വാങ്ങുക അല്ലെങ്കില്‍ വിട്ടേക്കുക; ആളത്ര പോപ്പുലറല്ലെങ്കിലും ഈ കാറിന് ഡിസ്‌കൗണ്ട് കിട്ടില്ല!
കോവിഡ് മഹാമാരിക്ക് ശേഷം കഴിഞ്ഞ വര്‍ഷം ലോകത്താകമാനം വാഹന വിപണി ഉയര്‍ന്നു. രണ്ട് വര്‍ഷം കോവിഡ് തന്ന ക്ഷീണം പല കമ്പനികള്‍ ഒരു കൊല്ലത്തെ റെക്കോഡ് വില്‍പ്പന കൊണ്ട് തീര്‍ത്തു. ഒരു വശത്ത് തകൃതിയായി ഇലക്ട്രിക് വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുന്നു.
ഒപ്പം തന്നെ ഇന്ത്യന്‍ കാര്‍ വിപണിയും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ജപ്പാനെ മറികടന്ന് ഇന്ത്യ കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായും മാറിയ കാഴ്ച നാം കണ്ടു. പല വിദേശ കമ്പനികളും ഇന്ന് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഉത്സവ സീസണിലും മറ്റും കമ്പനികള്‍ വമ്പന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി വില്‍പ്പന പിടിക്കാറുണ്ട്. എന്നാല്‍ ഈ ഓഫറുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം അവരുടെ ജനപ്രിയ കാറുകള്‍ക്കൊന്നും അവര്‍ ഓഫറോ ഡിസ്‌കൗണ്ടോ നല്‍കില്ല.

അത് സ്വാഭാവികം എന്ന് നിങ്ങള്‍ ചിന്തിക്കാം. എന്നാല്‍ അത്ര പോപ്പുലര്‍ അല്ലാതിരുന്നിട്ടും. ഒട്ടും ഡിസ്‌കൗണ്ടും ഓഫറുമൊന്നും ലഭ്യമല്ലാത്ത ഒരു കാറുണ്ട്. സ്‌കോഡ ഒക്ടാവിയയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. എന്തുകൊണ്ടാണ് സ്‌കോഡ ഒക്ടാവിയക്ക് ഓഫര്‍ നല്‍കാത്തതിന്റെ കാരണമെന്നും തുടര്‍ന്ന് വായിക്കാം. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന വിവരം എല്ലവരും അറിഞ്ഞ് കാണും.
റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം കാറുകള്‍ നിരത്തില്‍ ഇറങ്ങേണ്ടത്. പല കമ്പനികളും ഇതിനോടകം ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനോട് കൂടി തങ്ങളുടെ ഉല്‍പ്പന്ന നിര പരിഷ്‌കരിക്കുന്ന തിരക്കിലാണ്. പല മോഡലുകളും ഇതിനോടകം വിപണിയില്‍ എത്തുകയും ചെയ്തു. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ വരുന്നതോടെ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ചില മോഡലുകളെ കുറിച്ചും നിങ്ങള്‍ വായിച്ചു കാണും. ആ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒരു കാറാണ് സ്‌കോഡ ഒക്ടാവിയ.

വരാനിരിക്കുന്ന ആര്‍ഡിഇ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ അപ്ഡേറ്റ് ചെയ്യാന്‍ സ്‌കോഡ ആഗ്രഹിക്കുന്നില്ല. ഇതിനര്‍ത്ഥം ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഒക്ടാവിയ ഏപ്രിലില്‍ നിര്‍ത്തലാക്കുമെന്നാണ്. ഏപ്രിലില്‍ സ്‌കോഡ ഒക്ടാവിയ നിര്‍ത്തലാക്കുന്നതായി മനസ്സിലാക്കി താല്‍പ്പര്യമുള്ള കസ്റ്റമേഴ്‌സ് ഇടിച്ച് കയറുകയാണ്. സ്‌കോഡ ഒക്ടാവിയയുടെ അവസാന യൂണിറ്റുകള്‍ക്ക് ഡിമാന്‍ഡ് അനുഭവപ്പെടുന്നതിനാല്‍ തന്നെ കാത്തിരിപ്പ് കാലയളവും വളരെ കൂടുതലായി മാറി.
CKD റൂട്ടിലൂടെ വരുന്നതിനാല്‍ തന്നെ വളരെ പരിമിതമായ യൂണിറ്റുകള്‍ മാത്രമേ ഇവിടെ ലഭ്യമായിട്ടുള്ളൂ. സ്‌കോഡയ്ക്ക് രാജ്യത്ത് ഒക്ടാവിയയുടെ അധികം കിറ്റുകള്‍ ഇല്ലാത്തതിനാല്‍ തന്നെ കാര്‍ കൈയ്യില്‍ കിട്ടാന്‍ ഉപഭോക്താക്കള്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. ലാറ്റിന്‍ ഭാഷയില്‍ എട്ട് എന്നാണ് ഒകടാവിയ എന്ന വാക്കിന്റെ അര്‍ഥം. യുദ്ധാനന്തരം ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ വിപണിയിലിറക്കിയ എട്ടാമത്തെ മോഡലും കൂടിയായിരുന്നു ഒക്ടാവിയ.

2001ലാണ് സ്‌കോഡ ഒക്ടാവിയ ഇന്ത്യന്‍ തീരത്തെത്തിയത്. പിന്നാലെ സ്‌കോഡയെന്നാല്‍ ഇന്ത്യയില്‍ ഒക്ടാവിയയെന്നായി മാറി. ഡിസൈന്‍, ടെക്‌നോളജി, സുഖകരമായ ഡ്രൈവിങ് എന്നിവയിയിലൂടെ ഒക്ടാവിയ നിരവധി ആരാധകരെയും സ്വന്തമാക്കി. സ്‌കോഡ ഒക്ടാവിയയുടെ നാലാം തലമുറ പതിപ്പാണ് ഇപ്പോള്‍ രാജ്യത്ത് വില്‍പ്പനക്കുള്ളത്. സ്‌കോഡയുടെ MQB EVO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം. 190 എച്ച്പി കരുത്തും 320 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്.
മുമ്പ ഓഫര്‍ ചെയ്തിരുന്ന 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനെക്കാള്‍ കരുത്തനാണ് പുതിയ പെട്രോള്‍ എഞ്ചിന്‍. എഞ്ചിന്‍ 7 സ്പീഡ് DSG ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, മേപ്പിള്‍ ബ്രൗണ്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് സ്‌കോഡ ഒക്ടാവിയ ലഭ്യമാകുന്നത്. സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളോട് ആളുകള്‍ കാണിച്ച് തുടങ്ങിയ ഭ്രമം ആഡംബര സെഡാന്‍ സെഗ്‌മെന്റിനെ തളര്‍ത്തി.
ഇതോടെ ഒക്ടാവിയയുടെ എതിരാളികളായ ഹോണ്ട സിവിക്, ഫോക്‌സ്‌വാഗണ്‍ ജെറ്റ, ടൊയോട്ട കൊറോള ആള്‍ട്ടിസ് എന്നിവ വിടവാങ്ങി. ഇന്നും സെഗ്‌മെന്റില്‍ വില്‍പ്പനയില്‍ തുടരുന്ന ഏക കാര്‍ സ്‌കോഡ ഒക്ടാവിയയാണ്. അതിനാല്‍ തന്നെ സാമാന്യം നല്ല വിലയില്‍ ഒരു ആഢംബര സെഡാന്‍ വാങ്ങാന്‍ നോക്കുന്നവര്‍ക്ക് വേറെ ഓപ്ഷനില്ല. അത്‌കൊണ്ട് തന്നെ ഒക്ടാവിയക്ക് സ്‌കോഡ വിലക്കിഴിവും കൊടുക്കുന്നില്ല. ഒന്നുകില്‍ വാങ്ങുക. അല്ലെങ്കില്‍ വിട്ടേക്കുക എന്നതാണ് സ്‌കോഡയുടെ ലൈന്‍.


Click it and Unblock the Notifications