കീശ കീറാതെ മികച്ച മൈലേജാണോ വേണ്ടത്? ഇന്ത്യയിൽ 10 ലക്ഷം ബജറ്റിൽ വരുന്ന മൈലേജ് കാറുകൾ ഇതാ
ഒരു പുതിയ കാർ വാങ്ങുന്നതിന് മുമ്പ് ഇന്ത്യൻ ഉപഭോക്താക്കൾ പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഇന്ധനക്ഷമത അല്ലെങ്കിൽ മൈലേജ് എന്നത്. 10 ലക്ഷത്തിൽ താഴെ വിലയുള്ള ബജറ്റ് കാറുകളാണ് ഇപ്പോഴും ഇന്ത്യൻ വാഹന വ്യവസായം ഭരിക്കുന്നത് എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം.
കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ വാഗൺആർ ബജറ്റ് ടോൾ ബോയ് ഹാച്ച്ബാക്ക് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. 10 ലക്ഷത്തിൽ താഴെ ചെലവ് വരുന്ന ഇന്ത്യയിലെ മികച്ച മൈലേജ് കാറുകൾ ഏതെല്ലാം എന്ന് നമുക്ക് ഒന്നു നോക്കാം.

മാരുതി സുസുക്കി സെലേറിയോ: നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും മൈലേജ് നൽകുന്ന കാറാണ് സെലേരിയോ എന്ന കുഞ്ഞൻ ഹാച്ച്. വാഗൺആറിനും ആൾട്ടോ K 10 നും കരുത്ത് പകരുന്ന അതേ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിലും വരുന്നത്. പെട്രോൾ മോഡിൽ, പവർട്രെയിൻ 66 bhp മാക്സ് പവറും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.
CNG പതിപ്പ് 56 bhp കരുത്തും 82 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. മാനുവൽ ഗിയർബോക്‌സിനൊപ്പം ലിറ്ററിന് 25.17 കിലോമീറ്ററും AMT യൂണിറ്റിനൊപ്പം ലിറ്ററിന് 26.23 കിലോമീറ്ററും സർട്ടിഫൈഡ് മൈലേജ് നൽകുമെന്ന് ഹാച്ച്ബാക്ക് അവകാശപ്പെടുന്നു. CNG പതിപ്പ് കിലോഗ്രാമിന് 34.43 കിലോമീറ്റർ എന്ന ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി വാഗൺആർ: പ്രായോഗികമായ ക്യാബിൻ ലെയൗട്ടിന് പേരുകേട്ട മാരുതി സുസുക്കി വാഗൺആർ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്. 1.0 ലിറ്റർ ത്രീ സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ ഫോർ സിലിണ്ടർ NA പെട്രോൾ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ടോൾ-ബോയ് ഹാച്ച്ബാക്ക് ലഭ്യമാണ്.
1.0 ലിറ്റർ യൂണിറ്റ് 66 bhp പവറും 89 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ, 1.2 ലിറ്റർ പതിപ്പ് 89 bhp മാക്സ് പവറും 113 Nm torque ഉം സൃഷ്ടിക്കുന്നു. 1.0 ലിറ്റർ എഞ്ചിൻ ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം വാഗ്ദാനം ചെയ്യുന്നു. CNG -ൽ പ്രവർത്തിക്കുമ്പോൾ, ഈ പവർട്രെയിൻ 56 bhp പവറും 82.1 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും.
1.0 ലിറ്റർ പെട്രോൾ മാനുവൽ, AMT പതിപ്പുകൾ യഥാക്രമം ലിറ്ററിന് 24.35 km, 25.19km എന്നീ മൈലേജ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് ARAI സാക്ഷ്യപ്പെടുത്തിയതാണ്. 1.2 ലിറ്റർ മാനുവൽ ഗിയർബോക്‌സ് ലിറ്ററിന് 23.56 കിലോമീറ്ററും, AMT ഗിയർബോക്‌സിൽ 24.43 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. CNG പതിപ്പിന് കിലോഗ്രാമിന് 34.05 km ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
മാരുതി സുസുക്കി എസ്-പ്രെസ്സോ: മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ആയ സെലെരിയോ, ആൾട്ടോ K10, വാഗൺആർ എന്നീ മോഡലുകൾക്ക് സമാനമായി, മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എസ്-പ്രസ്സോയുടെ ഹൃദയം.

മാനുവൽ ഓപ്ഷൻ ലിറ്ററിന് 24.12 km മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു, അതേസമയം AMT യൂണിറ്റ് ലിറ്ററിന് 25.3 km എന്ന സർട്ടിഫൈഡ് റേഞ്ച് നൽകുന്നു. എസ്-പ്രെസ്സോ CNG കിലോഗ്രാമിന് 32.73 km എന്ന സർട്ടിഫൈഡ് മൈലേജ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നു.
മാരുതി ആൾട്ടോ K10: ആൾട്ടോ K10 -ന് അഞ്ച് സ്പീഡ് മാനുവലും AMT യൂണിറ്റും വരുന്ന അതേ 66 bhp, 1.0 ലിറ്റർ K സീരീസ് പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. മാനുവൽ പതിപ്പ് ലിറ്ററിന് 24.39 km സർട്ടിഫൈഡ് മൈലേജ് വാഗ്ദാനം ചെയ്യുമ്പോൾ AMT മോഡൽ ലിറ്ററിന് 24.9 km എന്ന അല്പം ഉയർന്ന കണക്ക് നൽകുന്നു.

മാരുതി സ്വിഫ്റ്റ്/ഡിസയർ: മാരുതി സുസുക്കി സ്വിഫ്റ്റ് ട്വിൻസ് - സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ സബ് ഫോർ മീറ്റർ സെഡാനും നമ്മുടെ വിപണിയിൽ ഏറ്റവും കൂടുതൽ ജനപ്രിയവും മൈലേജ് നൽകുന്നതുമായ മോഡലുകളാണ്. ഇരു മോഡലുകളും പ്ലാറ്റ്‌ഫോമും എഞ്ചിൻ സവിശേഷതകളും ഉൾപ്പടെ നിരവധി ഘടകങ്ങൾ പങ്കിടുന്നു. ഈ മോഡലുകൾക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്.
യൂണിറ്റ് 89 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. CNG മോഡിൽ, പവർട്രെയിൻ 76 bhp മാക്സ് പവറും 98.5 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. മാനുവൽ പതിപ്പ് ലിറ്ററിന് 22.41 km ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു, അതേസമയം AMT പതിപ്പ് ലിറ്ററിന് 22.61 km നൽകുന്നു. CNG മോഡൽ കിലോഗ്രാമിന് 31.12 km മൈലേജ് നൽകുന്നു.

മാരുതി ബലേനോ: ഇന്ത്യൻ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബജറ്റ് ഫ്രണ്ട്ലി കാറുകളുടെ പട്ടിക ഭരിക്കുന്നത് മാരുതി സുസുക്കിയാണ്. കാലങ്ങളായ പരീക്ഷിച്ച് തെളിഞ്ഞ 1.2 ലിറ്റർ ഫോർ സിലിണ്ടർ ഡ്യുവൽജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് കരുത്തേകുന്നത്.
ഈ എഞ്ചിൻ 89 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT -യും ഉൾപ്പെടുന്നു. CNG മോഡിൽ, പവർട്രെയിൻ 76 bhp പവറും 98.5 Nm torque ഉം ഉൽപ്പാദിപ്പിക്കും.
മാരുതി സുസുക്കി ബലേനോ മാനുവലും AMT -യും യഥാക്രമം ലിറ്ററിന് 22.35 km, 22.9 km എന്നീ സർട്ടിഫൈഡ് മൈലേജ് കണക്കുകൾ നൽകുമെന്ന് അവകാശപ്പെടുന്നു. CNG മോഡിൽ, പവർട്രെയിൻ കിലോഗ്രാമിന് 30.61 km എന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും എന്നാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
ടാറ്റ ആൾട്രോസ്: ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. സുരക്ഷ മാത്രമല്ല, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുള്ള ഹാച്ച്ബാക്ക് മോഡൽ ഇത് മാത്രമാണ്. പെട്രോൾ പതിപ്പിന് 1.2 ലിറ്റർ NA എഞ്ചിൻ ലഭിക്കുന്നു, ഡീസൽ പതിപ്പിന് 1.5 ലിറ്റർ ടർബോ എഞ്ചിനാണ് കരുത്തേകുന്നത്.

പെട്രോൾ മാനുവലും DCT (ഡ്യുവൽ-ക്ലച്ച്) ട്രാൻസ്മിഷനും യഥാക്രമം ലിറ്ററിന് 19.14 km, 19.33 km എന്നിങ്ങനെ സർട്ടിഫൈഡ് ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡീസൽ പതിപ്പ് ARAI സാക്ഷ്യപ്പെടുത്തിയ ലിറ്ററിന് 23.64 km എന്ന മൈലേജ് നൽകുന്നു. CNG മോഡിൽ, ആൾട്രോസ് കിലോഗ്രാമിന് 26.2 km മൈലേജ് വാഗ്ദാനം ചെയ്യുന്നു.
റെനോ ക്വിഡ്: റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക്, മാനുവൽ, AMT യൂണിറ്റുകളുള്ള 1.0 ലിറ്റർ ത്രീ സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ക്വിഡിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 67 bhp പരമാവധി കരുത്തും 91 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. മാനുവൽ, AMT പതിപ്പുകൾ യഥാക്രമം ലിറ്ററിന് 21.7 km, 22 km എന്നീ മൈലേജ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി ഫ്രോങ്ക്സ്: ഫ്രോങ്ക്സ് അടിസ്ഥാനപരമായി ബലേനോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ പതിപ്പാണ്. 89 bhp, 1.2 ലിറ്റർ NA പെട്രോൾ, 100 bhp, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 1.2 ലിറ്റർ മാനുവൽ & AMT എന്നിവ യഥാക്രമം ലിറ്ററിന് 21.79 km, 22.89 km എന്നീ മൈലേജ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ CNG പതിപ്പ് കിലോഗ്രാമിന് 28.51 km ഇന്ധനക്ഷമതയും നൽകുന്നു. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടറും മാനുവൽ ഗിയർബോക്സും വാഗ്ദാനം ചെയ്യുന്ന ടർബോ യൂണിറ്റ് യഥാക്രമം ലിറ്ററിന് 20.01 km, 21.5 km എന്നിങ്ങനെ സർട്ടിഫൈഡ് മൈലേജ് നൽകുന്നു. അത്യാവശം മികച്ച പവറും കാര്യമായ മൈലേജും നൽകുന്ന ഒരു മികച്ച പാക്കേജാണിത്.


Click it and Unblock the Notifications








