ചറപറ വിൽക്കാൻ പറ്റില്ല; മാരുതി ഹൈക്രോസിന്റെ ക്വാട്ട നിശ്ചയിച്ച് ടൊയോട്ട
2017 മുതൽ മാരുതിയും ടൊയോട്ടയും പങ്കാളികളാണ്. മാർക്കറ്റ് പിടിക്കുവാനും അത് പോലെ തന്നെ തങ്ങളുടെ ടെക്നോളജികൾ പരസ്പരം പങ്കുവെച്ച് വിപണി പിടിക്കാനുളള തന്ത്രമാണ് ഇരുവരും പദ്ധതിയിടുന്നത്. ഈ കൂട്ടുകെട്ടിൽ നിന്ന് അവസാനം വന്ന വാഹനമാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. ടൊയോട്ട ഹൈറൈഡർ റീബാഡ്ജ് ചെയ്ത് ഇറക്കിയതാണ് ഗ്രാൻഡ് വിറ്റാര.
ഇത് പോലെ തന്നെ ടൊയോട്ടയുടെ പ്രീമിയം എംപിവിയായ ഇന്നോവ ഹൈക്രോസ് റീബാഡ്ജ് ചെയ്ത് ഇറക്കാനുളള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. അതിൻ്റെ ഭാഗമായി വർഷത്തിൽ 9000 മുതൽ 10000 യൂണിറ്റുകൾ വരെ മാരുതി സുസുക്കിക്ക് നൽകാനാണ് ടൊയോട്ട തീരുമാനിച്ചിരിക്കുന്നത്. റീബാഡ്ജ് ചെയ്ത് ഇറക്കുന്ന മോഡലിൻ്റെ പേര് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് വാഹന വിപണി മുഴുവൻ. ഇന്നോവ ഹൈക്രോസിൽ മാരുതി സുസുക്കി ചെറിയ മിനുക്കു പണികൾ നടത്താൻ സാധ്യതയുണ്ട്.

മാരുതിയുടെ ഏറ്റവും മുൻനിര ഓഫറായിരിക്കും വരാനിരിക്കുന്ന ഈ മോഡൽ എന്ന കാര്യത്തിൽ സംശയമില്ല. ഹൈബ്രിഡ് ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുടെ ബുക്കിംഗ് ടൊയോട്ട താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് വാഹനങ്ങളുടെയും ഹൈബ്രിഡ് വേരിയന്റുകൾക്ക് ലഭിക്കുന്ന വലിയ ഡിമാന്റാണ് ബുക്കിംഗ് നിർത്തിവെക്കാൻ കാരണമായിരിക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ചിലയിടങ്ങളിൽ ഈ മോഡലുകൾ ലഭിക്കാൻ രണ്ടര വർഷത്തിലേറെയാണ് ബുക്ക് ചെയ്‌ത് കാത്തിരിക്കേണ്ടത്. ഇത് ഉപഭോക്താക്കളിൽ അസൗകര്യം ഉണ്ടാക്കുന്ന കാര്യമാണ്.
മൈലേജ് തന്നെയാണ് ഹൈറൈഡറിന്റെയും ഹൈക്രോസിന്റെയും പ്രധാന ഹൈലൈറ്റുകൾ. ഇവയുടെ സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് ഒരു ഇലക്ട്രിക് കാർ പോലെ പ്രവർത്തിക്കാൻ കഴിയുമെന്നാതാണ് പ്രത്യേകത. ബാറ്ററിയിൽ മാത്രം പ്രവർത്തിക്കുമ്പോൾ ഇന്ധനക്ഷമതയാണ് പ്രധാന നേട്ടം. ടൊയോട്ട ഹൈറൈഡറിനും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിനും യഥാക്രമം 27.97 കി.മീ., 21.1 കി.മീ. മൈലേജാണ് ലഭിക്കുന്നത്.

ഹൈറൈഡർ കഴിഞ്ഞ വർഷം മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. E, S, G, V എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് ഒഴികെ എല്ലാ വേരിയന്റുകളും സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളും ലഭ്യമാണ്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റർ പെട്രോൾ അറ്റ്കിറ്റ്സൺ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.
ഈ എഞ്ചിൻ 116 bhp കരുത്തിൽ പരമാവധി 141 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിരിക്കുന്ന വാഹനം ഫ്രണ്ട് വീൽ ഡ്രൈവ് മോഡൽ കൂടിയാണ്. മറുവശത്ത് സെൽഫ് ചാർജിംഗ് ഹൈബ്രിഡ് സംവിധാനവുമായി ജോടിയാക്കിയ ഇന്നോവ ഹൈക്രോസിന്റെ 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 181 bhp പവർ വരെയാണ് നൽകുന്നത്. ബുക്കിംഗ് താത്ക്കാലികമായി നിർത്തിയെങ്കിലും നിലവിലുള്ള ഡെലിവറികൾ പൂർത്തിയാക്കിയതിനു ശേഷം ഹൈബ്രിഡ് കാറുകൾക്കായുള്ള ബുക്കിംഗ് കമ്പനി വീണ്ടും ആരംഭിക്കും.
വലിപ്പത്തിന്റെ കാര്യമനുസരിച്ച് ഇന്നോവ ഹൈക്രോസിന് സമാനമായിരിക്കും മാരുതിയുടെ വണ്ടിയും. 4.7 മീറ്റർ നീളവും 1.84 മീറ്റർ വീതിയും 1.79 മീറ്റർ ഉയരവും വീൽബേസിൽ 2850 മില്ലീമീറ്ററുമാണ് എംപിവിക്കുള്ളത്. G, GX, VX, ZX, ZX (O) വേരിയന്റിൽ ഹൈക്രോസ് എത്തുമ്പോൾ നെക്‌സ വാഹനങ്ങൾക്കൊപ്പം നൽകുന്ന സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, ആൽഫ പ്ലസ് ട്രിമ്മുകൾക്ക് തുല്യമായിരിക്കും മാരുതി ഹൈക്രോസ്.
മാരുതി സുസുക്കി ഹൈക്രോസ് എംപിവി ടൊയോട്ടയുടെ ഗ്ലോബൽ ടിഎൻജിഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. ഭാരം കുറഞ്ഞ, കടുപ്പമുള്ള ഷാസി, ഡൈനാമിക് ഹാൻഡ്‌ലിംഗ്, കിടിലൻ യാത്രാ സുഖം എന്നിവ നൽകുന്ന മോണോകോക്ക് നിർമാണമാണിത്. ഇതോടൊപ്പം ഹൈബ്രിഡ് എഞ്ചിൻ കൂടി ചേരുന്നതോടെ സംഭവം കളറാവും. ടൊയോട്ടയുടെ TNGA 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ നോൺ-ഹൈബ്രിഡ്, ഹൈബ്രിഡ് സജ്ജീകരണങ്ങളിലാവും വരിക.
ഓട്ടോമാറ്റിക് ഓപ്ഷൻ മാത്രമേ വാഹനത്തിലുണ്ടാവൂ എന്നാണ് ഇതുവരെ ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ADAS സേഫ്റ്റി ഫീച്ചർ ലഭിക്കുന്ന മാരുതിയുടെ ആദ്യ കാറും ഇതായിരിക്കും. ടൊയോട്ട സേഫ്റ്റി സെൻസ് ADAS സ്യൂട്ട് മാരുതി ഹൈക്രോസിലേക്ക് എത്തും. പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, 3-വരി ഇരിപ്പിടങ്ങൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, രണ്ടാം നിര യാത്രക്കാർക്കുള്ള പവർഡ് ഓട്ടോമൻ ഫംഗ്‌ഷൻ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാലും എംപിവി സമ്പന്നമായിരിക്കും.


Click it and Unblock the Notifications








