മാരുതി എത്ര മസിൽ പിടിച്ചാലും ഇക്കാര്യത്തിൽ ടാറ്റയെ തോൽപ്പിക്കാനാവില്ല; ഇന്ത്യൻ ബ്രാൻഡിന്റെ പദ്ധതികൾ വേറെ ലെവൽ
നിലവിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന സെഗ്മെന്റിൽ മുന്നിൽ നിൽക്കുന്നത് ടാറ്റ മോട്ടോർസാണ്. പുതിയ മോഡലുകൾ പുറത്ത് കൊണ്ടുവരാനുള്ള സ്ഥിരമായ ശ്രമങ്ങൾക്കൊപ്പം മുമ്പേറായി നീങ്ങുന്നതിന്റെ നേട്ടവും കമ്പനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാൻഡിന്റെ കിരീടവും കമ്പനി സ്വന്തമാക്കി.
താങ്ങാനാവുന്ന വിലയ്ക്ക് എത്തുന്ന ടിയാഗോ ഇവി, ടിഗോർ ഇവി, അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത നെക്സോൺ ഇവി എന്നിങ്ങെന ഇന്ത്യൻ കാർ നിർമ്മാതാക്കൾക്ക് നിലവിൽ മൂന്ന് ഇവി മോഡലുകളാണ് തങ്ങളുടെ മോഡൽ നിരയിൽ ഉള്ളത്. ഒരിക്കലും ഒഴിഞ്ഞുമാറാതെ കമ്പനി തങ്ങളുടെ ഭാവി തന്ത്രങ്ങൾ വെളിപ്പെടുത്തുന്നതിനാൽ ടാറ്റയുടെ ഇവി വിപുലീകരണ പദ്ധതികളെക്കുറിച്ച് നമുക്കെല്ലാം വളരെ വ്യക്തമായി അറിയാം.

ഇതോടൊപ്പം, ബ്രാൻഡിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളിൽ ചിലത് കൺസെപ്റ്റ് ഘട്ടത്തിൽ വിവിധ പരിപാടികളിൽ ഇതിനകം തന്നെ ടാറ്റ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഫൈനൽ പ്രൊഡക്ഷൻ സ്പെക്ക് മോഡലുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നും ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. അതിനാൽ, അടുത്ത വർഷം ടാറ്റ മോട്ടോർസ് എന്താണ് ഇന്ത്യൻ കസ്റ്റമേഴ്സിനായി കരുതിയിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇതിനകം ഒന്നിലധികം തവണ പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞ പഞ്ച് ഇവിയിൽ നിന്ന് തന്നെ തുടങ്ങാം. താങ്ങാനാവുന്ന ഒരു ബജറ്റ് ഇലക്‌ട്രിക് വാഹനം തങ്ങളുടെ മോഡൽ നിരയിൽ ചേർക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പഞ്ച് ഇതിനകം തന്നെ മികച്ച വിൽപ്പന കൈവരിക്കുന്ന ഒരു പ്രൊഡക്ടാണ്. എസ്‌യുവിഷ് സ്റ്റാൻസിനൊപ്പം, പഞ്ച് അതിന്റെ ഇവി പതിപ്പിൽ വളരെ മികവുറ്റതും ഗുഡ് ലുക്കിംഗുമായ ഒരു മോഡലായിരിക്കും.

കൺസെപ്റ്റ് രൂപത്തിൽ കഴിഞ്ഞ വർഷം ആദ്യമായി പ്രദർശിപ്പിച്ച കർവ്വ് ഇവിയാവും പഞ്ച് ഇവിയുടെ ലോഞ്ചിന് ശേഷം എത്തുന്ന അടുത്ത മോഡൽ. കൂപ്പെ ടൈപ്പ് എസ്‌യുവി പോലുള്ള ഡിസൈൻ ഫീച്ചർ ചെയ്യുന്ന കർവ്വ് ഇവി സിംഗിൾ ചാർജിൽ 400 - 500 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകും എന്ന് പ്രതീക്ഷിക്കാം. വാഹനത്തിന്റെ കൃത്യമായ ലോഞ്ച് ടൈംലൈൻ ഏകദേശം 2024 മധ്യത്തിലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ടാറ്റ മോട്ടോർസിന്റെ ഫാമിലിയിൽ നിന്നുള്ള മറ്റൊരു പ്രമുഖ ഇവി ലോഞ്ച് ആയിരിക്കും ഹാരിയർ ഇവിയുടേത്. 2023 ഓട്ടോ എക്‌സ്‌പോയിൽ, കൺസെപ്റ്റ് അവതാറിൽ പ്രദർശിപ്പിച്ച ഇവി എസ്‌യുവി, ബ്രാൻഡിന്റെ ഒമേഗ ആർക്ക് പ്ലാറ്റ്‌ഫോമിന്റെ കാര്യമായി പരിഷ്‌ക്കരിച്ചതും മാറ്റങ്ങൾ വരുത്തിയതുമായ ഇലക്ട്രിക് നിർദ്ദിഷ്ട പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഏകദേശം 60 kWh -ന്റെ ബാറ്ററി പായ്ക്കാണ് ഇവിയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഡിസൈനിന് ചില ഇലക്ട്രിക് നിർദ്ദിഷ്ട ടച്ചുകൾ ഉണ്ടായിരിക്കും എന്നത് ശ്രദ്ധേയമാണ്.
ഇതിന് ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് (AWD) സജ്ജീകരണവും ലഭിക്കും. 2024 അവസാനത്തോടെ വാഹനം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, സഫാരി ഇവിയും ഇതേ ടൈംലൈനിൽ തന്നെ അരങ്ങേറാൻ ഇടയുണ്ട്. ഈ മേൽപ്പറഞ്ഞ മോഡലുകൾ പുറത്തിറക്കുന്നതിലൂടെ ടാറ്റ മോട്ടോർസ് തങ്ങളുടെ ഇവി യാത്രയിൽ വലിയ മുന്നേറ്റം നടത്താൻ ഒരുങ്ങുകയാണ്. വലിയ പോർട്ട്‌ഫോളിയോ/ മോഡൽ നിര ഉപഭോക്താക്കൾക്ക് വിശാലമായ ചോയ്‌സുകൾ പ്രയോജനപ്പെടുത്താം എന്നതിനൊപ്പം മെച്ചപ്പെട്ട വിൽപ്പന കണക്കുകൾക്കും കാരണമാകും എന്ന് പറയാം.


Click it and Unblock the Notifications