പറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പ് ഹൗസിംഗും ലംബമായിട്ടാണ് നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്തേക്ക് നീങ്ങിയാല്‍ സീക്വന്‍ഷ്യല്‍ ഫംഗ്ഷനോടുകൂടിയ കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാമ്പ് സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.
വാഷറുള്ള റിയര്‍ വൈപ്പര്‍, ടെയില്‍ഗേറ്റിന്റെ വീതിയിലുള്ള ഗുഡ്ബൈ ഫംഗ്ഷനോടുകൂടിയ ഒരു എല്‍ഇഡി സ്ട്രിപ്പ് എന്നിവ റിയര്‍എന്‍ഡില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫീച്ചര്‍ സമ്പന്നമാണ് സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളമെന്ന് ടീസര്‍ ചിത്രങ്ങള്‍ സൂചന നല്‍കിയിരുന്നു. വയര്‍ലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പുതിയ ഇന്റര്‍ഫേസുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ഇല്യൂമിനേറ്റഡ് ടാറ്റ ലോഗോയുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവ എസ്‌യുവിയുടെ ക്യാബിനില്‍ ടാറ്റ ഒരുക്കിയ ഫീച്ചറുകളില്‍ ചിലതാണ്.

പനോരമിക് സണ്‍റൂഫ്, പവര്‍ഡ്‌വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, എയര്‍ പ്യൂരിഫയര്‍, ADAS സേഫ്റ്റി സ്യൂട്ട് തുടങ്ങിയ ഫീച്ചറുകളും തുടര്‍ന്നും ലഭിച്ചേക്കാം. ക്രൂയിസ് കണ്‍ട്രോള്‍ അടക്കം കുറഞ്ഞത് 11 സേഫ്റ്റി ഫീച്ചറുകളുള്ള ലെവല്‍ 2 ADAS ആയിരിക്കും സഫാരി ഫെയ്‌സ്‌ലിഫ്റ്റിന് സുരക്ഷ കവചമൊരുക്കുക. 6 എയര്‍ബാഗുകള്‍ ടാറ്റ സഫാരിയില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയേക്കും. ടോപ് സ്‌പെക് വേരിയന്റുകളില്‍ ഡ്രൈവറുടെ മുട്ടിന് സംരക്ഷണം നല്‍കാനായി ഏഴാമത്തെ എയര്‍ബാഗ് കൂടി ഓഫര്‍ ചെയ്യും.
ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 168 bhp പവറും 350 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകാനെത്തുക. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭിക്കുന്നു. എസ്‌യുവി ഇരട്ടകള്‍ക്ക് ടാറ്റ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ നല്‍കുമെന്ന് അഭ്യൂഹമുണ്ട്.

എന്നാല്‍ അവതരണ വേളയില്‍ മാത്രമേ ഇതില്‍ വ്യക്തത വരികയുള്ളൂ. ഇക്കോ, സിറ്റി, സ്‌പോര്‍ടഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യും. ഇതുകൂടാതെ നോര്‍മല്‍, റഫ്, വെറ്റ് എന്നിങ്ങനെ മൂന്ന് ട്രാക്ഷന്‍ മോഡുകളും ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിക്ക് ലഭിക്കും. എസ്‌യുവിയുടെ ഡാര്‍ക്ക് എഡിഷനും വൈകാതെ പുറത്തിറക്കും. മൂന്നുവരി എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയുമായിട്ടാണ് സഫാരിയുടെ മത്സരം.


Click it and Unblock the Notifications








