ഫോർച്യൂണർ എന്നാ സുമ്മാവാ? ഇന്ത്യയിൽ ഹൈയസ്റ്റ് എവർ വിൽപ്പന കൈവരിച്ച് സെവൻ സീറ്റർ മോഡൽ
2023 ഇന്ത്യൻ വിപണിയിൽ മിക്ക വാഹന നിർമ്മാതാക്കൾക്കും ഒരു മികച്ച തുടക്കമാണ് ലഭിച്ചത്, അടുത്തിടെ പുറത്തു വന്ന വിൽപ്പന കണക്കുകൾ ഇത് വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
പുതിയ കലണ്ടർ വർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ, ടൊയോട്ട കിർലോസ്‌കർ മോട്ടോർസിന്റെ ഫുൾ സൈസ് എസ്‌യുവി മോഡലായ ഫോർച്യൂണർ വിൽപ്പന ചാർട്ടുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഈ നേട്ടത്തോടെ, സെവൻ സീറ്റർ ഇന്ത്യയിൽ അവതരിപ്പിച്ചതു മുതൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന കൈവരിച്ചു. 2022 -ലെ ഇതേ കാലയളവിലെ 811 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 3,698 യൂണിറ്റുകളാണ് ഫോർച്യൂണർ വിറ്റഴിച്ചത്.

ഇത് വാർഷിക വിൽപ്പനയിൽ (YoY) 356 ശതമാനം വളർച്ച നേടാൻ കാരണമായി. വർഷങ്ങളായി പലതവണ വില വർധിച്ചിട്ടും ഫോർച്യൂണർ അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും ജനപ്രിയ മോഡലാണ്. 71 ശതമാനം വളർച്ചയോടെ 2022 -ലെ ഇതേ കാലയളവിൽ 143 യൂണിറ്റുകളിൽ നിന്ന് 2023 ജനുവരി മാസത്തിൽ 244 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയുമായി എംജി ഗ്ലോസ്റ്ററാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
| Rank | Model | Jan'23 | Jan'22 | Growth (%) YoY |
| 1 | Toyota Fortuner | 3,698 | 811 | 356 |
| 2 | MG Gloster | 244 | 143 | 71 |
| 3 | Jeep Meridian | 200 | - | - |
| 4 | Skoda Kodiaq | 196 | 113 | 73 |
| 5 | Volkswagen Tiguan | 72 | 61 | 18 |
| 6 | Citroen C5 Aircross | 16 | 40 | -60 |
2022 ഓഗസ്റ്റിൽ, ബ്രിട്ടീഷ് നിർമ്മാതാക്കൾ പുതിയ ലെവൽ 1 ADAS ഫീച്ചറുകളായ ഡോർ ഓപ്പൺ വാണിംഗ് (DOW), റിയർ ക്രോസ് ട്രാഫിക് അലേർട്ട് (RCTA), ലെയിൻ ചേഞ്ച് അസിസ്റ്റ് (LCA) എന്നിവ സഹിതം അപ്ഡേറ്റ് ചെയ്ത ഗ്ലോസ്റ്റർ അവതരിപ്പിച്ചു. കൂടാതെ, പുതിയ 'ഡീപ് ഗോൾഡൻ' എക്സ്റ്റീരിയർ കളർ ഷെയ്ഡ്, ഫോർ വീൽ ഡ്രൈവ് വേരിയന്റുകളിൽ ബ്രിട്ടീഷ് വിൻഡ്‌മിൽ ടർബൈൻ-തീം അലോയി വീലുകളും നിർമ്മാതാക്കൾ ലൈനപ്പിലേക്ക് ചേർത്തു.
കഴിഞ്ഞ മാസം മൊത്തം 200 യൂണിറ്റ് വിൽപ്പനയുമായി ജീപ്പ് മെറിഡിയൻ മൂന്നാം സ്ഥാനത്തെത്തി. 2022 മെയ് മാസത്തിലാണ്, അമേരിക്കൻ ബ്രാൻഡ് കോമ്പസിനെ അടിസ്ഥാനമാക്കി മെറിഡിയൻ പുറത്തിറക്കിയത്. 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 113 യൂണിറ്റുകളിൽ നിന്ന് 2023 ജനുവരി മാസത്തിൽ 196 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ കൊഡിയാക്ക് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കൊഡിയാക്കുമായി നിരവധി സാമ്യതകളുള്ള ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ, മൊത്തം 72 ശതമാനം വർച്ചയുമായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
61 യൂണിറ്റുകൾ വിറ്റഴിച്ച 2022 ലെ ഇതേ മാസത്തെ അപേക്ഷിച്ച്, 18 ശതമാനം ഇടിവോടെ 16 യൂണിറ്റുകളുമായി സിട്രൺ C5 എയർക്രോസ് അവസാന സ്ഥാനത്തെത്തി. 2022 സെപ്റ്റംബറിൽ ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ ഫ്ലാഗ്ഷിപ്പ് സിട്രൺ C5 എയർക്രോസിന്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചിരുന്നു എങ്കിലും കാര്യമായ വിൽപ്പ നേടാൻ ഇതിന് സാധിച്ചില്ല എന്നതാണ് സത്യം.
ഫോർച്യൂണറിന്റെ ഈ വിജയം ടൊയോട്ടയ്ക്ക് 2023 -ക്ക് വലിയ ഒരു ബൂസ്റ്റ് ഡോസ് തന്നെയാണ് എന്നു നമുക്ക് പറയാനാവും. ഇന്ത്യൻ വിപണിയിൽ ഈ വർഷം കൂടുതൽ മോഡലുകൾ ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗവും മാരുതിയുടെ റീബാഡ്ജ് പതിപ്പാവും എന്നാണ് കരുതുന്നത്. നിലവിൽ ഒട്ടനവധി മാരുതി റീ-ബാഡ്ജ്ഡ് മോഡലുകൾ ടൊയോട്ടയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications