റേഞ്ച് കണക്കൊക്കെ വെറും തള്ളായിരുന്നല്ലേ! മസ്‌ക്കിനും ടെസ്‌ലക്കും വീണ്ടും പണികിട്ടി
അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല ഇപ്പോള്‍ ഇന്ത്യയില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. ലോകത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ ടെസ്‌ല ഇന്ത്യന്‍ എന്‍ട്രിക്കായി കേന്ദ്ര സര്‍ക്കാറുമായി തിരക്കിട്ട ചര്‍ച്ചകളിലാണ്. എന്നാല്‍ അമേരിക്കയില്‍ നിന്ന് ഇപ്പോള്‍ അത്ര ശുഭകരമായ വാര്‍ത്തകളല്ല ടെസ്‌ലയെ കുറിച്ച് വരുന്നത്.
മാതൃരാജ്യമായ യുഎസില്‍ ടെസ്‌ല ഇപ്പോള്‍ മറ്റൊരു അന്വേഷണത്തെ അഭിമുഖീകരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതയുള്ള ഡ്രൈവിംഗ് റേഞ്ച് പെരുപ്പിച്ചു കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടെസ്‌ലക്കെതിരെ ഇപ്പോള്‍ അന്വേഷണം. ഈ വര്‍ഷം ജൂലൈയില്‍ ഇവി ബ്രാന്‍ഡ് അതിന്റെ പരസ്യപ്പെടുത്തിയ റേഞ്ച് കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം പ്രോസിക്യൂട്ടര്‍മാര്‍ ടെസ്ലയുടെ പെര്‍ഫോമന്‍സ് ക്ലെയിമുകള്‍ പരിശോധിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇലക്ട്രിക് കാറുകളുടെ ഡ്രൈവര്‍മാര്‍ക്ക് 'റോസി' ഇന്‍ ഡാഷ് ഡ്രൈവിംഗ് റേഞ്ച് എസ്റ്റിമേറ്റ് സൃഷ്ടിക്കാന്‍ ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ടെസ്ല അല്‍ഗോരിതം എഴുതിയതായി ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രദര്‍ശിപ്പിച്ചതിനേക്കാള്‍ വളരെ കുറവായിരുന്നു യഥാര്‍ത്ഥ റേഞ്ച്. ഒപ്പം റേഞ്ചുമായി ബന്ധപ്പെട്ട സര്‍വീസ് അപ്പോയിന്‍മെന്റുകള്‍ റദ്ദാക്കാന്‍ ടെസ്ല ഒരു 'ഡൈവേര്‍ഷന്‍ ടീം' രൂപീകരിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപിച്ചു.
വാഹന നിര്‍മ്മാതാക്കളുടെ പരസ്യപ്പെടുത്തിയ എസ്റ്റിമേറ്റുകളും ഇന്‍-ഡാഷ് ഡിസ്‌പ്ലേ പ്രദര്‍ശിപ്പിക്കുന്ന പ്രൊജക്ഷനുകളും അടിസ്ഥാനമാക്കി അതത് ഇലക്ട്രിക് കാറുകളില്‍ നിന്ന് മികച്ച റേഞ്ച് പ്രതീക്ഷിച്ചിരുന്ന ഉടമകളില്‍ നിന്ന് സര്‍വീസ് സെന്ററുകളിലേക്ക് കോളുകളുടെ പ്രവാഹമുണ്ടായതിനെ തുടര്‍ന്നാണ് ടെസ്ല ഇത്തരത്തില്‍ ഒര ടീമിനെ വിന്യസിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പരാതിയുമായി നിരവധി അപ്പോയിന്‍മെന്റുകളാണ് സര്‍വീസ് സെന്ററുകളിലുള്ളതെന്നാണ് സൂചന.

അപ്പോയിന്‍മെന്റ് ക്യാന്‍സല്‍ ചെയ്തുകൊണ്ട് ഇത് മറയ്ക്കാന്‍ ഇവി നിര്‍മാതാക്കള്‍ ശ്രമിച്ചതായി ആരോപണമുണ്ട്. ടെസ്ലയ്ക്കെതിരെ ഇതുകൂടാതെ മറ്റ് നിരവധി അന്വേഷണങ്ങള്‍ നിലവിലുണ്ട്. അതിന്റെ പ്രശസ്തമായ ഓട്ടോപൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മറ്റ് നിരവധി അന്വേഷണങ്ങള്‍ ടെസ്‌ല നേരിടുന്നുണ്ട്. ഓട്ടോ പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ടെക്‌നോളജി കാരണം തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുകയും വാഹനങ്ങളെ തെറ്റായി നയിക്കുകയും ചെയ്തതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ടെസ്ലയുടെ ഓട്ടോപൈലറ്റ് സാങ്കേതികവിദ്യ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് മാരകമായ അപകടങ്ങളില്‍ കലാശിക്കുകയും ജീവന്‍ അപഹരിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് ഒന്നിലധികം കേസുകള്‍ ഉണ്ടായിരുന്നു. അപകടങ്ങള്‍ക്ക് പിന്നിലെ കാരണവും ഓട്ടോപൈലറ്റ് സാങ്കേതിക വിദ്യയുടെ തകരാറും കണ്ടെത്തുന്നതിനായി യുഎസ് ഗവണ്‍മെന്റിന്റെ ഫെഡറല്‍ റോഡ് സുരക്ഷാ ഏജന്‍സിയായ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ടെസ്‌ലയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ടെസ്ല അതീവ താല്‍പ്പര്യം കാണിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് തങ്ങളുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള ഇവി നിര്‍മ്മാതാക്കള്‍ക്ക് ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ള ഇലക്ട്രിക് വെഹിക്കിള്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാജ്യത്തിന്റെ ഇവി ഉല്‍പ്പാദനശേഷി കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് കാര്യമായ ഉത്തേജനം നല്‍കാനാണ് ഈ നീക്കം.
കുറഞ്ഞത് 40 ശതമാനം വാഹനങ്ങളെങ്കിലും പ്രാദേശികമായി നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്ന വാഹന നിര്‍മാതാക്കളുടെ ഇവി ഇറക്കുമതി തീരുവ 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ടെസ്‌ല ഏറെ നാളായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.ഇവികളുടെ 100% ഇറക്കുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് 2021-ലാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്ല ഇന്ത്യന്‍ പ്രവേശനത്തിന് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്.

എന്നാല്‍ കമ്പനി ആദ്യം പ്രാദേശിക ഉല്‍പ്പാദനത്തില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. ഇന്ത്യന്‍ പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ടെസ്‌ലയുടെ സീനിയര്‍ പബ്ലിക് പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായ രോഹന്‍ പട്ടേല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്‌ല സിഇഒ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിലെ വികസനങ്ങള്‍ വിലയിരുത്തി വരുന്നുണ്ട്.


Click it and Unblock the Notifications








