സെല്‍റ്റോസിലുണ്ട് ക്രെറ്റയിലില്ല; ഈ ഫീച്ചറുകള്‍ വേണമെങ്കില്‍ കിയ തന്നെ ശരണം
ഇക്കഴിഞ്ഞ ഫെബ്രുവരി മാസവും ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം കാര്‍ വിറ്റഴിച്ചതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്. ഇന്ത്യയിലെ എട്ട് മുന്‍നിര കാര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ട വില്‍പ്പന കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തെ കഴിഞ്ഞ 11 മാസത്തില്‍ 8 മാസവും ഇന്ത്യയില്‍ കാര്‍ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടുവെന്നാണ് വ്യക്തമാക്കുന്നത്. .
ഇന്ത്യയില്‍ പാസഞ്ചര്‍ കാര്‍ വിപണി അതിവേഗം വളരുകയാണ്. ഇതില്‍ സുപ്രധാന പങ്കുവഹിച്ച വിഭാഗമാണ് സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (എസ്‌യുവി). വാഹനപ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ എസ്‌യുവികളോട് വല്ലാത്തൊരു പ്രേമം കണ്ടുവരുന്നുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയുടെ നട്ടെല്ലായിരുന്ന ചെറുകാറുകളുടെ വില്‍പ്പനക്കൊപ്പം തന്നെ എസ്‌യുവികളുടെയും വില്‍പ്പന കുതിച്ചുയരുകയാണ്.
ആഭ്യന്തര നിര്‍മാതാക്കളായ മഹീന്ദ്രയുടെ എസ്‌യുവികള്‍ വിപണിയില്‍ തുടര്‍ച്ചയായി ഹിറ്റടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വിദേശികളായ ഹ്യുണ്ടായിയുടെയും കിയയുടെയും കാറുകളും വില്‍പ്പന ചാര്‍ട്ടുകളില്‍ സ്ഥിരമായി ഓളം തീര്‍ക്കുന്നവരാണ്.

സി-എസ്‌യുവി സെഗ്മെന്റാണ് രാജ്യത്ത് സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തിയായി മാറിയത്. ഈ സെഗ്മെന്റിലെ രണ്ട് വമ്പന്‍മാരാണ് ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസും. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ വലിയൊരു പങ്കും ഇവ രണ്ടുമാണ്. രണ്ട് കാറുകളും അവ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍ കൊണ്ട് പേരെടുത്തവയാണ്. എന്നാല്‍ ഫീച്ചര്‍ ലിസ്റ്റ് താരതമ്യം ചെയ്യുമ്പോള്‍ സെല്‍റ്റോസ് ക്രെറ്റയുടെ ഒരുപടി മുകളില്‍ നില്‍ക്കും. ലേഖനത്തില്‍ സെല്‍റ്റോസില്‍ ഉള്ളതും ക്രെറ്റയില്‍ ഇല്ലാത്തതുമായ ചില ഫീച്ചറുകളാണ് നമ്മള്‍ നോക്കുന്നത്.
360-ഡിഗ്രി ക്യാമറ: വലിയ എസ്‌യുവികളില്‍ ഉണ്ടായിരിക്കേണ്ട ഒരു സുപ്രധാന സവിശേഷതയാണ് 360-ഡിഗ്രി ക്യാമറ. കാറിന്റെ എല്ലാ വശങ്ങളില്‍ നിന്നുമുള്ള കാഴ്ച നിങ്ങള്‍ക്ക് ലഭിക്കുമെന്നതിനാല്‍ ഇത് ഒരു അധിക സുരക്ഷ നിങ്ങളുടെ കാറിന് നല്‍കുന്നു. കിയ സെല്‍റ്റോസ് എസ്‌യുവി 360-ഡിഗ്രി ക്യാമറയുമായാണ് എത്തുന്നത്. അതേസമയം ഹ്യുണ്ടായി ക്രെറ്റയ്ക്ക് 360-ഡിഗ്രി ക്യാമറ ലഭിക്കുന്നില്ല.

ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍: ഇതിനകം 360-ഡിഗ്രി ക്യാമറയുമായി വരുന്ന സെല്‍റ്റോസിന് ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍ കൂടി നല്‍കി ലെവല്‍ ഒരുപടി കൂടി ഉയര്‍ത്തുകയാണ് കൊറിയന്‍ വാഹന ഭീമന്‍മാരായ കിയ. ഇടുങ്ങിയ സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഏറെ ഉപകാരപ്രദമാണ് ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍. ഹ്യുണ്ടായി ക്രെറ്റയിലേക്ക് വന്നാല്‍ കമ്പനി ഇതിന് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ നല്‍കിയെങ്കിലും ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ ലഭിക്കുന്നില്ല.
ഹെഡ്സ്-അപ്പ് ഡിസ്പ്ലേ: ഹെഡ്-അപ്പ് ഡിസ്‌പ്ലേ അല്ലെങ്കില്‍ HUD എന്നത് വിന്‍ഡ്‌സ്‌ക്രീനിലോ മറ്റേതെങ്കിലും സുതാര്യമായ പാനലിലോ ഉള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ കാണിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. ഇത് ഡ്രൈവര്‍ക്ക് മുന്നിലുള്ള റോഡില്‍ തന്റെ കാഴ്ച്ച നിലനിര്‍ത്താന്‍ അനുവദിക്കുന്നു. ചുരുക്കത്തില്‍ HUD ഡ്രൈവറുടെ ദൃശ്യപരതയെ ബാധിക്കാതെ സൂക്ഷിക്കുന്നുവെന്ന് പറയാം. തല്‍ഫലമായി ഇത് മികച്ച ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്നു. വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്ന ഈ സുപ്രധാന ഫീച്ചര്‍ സെല്‍റ്റോസില്‍ കാണുമ്പോള്‍ നമുക്ക് ക്രെറ്റയില്‍ കാണാന്‍ സാധിക്കില്ല.

ബ്ലൈന്‍ഡ് സ്പോട്ട് ഇന്‍ഡിക്കേറ്റര്‍: ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ സജീവമാകുന്ന ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററുമായാണ് കിയ സെല്‍റ്റോസ് വരുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലാണ് ഇത് ബ്ലൈന്‍ഡ് സ്പോട്ട് എവിടെയാണെന്ന് കാണിക്കുന്നത്. അല്ലാത്തപക്ഷം അത് ദൃശ്യമാകില്ല. നഗരയാത്രകളിലും ഹൈവേകളിലെ ലെയ്ന്‍ മാറ്റുമ്പോഴും ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറുകളില്‍ ഒന്നാണ് ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍.
റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍: കിയയുടെ ബെസ്റ്റ് സെല്ലര്‍ എസ്‌യുവിയായ സെല്‍റ്റോസ് റെയിന്‍ സെന്‍സിംഗ് വൈപ്പര്‍ ഫീച്ചറുമായാണ് വരുന്നത്. ഇതും ഏറെ സഹായകമാകുന്ന ഫീച്ചറാണ് റെയിന്‍ സെന്‍സിംഗ് വൈപ്പര്‍. വിന്‍ഡ്ഷീല്‍ഡില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടാല്‍ വൈപ്പറുകള്‍ ഓട്ടോമറ്റിക്കായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഇത് അത്ര ദുര്‍ലഭമായി കാറുകളില്‍ കണ്ടുവരുന്ന ഒരു ഫീച്ചര്‍ ഒന്നുമല്ല.
10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള നിരവധി കാറുകളില്‍ ഇന്ന് ഈ ഫീച്ചര്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ അതിശയകരമെന്നു പറയട്ടെ ജനപ്രിയനായ ഹ്യുണ്ടായി ക്രെറ്റയില്‍ ഇതില്ല. രാജ്യത്തെ ഏറ്റവും ജനപ്രിയമായ രണ്ട് എസ്‌യുവികളിലെ ഫീച്ചറുകളാണ് നമ്മള്‍ ഈ ലേഖനത്തില്‍ നോക്കിയത്. വില്‍പ്പനയുടെ കാര്യത്തില്‍ ക്രെറ്റ സെല്‍റ്റോസിനെ പിന്നിലാക്കുമെങ്കിലും ഫീച്ചറുകളുടെ കാര്യമെടുത്താല്‍ സെല്‍റ്റോസ് തന്നെയാണ് കേമന്‍.


Click it and Unblock the Notifications








