സേഫ്റ്റിയില്‍ 'തോല്‍വി'യാണെങ്കിലും ഈ 3 കാറുകള്‍ വിറ്റഴിക്കപ്പെടുന്നത് ചൂടപ്പം പോലെ
ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ പരിഗണിച്ച് വരുന്ന കാര്യങ്ങള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ബജറ്റും മൈലേജുമെല്ലാം കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന ഘട്ടത്തില്‍ നിന്ന് മാറി ഇന്ന് സേഫ്റ്റി നോക്കി കാര്‍ വാങ്ങുന്ന പ്രവണത ഉയര്‍ന്നുവന്നിട്ടുണ്ട്. ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിംഗ് സ്വന്തമാക്കിയ കാറുകള്‍ വിപണിയില്‍ ഹിറ്റാകുന്നത് അതിന് ഉദാഹരണമാണ്.
എന്നാല്‍ സേഫ്റ്റി പ്രധാനമായി ഉപഭോക്തൃ പരിഗണനയാകുന്ന ഇക്കാലത്തും സുരക്ഷയുടെ കാര്യത്തില്‍ ലോക 'തോല്‍വി'യായിട്ടും വില്‍പ്പന പൊടിപൊടിക്കുന്ന ചില കാര്‍ മോഡലുകളുണ്ട്. അധികം ചിന്തിക്കാതെ തന്നെ അത് ഏത് കമ്പനിയുടെ കാറുകളായിരിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് പിടികിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റാരുടെയുമല്ല ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മൂന്ന് കാറുകളാണ് കാര്യമായ സേഫ്റ്റി റേറ്റിംഗില്ലാതെയും വില്‍പ്പന വാരിക്കൂട്ടുന്നത്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മാരുതി സുസുക്കി വാഗണ്‍ആര്‍: സ്ഥിരമായി വില്‍പ്പന ചാര്‍ട്ടുകളില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കുന്ന മാരുതി കാറുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. അപ്പ്ഡേഷന്‍, ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍, ഡിസൈന്‍, പെര്‍ഫോമന്‍സ് എന്നിവിലൂടെയാണ് വാഗണ്‍ആര്‍ ഉപഭോക്താക്കളുടെ കണ്ണിലുണ്ണിയായി മാറിയത്. ഇതുവരെ ഏകദേശം 30 ലക്ഷം യൂണിറ്റുകള്‍ക്ക് മുകളില്‍ വാഗണ്‍ആറുകള്‍ മാരുതി വിറ്റഴിച്ചിട്ടുണ്ട്.
ഗ്ലോബല്‍ NCAP-ന്റെ പുതിയ സേഫ്റ്റി പ്രോട്ടോകോള്‍ അനുസരിച്ച് ക്രാഷ് ടെസ്റ്റിന് വിധേയമായ വാഗണ്‍ആര്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തിന് 1 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിന് 0 സ്റ്റാര്‍ റേറ്റിംഗുമാണ് നേടിയത്. എന്നാല്‍ 16567 യൂണിറ്റ് വില്‍പ്പനയുമായി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറായി വാഗണ്‍ആര്‍ മാറിയിരുന്നു. അടുത്ത തലമുറ വാഗണ്‍ആറിന് സ്ലൈഡിംഗ് ഡോറുകള്‍ ലഭിക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ന്യൂജെന്‍ വാഗണ്‍ആറിന് നിലവിലുള്ള 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ അവതരിപ്പിക്കുന്ന 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി പെട്രോള്‍ എഞ്ചിനും ഒരുപക്ഷേ ഭാവിയില്‍ വാഗണ്‍ആറില്‍ സാന്നിധ്യം അറിയിച്ചേക്കാം. നിലവില്‍ 5.54 ലക്ഷം രൂപ മുതല്‍ 7.31 ലക്ഷം രൂപ വരെയാണ് ജനപ്രിയ വാഹനത്തിന്റെ എക്സ്ഷോറൂം വില പോകുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റ്: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ഫസ്റ്റ് ചോയ്‌സുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. എന്നാല്‍ ഇടിക്കൂട്ടില്‍ തിളങ്ങാന്‍ ജനപ്രിയന് സാധിച്ചിരുന്നില്ല. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംരക്ഷണയില്‍ 1 സ്റ്റാര്‍ മാത്രമാണ് സ്വിഫ്റ്റിന് നേടാന്‍ സാധിച്ചത്. എന്നിരുന്നാലും പോയമാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ മൂന്നാമത്തെ കാറായി മാറാന്‍ സ്വിഫ്റ്റിനായിരുന്നു.

2023 നവംബറില്‍ 15,311 സ്വിഫ്റ്റ് കാറുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. ഡിസംബര്‍ ആറിന് സുസുക്കി സ്വിഫ്റ്റിന്റെ ന്യുജെന്‍ പതിപ്പ് ജപ്പാനില്‍ പുറത്തിറക്കിയിരുന്നു. കാലാനുസൃതമായ മാറ്റങ്ങളും അപ്‌ഡേറ്റുകളുമായിട്ടാണ് സ്വിഫ്റ്റ് അരങ്ങേറിയത്. XG, ഹൈബ്രിഡ് MX, ഹൈബ്രിഡ് MZ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലായാണ് പുതിയ സ്വിഫ്റ്റ് വില്‍പ്പനക്കെത്തിയത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ഇത് വാങ്ങാം.
സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 23.4 കിലോമീറ്റര്‍ ക്ലെയിംഡ് മൈലേജ് ആണ് പറയുന്നത്. അതേസമയം ഹൈബ്രിഡ് പെട്രോള്‍ കോണ്‍ഫിഗറേഷന്‍ WLTP സൈക്കിളില്‍ ലിറ്ററിന് 24.5 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 2024-ല്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്വിഫ്റ്റിന് Z12E എഞ്ചിന്‍ തന്നെയായിരിക്കുമെങ്കിലും കരുത്തേകുക. 5.99 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ സ്വിഫ്റ്റിന്റെ വില ആരംഭിക്കുന്നത്.

മാരുതി സുസുക്കി ആള്‍ട്ടോ K10: ചെറുകാര്‍ വിഭാഗത്തില്‍ വിപ്ലവം തീര്‍ത്ത മാരുതി മോഡലാണ് ആള്‍ട്ടോ K10. വിപണിയില്‍ എത്തിയ അന്ന് മുതല്‍ സാധാരണക്കാരായ ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയുന്നതിനായി സഹായിച്ച നെയിംപ്ലേറ്റാണ് ആള്‍ട്ടോ. വിപണിയില്‍ ചൂടപ്പം പോലെ വിറ്റുതീരുന്നുവെങ്കിലും ഇടിക്കൂട്ടില്‍ കാറിന് മികച്ച റേറ്റിംഗ് നേടാന്‍ സാധിച്ചിരുന്നില്ല.
ഗ്ലോബല്‍ NCAP ക്രാഷ്‌ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സംരക്ഷണയില്‍ 2 സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സംരക്ഷണയില്‍ 0 സ്്റ്റാര്‍ റേറ്റിംഗുമാണ് കുഞ്ഞന്‍ കാര്‍ സ്വന്തമാക്കിയത്. എസ്‌യുവി ജ്വരത്തിനിടയില്‍ വില്‍പ്പന അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും നവംബറില്‍ 8076 യൂണിറ്റ് വിറ്റഴിക്കാന്‍ സാധിച്ചു. 66 bhp പവറില്‍ പരമാവധി 89 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ആള്‍ട്ടോ K10-ന് കരുത്തേകുന്നത്.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ ബോക്‌സ് ഓപ്ഷനില്‍ വാങ്ങാം. പെട്രോളിന് പുറമെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിലും ആള്‍ട്ടോ K10 സ്വന്തമാക്കാനാവും. കിലോഗ്രാമിന് 33.85 എന്ന ഉയര്‍ന്ന മൈലേജാണ് ആള്‍ട്ടോ K10 സിഎന്‍ജിക്ക് വാഗ്ദാനം ചെയ്യുന്നത്. 3.99 ലക്ഷം രൂപ മുതലാണ് ആള്‍ട്ടേയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.


Click it and Unblock the Notifications