മാരുതി സുസുക്കി പട്ടികയിലേ ഇല്ല! ലോകത്തിലെ ഏറ്റവും വിശ്വസിനീയമായ 10 കാര്‍ ബ്രാന്‍ഡുകള്‍ ഇവയാണ്...
ഒരാള്‍ കാര്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന ഒന്നാണ് ബ്രാന്‍ഡിന്റെ വിശ്വാസ്യത. ചില ബ്രാന്‍ഡുകള്‍ വിശ്വാസ്യത മുഖമുദ്രയാക്കുമ്പോള്‍ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലാത്തത് വിനയാകുന്ന കമ്പനികളുമുണ്ട്. ഇപ്പോള്‍ 2023-ലെ ഏറ്റവും വിശ്വാസ്യതയുള്ള 10 കാര്‍ ബ്രാന്‍ഡുകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്.
2000 മുതല്‍ 2023 മോഡല്‍ ഇയറിലുള്ള 3.3 ലക്ഷം വാഹനങ്ങളുടെ ഡേറ്റയാണ് റിപ്പോര്‍ട്ടിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചില 2024 മോഡല്‍ ഇയര്‍ വാഹനങ്ങളെയും പരിഗണിച്ചിട്ടുണ്ട്. ടോപ് 10 പട്ടികയില്‍ നമുക്ക് സുപരിചിതമായ നിരവധി ബ്രാന്‍ഡുകളുണ്ട്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ചില കമ്പനികളെ കാണാന്‍ സാധിച്ചെന്ന് വരില്ല. അത് വിശദമായി നമുക്ക് നോക്കാം.

1. ലെക്‌സസ്: ജാപ്പനീസ് വാഹന ഭീമന്‍മാരായ ടൊയോട്ടയുടെ ആഡംബര വാഹന ഡിവിഷനാണ് ലെക്‌സസ്. 2023-ലെ ഏറ്റവും വിശ്വസനീയമായ കാര്‍ ബ്രാന്‍ഡായ റാങ്ക് ചെയ്യപ്പെട്ടത് ലെക്‌സസാണ്. കസ്റ്റമര്‍ റിപ്പോര്‍ട്ട് 2023-ല്‍ ലെക്‌സ് 100-ല്‍ 79 സ്‌കോര്‍ ചെയ്തു. സ്ഥിരമായി ഉപഭോക്താക്കള്‍ക്ക് തടസരഹിതമായ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് നല്‍കുക വഴിയാണ് ലെക്‌സസിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.
2. ടൊയോട്ട: ലെക്‌സസിന്റെ മാതൃ കമ്പനിയായ ടൊയോട്ടയാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 100-ല്‍ 76 പ്രെഡിക്ടഡ് റിലയബിലിറ്റി സ്‌കോര്‍ നേടി ടൊയോട്ട ഒരിക്കല്‍ കൂടി തങ്ങളുടെ വിശ്വാസ്യത തെളിയിച്ചു. വരും വര്‍ഷങ്ങളില്‍ ഈ സ്‌കോര്‍ ഇനിയും മെച്ചപ്പെടുത്താനാകും ടൊയോട്ടയുടെ ശ്രമം. കൂടുതല്‍ ഉപഭോക്തൃ-സൗഹൃദ കാറുകളും ട്രക്കുകളും നിര്‍മിച്ചാണ് ടൊയോട്ട ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചത്. ഇന്ത്യയിലാണെങ്കിലും ടൊയോട്ടയുടെ വില്‍പ്പന മെച്ചപ്പെടുന്ന കാഴ്ചയാണ്.

3. മിനി: ജര്‍മനിയില്‍ നിന്നുള്ള ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ഒരു ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡാണ് മിനി. സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാന്‍ഡുകളില്‍ ഒന്നായ മിനി വിശ്വാസ്യതയുടെ കാര്യത്തിലും മുന്‍പന്തിയിലാണ്. പട്ടികയില്‍ മൂന്നാം സ്ഥാനം നേടി മിനി ഏവരെയും ഞെട്ടിച്ചു. കസ്റ്റമര്‍ റിപ്പോര്‍ട്ട് 2023-ല്‍ 71 ആണ് മിനിയുടെ പ്രെഡിക്ടഡ് റിലയബിലിറ്റി സ്‌കോര്‍.
4. അക്യൂറ: നമ്മില്‍ പലരും ഈ ഒരു ബ്രാന്‍ഡിനെ കുറിച്ച് കേട്ടുകാണില്ല. എന്നാല്‍ ഈ ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ ഹേണ്ടയെ എല്ലാവര്‍ക്കും പരിചയമുണ്ടാകും. ഹോണ്ടയുടെ ലക്ഷ്വറി സബ് ബ്രാന്‍ഡാണ് അക്യൂറ. ആഡംബര കാര്‍ ബ്രാന്‍ഡ് റിലയബിലിറ്റി സ്‌കോര്‍ 70 നേടിയാണ് പട്ടികയില്‍ നാലാമതെത്തിയത്. ഉപഭോക്താക്കളുടെ ഡ്രൈവിംഗ് ശൈലിക്ക് അനുയോജ്യമായ പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന ഉയര്‍ന്ന നിലവാരമുള്ള കാറുകളാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

5. ഹോണ്ട: പട്ടികയില്‍ ടെയോട്ട ലെക്‌സസിന് പിന്നിലായ പോലെ ഹോണ്ടയും വിശ്വാസ്യതയുടെ കാര്യത്തില്‍ അക്യൂറയുടെ പിന്നിലാണ്. സബ് ബ്രാന്‍ഡിനെ പോലെ ഹോണ്ടയുടെയും റിലയബിലിറ്റി സ്‌കോര്‍ 70 ആണ്. മികച്ച വിശ്വാസ്യതയും മൂല്യവും നല്‍കുന്നവയാണ് ഹോണ്ടയുടെ പ്രധാനപ്പെട്ട മോഡലുകള്‍. ഇടക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഗ്രിപ്പ് നഷ്ടപ്പെട്ടെങ്കിലും എലിവേറ്റ് എന്ന മിഡ്‌സൈസ് എസ്‌യുവിയിലൂടെ പിടിച്ചുകയറുന്നുണ്ട് ഹോണ്ട.
6. സുബാരു: ജപ്പാനില്‍ നിന്നുള്ള ഈ വാഹന നിര്‍മാതാവിന്റെ പേരും പലരും കേട്ടുകാണില്ല. ഫ്യുജി ഹെവി ഇന്‍ഡസ്ട്രീസ് എന്നാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്. ടൊയോട്ടക്ക് ഈ കമ്പനിയില്‍ 20 ശതമാനം ഓഹരിയുണ്ട്. ടൊയോട്ടയെ പോലെ വിശ്വാസ്യതയുടെ കാര്യത്തില്‍ സുബാരുവും മികച്ച് നില്‍ക്കുന്നു. 69 ആണ് ബ്രാന്‍ഡിന്റെ റിലയബിലിറ്റി സ്‌കോര്‍. പരുക്കന്‍ രൂപത്തിലുള്ള കാറുകള്‍ക്ക് പേരുകേട്ട ബ്രാന്‍ഡാണ് സുബാരു. മാത്രമല്ല സുബാരുവിന്റെ ഉല്‍പ്പന്നങ്ങള്‍ ഓള്‍-വീല്‍ ഡ്രൈവ് ശേഷിയുടെ കാര്യത്തിലും മികച്ചതാണ്.

7. മസ്ദ: ഉപഭോക്തൃ വിശ്വാസ്യതയുടെ കാര്യത്തില്‍ ഏഴാം സ്ഥാനത്താണ് നമുക്കെല്ലാം സുപരിചിതമായ മസ്ദ. ഇതും ഒരു ജാപ്പനീസ് ബ്രാന്‍ഡാണ്. 67 ആണ് മസ്ദ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മസ്ദ കാറുകള്‍ ലുക്കിലും ഡ്രൈവിംഗ് എക്‌സ്പീരിയന്‍സിലും മാത്രമല്ല വിശ്വാസ്യതയുടെ കാര്യത്തിലും തിളങ്ങുന്നു. പോര്‍ഷെ, ബിഎംഡബ്ല്യു, കിയ എന്നീ ബ്രാന്‍ഡുകളാണ് എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍.
സ്‌പോര്‍ട്‌സ് കാറുകള്‍ക്കിടയിലെ വിശ്വാസ്യതയുള്ള ബ്രാന്‍ഡായി മാറിയ പോര്‍ഷ റിലയബിലിറ്റി സ്‌കോറില്‍ 66 നേടിയാണ് എട്ടാമതെത്തിയത്. ജര്‍മന്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു 64 പോയിന്റുമായി ഒമ്പതാമതെത്തി. ആഡംബരവും പെര്‍ഫോമന്‍സും ഒത്തുചേരുന്ന ബിഎംഡബ്ല്യു കാറുകള്‍ ഉപഭോക്താക്കളുടെ വിശ്വാസ്യതയും കാക്കുന്നുവെന്ന് പറയാം. താങ്ങാവുന്ന വിലയില്‍ നമുക്ക് വിശ്വസിച്ച് വാങ്ങാവുന്ന കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയായി മാറിയിരിക്കുകയാണ് കൊറിയക്കാരായ കിയ. 61 പോയിന്റുമായി പട്ടികയില്‍ പത്താമതാണ് കിയ.

എന്നാല്‍ കിയയുടെ സഹോദര ബ്രാന്‍ഡായ ഹ്യുണ്ടായിക്ക് ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല. മാത്രമല്ല ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ മാരുതി സുസുക്കിയും പട്ടികയിലില്ല. സേഫ്റ്റിയുടെ കാര്യത്തില്‍ വേറെ ലെവലായ ടാറ്റയുടെ കാറുകള്‍ക്കും വിശ്വാസ്യതയുടെ കാര്യത്തില്‍ മുന്നേറാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സിന്റെ ഈ പട്ടികയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








