ചുമ്മാ ഒരു കാർ ആക്കണ്ട, കുറച്ച് സ്പെഷ്യൽ ആയിക്കോട്ടെ; ഉത്സവസീസണില്‍ വാങ്ങാന്‍ പറ്റിയ 5 സ്‌പെഷ്യല്‍ എഡിഷനുകൾ
ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഓട്ടോമൊബൈല്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെടുന്നത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ നീളുന്ന ഉത്സവകാലത്താണ്. ഉപഭോക്താക്കള്‍ കൂടുതലായി ഷോറൂമുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഇക്കാലത്ത് ഉപഭോക്തൃ വികാരം മുതലെടുക്കാനായി കാര്‍ കമ്പനികള്‍ നിരവധി ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കാറുണ്ട്.
മാസ്-മാര്‍ക്കറ്റ് വിഭാഗത്തിലും ആഡംബര വിഭാഗത്തിലും സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ കൊണ്ടുവന്ന് സീസണ്‍ കളറാക്കാനാണ് വാഹന നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കാറ്. ഈ വര്‍ഷത്തെ ഉത്സവ സീസണിലും നിരവധി കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. സ്പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ അവയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളുമായി തട്ടിച്ച്‌നോക്കുമ്പോള്‍ ചില കോസ്മെറ്റിക് അപ്ഡേറ്റുകളും പുത്തന്‍ ഫീച്ചറുകളും ലഭിക്കുന്നു.

പ്രത്യേക പെയിന്റ് തീമുകള്‍, പ്രീമിയം ഫീച്ചറുകള്‍, സ്‌പെഷ്യല്‍ ബാഡ്ജിംഗ്, മറ്റ് നൂതന സവിശേഷതകള്‍ എന്നിവയോടെയാണ് ഇവ വരിക. ഒരു സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ വാങ്ങി ഈ ഉത്സവ സീസണ്‍ കളറാക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ. എന്നാല്‍ അടുത്തിടെ വിപണിയില്‍ എത്തിയ ചില മാസ് മാര്‍ക്കറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ കാറുകളെ പരിചയപ്പെടാം.
നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷന്‍: എസ്‌യുവിയുടെ ബ്ലാക്ക് എഡിഷനാണിതെന്ന് പറയാം. ബ്ലാക്ക് എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ തീമിലാണ് കുറോ എഡിഷന്‍ വരുന്നത്. XV ട്രിം അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. XV MT, ടര്‍ബോ XV MT, ടര്‍ബോ XV CVT എന്നിവ ഉള്‍പ്പെടുന്ന മൂന്ന് ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. 11000 രൂപ ടോക്കണ്‍ തുക നല്‍കി എസ്‌യുവി ഇപ്പോള്‍ ബുക്ക് ചെയ്യാം. 8.27 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ഹോണ്ട അമേസ് എലൈറ്റ് എഡിഷന്‍: സെഡാന്റെ ടോപ് സ്‌പെക് VX ട്രിമ്മിനെ അടിസ്ഥാനപ്പെടുത്തിയാണിത്. മാനുവല്‍, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ കാര്‍ വാങ്ങാന്‍ സാധിക്കും. എല്‍ഇഡി ഉള്ള ട്രങ്ക് സ്പോയിലര്‍, ഫ്രണ്ട് ഫെന്‍ഡര്‍ ഗാര്‍ണിഷിംഗ്, ORVM-കളിലെ ആന്റി-ഫോഗ് ഫിലിം, ഒരു 'എലൈറ്റ് എഡിഷന്‍' ബാഡ്ജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. 9.0 ലക്ഷം മുതല്‍ 9.86 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
റെനോ ക്വിഡ്, കൈഗര്‍, ട്രൈബര്‍ അര്‍ബന്‍ നൈറ്റ് ലിമിറ്റഡ് എഡിഷന്‍: റെനോ മോഡലുകളുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്‌റ്റെല്‍ത്ത് ബ്ലാക്ക് സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍ ആക്‌സന്റുകളുടെ സംയോജനത്തോട് കൂടിയ പുതിയ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് ഇവ വരുന്നത്. സ്മാര്‍ട്ട് മിറര്‍ മോണിറ്റര്‍, നൂതനമായ ആംബിയന്റ് ലൈറ്റിംഗ്, ക്യാബിനിനുള്ളിലെ ഇലുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് ടോപ് സ്‌പെക് വേരിയന്റിനേക്കാള്‍ 15,000 രൂപ അധികം മുടക്കിയാല്‍ ഈ മോഡലുകള്‍ സ്വന്തമാക്കാം.

സ്‌കോഡ കുഷാഖ് ഒനിക്സ് പ്ലസ്: മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമാണ് മിഡ്‌സൈസ് എസ്‌യുവിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വാങ്ങാന്‍ സാധിക്കുക. പുതിയ R16 ഗ്രസ് അലോയ്കളും വിന്‍ഡോ ക്രോം ഗാര്‍ണിഷും ഫ്രണ്ട് ഗ്രില്‍ റിബുകളിലും ട്രങ്കിലും ക്രോം ആക്സന്റുകളുമായിട്ടാണ് ഇത് വരുന്നത്. 1.0 TSI എഞ്ചിനാണ് ഒനിക്‌സ് പ്ലസിന് കരുത്തേകുന്നത്. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ നിറങ്ങളില്‍ മാത്രമായിരിക്കും ഇത് ലഭ്യമാകുക. 11.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇത് വില്‍ക്കുന്നത്.
എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം പതിപ്പ്: വിവിധ ഭാഗങ്ങളില്‍ ക്രോം ഗാര്‍ണിഷിംഗും സ്റ്റാറി ബ്ലാക്ക് എക്സ്റ്റീരിയര്‍ കളറും എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം പതിപ്പിന്റെ പ്രീമിയം ലുക്ക് വര്‍ധിപ്പിക്കുന്നു. ഫ്രണ്ട് ഫെന്‍ഡറുകള്‍ പോലെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക് എഡിഷന്‍ ബാഡ്ജുകള്‍ എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം പതിപ്പിൽ ഉണ്ട്.

പനോരമിക് സണ്‍റൂഫ്, ഓള്‍-ബ്ലാക്ക് ഹണികോംബ് പാറ്റേണ്‍ ഗ്രില്‍, റെഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക് അലോയ് വീലുകള്‍, ബ്ലാക്ക് ഫിനിഷ് ഹെഡ്ലാമ്പുകള്‍, ഗ്ലോസി ബ്ലാക്ക് ഡോര്‍ ഗാര്‍ണിഷ്, ബ്ലാക്ക് ഫിനിഷ് റൂഫ് റെയിലുകള്‍ എന്നിവ മോഡലിന് ലഭിക്കുന്നു. 14.47 ലക്ഷം മുതല്‍ 15.76 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications