പൊളിച്ചടുക്കാനും ഞങ്ങൾക്കറിയാമെന്ന് ടാറ്റ; മൂന്നാമത്തെ സ്ക്രാപ്പിങ്ങ് സെൻ്റർ ആരംഭിച്ച് കമ്പനി
രാജ്യത്ത് ഇപ്പോൾ സ്ക്രാപ്പേജ് പോളിസി നടപ്പിലാക്കിയതിൻ്റെ ഭാഗമായി വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിൻ്റെ വക മൂന്നാമത്തെ സ്ക്രാപ്പേജ് സെൻ്റർ സൂററ്റിൽ ആരംഭിച്ചിരിക്കുകയാണ്. റീസൈക്കിള്‍ വിത്ത് റെസ്പെക്ട് എന്ന പേരിലാണ് പുതിയ സ്ക്രാപ്പിങ്ങ് സെൻ്റർ ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള രീതിയിലാണ് വാഹനം പൊളിക്കുന്നതെന്ന് ടാറ്റ അവകാശപ്പെടുന്നു.
ഇൻ്റർനാഷണൽ മാനദണ്ഡങ്ങൾ പാലിക്കുന്ന റീസൈക്ലിങ്ങ് പ്രക്രിയ ഉപയോഗിച്ചുകൊണ്ട് പരമാവധി മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനങ്ങളെല്ലാം ടാറ്റ ഒരുക്കിയിരിക്കുന്നത്. ടയറുകള്‍, ബാറ്ററികള്‍, ഇന്ധനങ്ങള്‍, മറ്റ് ദ്രാവകങ്ങള്‍, വാതകങ്ങള്‍ തുടങ്ങി വാഹനങ്ങളിലുള്ള വസ്തുക്കള്‍ സുരക്ഷിതമായി വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനം ഈ സ്ക്രാപ്പിങ്ങ് സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹാര്‍ദമായി വാഹനങ്ങള്‍ പൊളിക്കുന്ന രീതികളാണ് റീസൈക്കിള്‍ വിത്ത് റെസ്പെക്ട് എന്ന സംവിധാനത്തിലൂടെ ടാറ്റ മോട്ടോഴ്സ് ഉറപ്പാക്കുന്നത്.

ഇതിനുമുൻപ് രാജസ്ഥാനത്തിലും ഒഡീഷയിലുമാണ് ടാറ്റ തങ്ങളുടെ പൊളിക്കൽ കേന്ദ്രം ആരംഭിച്ചിരുന്നത്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്. പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളുള്ളവർക്ക് അവരുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനും അതിനുശേഷം പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളുമായി പുത്തൻ വാഹനം വാങ്ങാൻ സാധിക്കുന്നു.
കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്. ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാർ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് എന്നതാണ് പ്രത്യേകത. ദില്ലി നഗരത്തിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അഞ്ച് ദിവസം കൊണ്ട് 50 വാഹനങ്ങളാണ് പിടിക്കപ്പെട്ടത്.

15 വർഷത്തില്‍ അധികം പഴക്കമുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും 2023 ഏപ്രില്‍ മാസത്തോടെ ഒഴിവാക്കും എന്നും 15 വർഷം പൂർത്തിയാക്കിയ എല്ലാ സർക്കാർ വാഹനങ്ങളും നിർത്തലാക്കാനുളള നയം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി അറിയിച്ചിരുന്നതാണ്.
ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിലുള്ള ബസുകളും ഇതിൽ ഉൾപ്പെടുന്നു. പഴയ സർക്കാർ വാഹനങ്ങൾ പിൻവലിക്കുന്നതിനുള്ള സമയക്രമത്തിന് അംഗീകാരം നൽകിയതായും നിതിൻ ഗഡ്‍കരി പറഞ്ഞു. സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തുന്ന ബസ് ഫ്ളീറ്റുകളുടെ നവീകരണത്തിനായി അദ്ദേഹം പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ നിരവധി സർക്കാർ ഫ്ളീറ്റുകൾ ഇതിനകം തന്നെ ഇലക്ട്രിക് ബസുകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്.
ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർവിഎസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർവിഎസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്.
മലിനീകരണം കുറയ്ക്കുക എന്നിനു പുറമെ ഇന്ധന ഇറക്കുമതി കുറയ്ക്കുക, സിഎൻജി-വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് സ്ക്രാപ്പേജ് നയത്തിലൂടെ കേന്ദ്രം ലക്ഷ്യംവെക്കുന്നത്. നയം വാഹന വ്യവസായത്തെ കൂടുതൽ ചലനാത്മകമാക്കാനും ഉത്പാദനചെലവ് കുറയ്ക്കാനും സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.


Click it and Unblock the Notifications








