നെക്‌സോണിന്റെ വിലയില്‍ വിലയില്‍ ടെസ്‌ല ഇവി? കോടികളുടെ നിക്ഷേപവുമായി മസ്‌കും ടീമും ഇന്ത്യയിലേക്ക്
അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ ടെസ്ലയുടെ (Tesla) ഇന്ത്യന്‍ പ്രവേശനം സംബന്ധിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലോകത്തിലെ നമ്പര്‍ വണ്‍ ഇവി നിര്‍മാതാക്കള്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ മണ്ണില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ടെസ്ല. ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയടക്കം സജ്ജീകരിച്ച ടെസ്ല കാറുകള്‍ മാതൃരാജ്യമായ അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ചൂടപ്പം പോലെയാണ് വിറ്റ് തീരുന്നത്. എന്നാല്‍ നിലവില്‍ ടെസ്ല കാറുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. വിദേശത്ത് നിന്ന് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ടെസ്ല ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി നിരക്കുകള്‍ മൂലം ടെസ്ല മാറിനിനില്‍ക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ടെസ്‌ല അടുത്ത വര്‍ഷം ഇന്ത്യയിലെത്താന്‍ പോകുന്നുവെന്നാണ് വിവരങ്ങള്‍. ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ഇലക്ട്രിക് വാഹന നിര്‍മാണത്തിന് അനുയോജ്യമായ പരിതസ്ഥിതിയുള്ള സംസ്ഥാനങ്ങളെ ടെസ്ല വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാടും ഗുജറാത്തുമാണ് ടെസ്ല പ്ലാന്റിനായുള്ള സാധ്യത പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനാണ് ഇതില്‍ നറുക്ക് വീഴാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ജൂണിലാണ് ടെസ്ലയുടെ ചിഫ് എക്സിക്യൂട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അമേരിക്കയിലെ ടെസ്‌ല ഫാക്ടറി സന്ദര്‍ശിച്ചത് ചര്‍ച്ചകള്‍ക്ക് വേഗത പകര്‍ന്നുവെന്ന് വേണം കരുതാന്‍. 2024-ല്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനും പദ്ധതിയിടുന്നുണ്ട്.
തുടക്കത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും ഘട്ടംഘട്ടമായി ഇവിടെ ഉത്പാദനം തുടങ്ങി കയറ്റുമതി ചെയ്യാനുമാണ് കമ്പനിയുടെ പ്ലാന്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ഉല്‍പാദനം തുടങ്ങണമെന്ന വ്യവസ്ഥയോടെ അടുത്ത വര്‍ഷം ടെസ്ലക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കും. ഇവികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്ന് ഏറെ നാളായി ടെസ്ല കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്നാല്‍ രാജ്യത്ത് ഉല്‍പാദനം തുടങ്ങുകയാണെങ്കില്‍ ഇറക്കുമതി തീരുവ കുറക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.

ടെസ്ലയുടെ വരവിനായി ഇന്ത്യയുടെ വാഹന വിപണി കാത്തിരിക്കുകയാണെങ്കിലും ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതുതന്നെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ഭാവിയില്‍ ഇന്ത്യയില്‍ ഫാക്ടറി തുറക്കാമെന്ന് കരാര്‍ ഒപ്പു വയ്ക്കുന്ന ഇനി നിര്‍മാതാക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ഇത് ടെസ്ല ഉള്‍പ്പെടെയുള്ള നിരവധി ബ്രാന്‍ഡുകള്‍ക്ക് നേട്ടമാകും. ഇന്ത്യയില്‍ ഇതിനകം സാന്നിധ്യമറിയിക്കുന്ന പല വിദേശി ആഡംബര കാര്‍ നിര്‍മാതാക്കളുടെയും ഇവികള്‍ക്ക് വില കുറയാന്‍ തീരുമാനം കാരണമാകും.

നിലവില്‍ ടെസ്ലയുടെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇരട്ടിയിലധികം വില നല്‍കേണ്ട സാഹചര്യമാണുള്ളത്. അതേസമയം ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചാല്‍ അത് ഗണ്യമായി കുറയും. ഏകദേശം 20,000 ഡോളറിന് ടെസ്ല കാറുകള്‍ ലഭ്യമാക്കാനായേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 16.6 ലക്ഷം രൂപ മാത്രമാകും വരിക. അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ മോഡലായ ടാറ്റ നെക്‌സോണ്‍ ഇവിയടക്കമുള്ള കാറുകള്‍ ഒത്തിരി വിയര്‍ക്കും.
അമേരിക്കയെ കൂടാത നിലവില്‍ ചൈന, ജര്‍മനി എന്നിവിടങ്ങളിലാണ് ടെസ്ലയ്ക്ക് ഫാക്ടറിയുള്ളത്. അഞ്ച് ലക്ഷം കാര്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള ഫാക്ടറിയാണ് ടെസ്ല ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മേഖലയിലെ പ്രധാന കയറ്റുമതി ഹബ് ആക്കി ഇന്ത്യയെ മാറ്റാനും കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. 200 കോടി ഡോളറാണ് (ഏകദേശം 17,000 കോടി) ഫാക്ടറിക്കായി പ്രാരംഭഘട്ടത്തില്‍ ടെസ്ല ഇന്ത്യയില്‍ നിക്ഷേപിക്കുക.

ഇതുകൂടാതെ രാജ്യത്ത് നിന്ന് വാഹന അനുബന്ധസാമഗ്രികള്‍ വാങ്ങുന്നതിനായി 1,500 കോടി ഡോളറും (ഏകദേശം 1.25 ലക്ഷം കോടി) മുടക്കും. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ തന്നെ ബാറ്ററി നിര്‍മാണം ആരംഭിക്കാനും ടെസ്ലയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചനകള്‍. ഇതേ കുറിച്ചുള്ള അന്തിമ വിവരങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ അറിയാന്‍ സാധിക്കും.


Click it and Unblock the Notifications








