'ഇടിക്കൂട്ടില്‍ പത്താള് കൂടണതിന് നടുവില്‍ കിട്ടണം'; ഭാരത് NCAP-ല്‍ പരീക്ഷിക്കപ്പെടേണ്ട 5 കാറുകള്‍
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയുടെ സ്വന്തം ക്രാഷ്ടെസ്റ്റ് എന്ന ആശയം യാഥാര്‍ഥ്യമായിരിക്കുകയാണ്. ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് (ഭാരത് NCAP) കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓഗസ്റ്റ് 22-ന് ഔദ്യോഗികമായി സമാരംഭം കുറിച്ചിരിക്കുകയാണ്. ഇതോടെ വാഹന നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കായി ഹാജരാക്കാന്‍ സാധിക്കും.
2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ഇന്ത്യയുടെ സ്വന്തം ഇടിപ്പരീക്ഷക്കായി ഇതിനകം 30-ലധികം കാറുകള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പല ജനപ്രിയ കാറുകളും ഇതിനകം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമായിട്ടുണ്ട്. സുരക്ഷാ വിലയിരുത്തലുകള്‍ നടത്തിയിട്ടില്ലാത്ത ചില കാറുകള്‍ ഇന്ന് നമ്മുടെ വിപണിയില്‍ വിലസുന്നുണ്ട്. ഭാരത് NCAP-ന് കീഴില്‍ പരീക്ഷിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന 5 കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മാരുതി ഫ്രോങ്ക്‌സ്: ഈ വര്‍ഷം മാരുതി വിപണിയില്‍ എത്തിച്ച ക്രോസ്ഓവര്‍ എസ്‌യുവി വില്‍പ്പന ചാര്‍ട്ടുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് മോഡലിന്റെ നിര്‍മാണം. മാരുതി ബലേനോക്ക് പക്ഷേ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 0 റേറ്റിംഗ് മാത്രമാണ് നേടാനായത്.
എന്നാല്‍ നിലവിലുള്ള മോഡലിനെപ്പോലെ അത്ര ശക്തമായ സുരക്ഷ സവിശേഷതകള്‍ മുന്‍ ആവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആറ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭിക്കുന്നതിനാല്‍ പുതിയ ബലേനോക്ക് ക്രാഷ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കും. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി ഇടിക്കൂട്ടില്‍ കയറ്റിയാല്‍ അതിന്റേതായ സുരക്ഷാ കഴിവുകള്‍ മനസ്സിലാക്കുന്നതോടൊപ്പം പുതിയ ബലേനോയുടെ സുരക്ഷയും മനസ്സിലാക്കാം.
ആറ് എയര്‍ബാഗുകള്‍, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഇബിഡി, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, 360-ഡിഗ്രി ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 7.46 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്‌സ്‌ഷോറൂം വില.
മാരുതി ഗ്രാന്‍ഡ് വിറ്റാര: മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മാരുതിയുടെ തുറുപ്പുചീട്ടാണ് ഗ്രാന്‍ഡ് വിറ്റാര. ഹൈബ്രിഡ് ഹൃദയവുമായി 2022 സെപ്റ്റംബറില്‍ അരങ്ങേറിയ ഗ്രാന്‍ഡ് വിറ്റാര അതിവേഗം ജനഹൃദയങ്ങള്‍ കീഴടക്കി. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഗ്രാന്‍ഡ് വിറ്റാരക്കൊപ്പം മത്സരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവ ഇതിനം സേഫ്റ്റിയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയവയാണ്. കിയ സെല്‍റ്റോസിനോട് ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ഗ്രാന്‍ഡ് വിറ്റാരക്ക് മികച്ച സേഫ്റ്റി റേറ്റിംഗ് കൂടി നേടാനായാല്‍ അതൊരു പ്ലസാകും.

അതിനാല്‍ മാരുതി ഭാരത് NCAP ക്രാഷ് ടെസ്റ്റിംഗിന് വിധേയമാക്കുന്ന ആദ്യ കാറുകളില്‍ ഒന്ന് ഗ്രാന്‍ഡ് വിറ്റാരയായേക്കും. ആറ് എയര്‍ബാഗുകള്‍, എബിഎസ,് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകള്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ലഭിക്കുന്നു. 10.70 ലക്ഷം മുതല്‍ 19.99 ലക്ഷം വരെയാണ് മിഡ്‌സൈസ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.
മഹീന്ദ്ര ബൊലേറോ: ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്നുള്ള ജനപ്രിയ മോഡലാണ് ബൊലേറോ. ബോക്സി ശൈലിയിലുള്ള ഈ പരുക്കന്‍ എസ്‌യുവി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്. സമീപകാലത്തായി സേഫ്റ്റിയില്‍ കൂടി ശ്രദ്ധയുന്നുന്ന മഹീന്ദ്രയുടെ XUV700, സ്‌കോര്‍പിയോ N എന്നീ എസ്‌യുവികള്‍ക്ക് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടാനായിരുന്നു.

രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ വളരെ ജനപ്രിയമായ ബൊലേറോ എസ്‌യുവി പക്ഷേ ഇതുവരെ അതിന്റെ സേഫ്റ്റി അളന്നിട്ടില്ല. BNCAP-ല്‍ ബൊലേറോ എസ്‌യുവി അതിന്റെ കഴിവ് തെളിയിച്ചാല്‍ വില്‍പ്പനക്ക് കൂടുതല്‍ സഹായകമായിരിക്കും. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ഇതിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നത്. 9.78 ലക്ഷം മുതല്‍ 10.79 ലക്ഷം രൂപ വരെയാണ് ബൊലേറോയുടെ വില.
മാരുതി ഡിസയര്‍: പട്ടികയില്‍ ഇടംപിടിച്ച ഏക സെഡാനാണ് മാരുതി സുസുക്കി ഡിസയര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് ഈ കോംപാക്ട് സെഡാന്‍. 11,000 യൂണിറ്റുകളാണ് പ്രതിമാസ ശരാശരി വില്‍പ്പന. എന്നാല്‍ ഡിസയര്‍ ഇൗ വര്‍ഷമാദ്യം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായപ്പോള്‍ 1 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ലഭിച്ചത്.

സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. ഈ കാറും BNCAP-ല്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാന്‍ ആഗ്രഹിക്കുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് ഡിസയറിന്റെ നിലവിലെ പതിപ്പിലുള്ള സേഫ്റ്റി ഫീച്ചറുകള്‍. 6.51 ലക്ഷം മുതല്‍ 9.39 ലക്ഷം വരെയാണ് സെഡാന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.
ഹ്യുണ്ടായി എക്സ്റ്റര്‍: ഇന്ത്യന്‍ വിപണിയിലെ ഹ്യുണ്ടായിയുടെ സമീപകാലത്തെ ഹിറ്റ് മോഡലാണ് എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി. ചുരുങ്ങിയ കാലം കൊണ്ട് ബെസ്റ്റ് സെല്ലര്‍ കാറുകളുടെ പട്ടികയില്‍ ഇടം നേടാന്‍ എക്‌സ്റ്ററിനായി. GNCAP ക്രാഷ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ഗ്രാന്‍ഡ് i10 നിയോസിന്റെ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്റ്ററിന്റെ നിര്‍മാണം.

എന്നാല്‍ സേഫ്റ്റിക്ക് പേരുകേട്ട ടാറ്റ പഞ്ചിനോട് മത്സരിക്കുന്നതിനാല്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ഹ്യുണ്ടായി എസ്‌യുവിക്ക് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ എക്സ്റ്റര്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നറിയാന്‍ ആകാംക്ഷയുണ്ട്.
ഇബിഡി, എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ എക്സ്റ്ററിന്റെ മറ്റ് സുരക്ഷാ സവിശേഷതകളാണ്. 6 ലക്ഷം മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായിയുടെ ഈ എൻട്രി ലെവൽ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








