ഹൈക്രോസ് വന്നാലും ക്രിസ്റ്റയുടെ തട്ട് താണ് തന്നെയിരിക്കും; വില്‍പ്പനയില്‍ തോൽപ്പിച്ച് വന്‍ കുതിപ്പ്
മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ രാജാവാണ് ടൊയോട്ട ഇന്നോവ. പതിവില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഇന്നോവ പതിപ്പുകളാണ് നിലവില്‍ വിപണിയിലുള്ളത്. അടുത്ത കാലത്തായി ഇന്നോവയുടെ മൂന്നാം തലമുറ പതിപ്പായ ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്തിയിയിരുന്നു. പുതു തലമുറ പതിപ്പ് എത്തിയതോടെ മുന്‍ഗാമിയായ ക്രിസ്റ്റയെ പിന്‍വലിക്കുന്നതിന് പകരം ഡീസല്‍ എഞ്ചിനില്‍ മാത്രമായി ക്രിസ്റ്റയെ റീലോഞ്ച് ചെയ്യുകയായിരുന്നു ജാപ്പനീസ് കമ്പനി.
ടൊയോട്ടയുടെ സര്‍പ്രൈസ് നീക്കം പലരെയും അമ്പരപ്പിച്ചുവെങ്കിലും സംഗതി ക്ലിക്കായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം ടൊയോട്ട വാഹന വില്‍പ്പനയുടെ ഏകദേശം 25 ശതമാനവും ഇന്നോവ ക്രിസ്റ്റയുടെ സംഭാവനയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 മെയ് മാസത്തില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് 4,786 യൂണിറ്റ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 2,737 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന.

അങ്ങനെ നോക്കുമ്പോള്‍ ക്രിസ്റ്റയുടെ വില്‍പ്പന 75 ശതമാനമാണ് മെച്ചപ്പെട്ടത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ ടൊയോട്ട മോഡല്‍ കൂടിയാണ് ക്രിസ്റ്റയെന്നത് എടുത്തു പറയണം. ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കാണ് പോയ മാസം ടൊയോട്ടക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുത്തത്. മെയില്‍ ഗ്ലാന്‍സയേക്കാള്‍ വെറും 393 യൂണിറ്റുകളുടെ കുറവിലാണ് ക്രിസ്റ്റ രണ്ടാം സ്ഥാനത്തായിപ്പോയത്.
കഴിഞ്ഞ മാസം ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവിയുടെ 2,990 യൂണിറ്റുകള്‍ മാത്രമാണ് ടൊയോട്ടക്ക് വില്‍ക്കാന്‍ സാധിച്ചത്. ഇത് മാന്യമായ വില്‍പ്പന കണക്കുകള്‍ ആണെങ്കില്‍ കൂടി പുതിയ മോഡലിനേക്കാള്‍ പഴയ മോഡല്‍ 60 ശതമാനം മികച്ച വില്‍പ്പന രേഖപ്പെടുത്തിയെന്നതാണ് ശ്രദ്ധിക്കേണ്ടത്. വില്‍പ്പന കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകുന്ന കാര്യമെന്തെന്നാല്‍ എത്ര കണ്ട് ഇന്നോവ ക്രിസ്റ്റ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാകും.

രസകരമായ വസ്തുത എന്തെന്നാല്‍ കുറവുകള്‍ ഒന്നുമില്ലാതെ ഇന്നത്തെ ഉപഭോക്തൃ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി ക്രിസ്റ്റയെ മെച്ചപ്പെടുത്തിയ രീതിയിലാണ് ടൊയോട്ട ഹൈക്രോസ് വിപണിയില്‍ എത്തിച്ചത്. വലിപ്പത്തിന്റെ കാര്യം തന്നെ എടുത്താല്‍ ഹൈക്രോസിന് ക്രിസ്റ്റയേക്കാള്‍ 20 mm നീളവും 20 mm വീതിയും കൂടുതലുണ്ട്. ക്രിസ്റ്റയേക്കാള്‍ 100 mm വീല്‍ബേസ് കൂടുതലായതിനാല്‍ അകത്തളത്തില്‍ കൂടുതല്‍ സ്‌പെയ്‌സുമുണ്ട്.
ഇരു എംപിവികളുടെയും പവര്‍ട്രെയിന്‍ വശങ്ങള്‍ നമുക്കൊന്ന് നോക്കാം. തുടക്കത്തില്‍ പറഞ്ഞ പോലെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വിപണിയില്‍ എത്തിക്കുന്നത്. ഈ ഡീസല്‍ എഞ്ചിന്‍ 145 bhp പവറും 343 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ കാര്യമെടുത്താല്‍ ഇത് ഒരു ഫ്രണ്ട്-വീല്‍ ഡ്രൈവ് വാഹനമാണ്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ എംപിവി വാങ്ങാന്‍ സാധിക്കും. ആദ്യത്തെ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 172 bhp പവറും 205 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഒരു CVT ഗിയര്‍ബോക്‌സുമായാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഒരു ഹൈബ്രിഡ് പവര്‍ട്രെയിനും ക്രിസ്റ്റയില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹൈബ്രിഡ് യൂണിറ്റ് 2.0-ലിറ്റര്‍, 4-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ്, അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നു. ഈ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഒരുമിച്ച് 184.8 bhp പവറും 206 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുന്നത്. പെട്രോള്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ഹൈബ്രിഡ് പവര്‍ട്രെയിന്‍ eCVT ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്.

വിലയുടെ കാര്യത്തിലേക്ക് വന്നാല്‍ 18.55 ലക്ഷം രൂപ മുതലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഹൈബ്രിഡ് പവര്‍ട്രെയിനുള്ള റേഞ്ച് ടോപ്പിംഗ് ZX (O) ട്രിം ലെവലിന് 29.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.വില്‍പ്പനയില്‍ കിംഗായ ക്രിസ്്റ്റയുടെ വില വിവര കണക്കുകള്‍ നോക്കിയാല്‍ ബേസ് 'G' വേരിയന്റിന്റെ വില ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് കാര്യം.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ 'GX' വേരിയന്റിന് 19.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ടോപ്പ്-സ്‌പെക്ക് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 25.43 ലക്ഷം രൂപ വരെ ഉയരുന്നു. പുതിയ മോഡല്‍ നിരത്തിലിറക്കിയ വേളയിലും പഴയ പടക്കുതിരയെ നിലനിര്‍ത്തി ടൊയോട്ട പുതിയ അടവാണ് പയറ്റിയിരിക്കുന്നത്. ഇതുവഴി ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്ന നിര കൂടുതല്‍ ശക്തിപ്പെടുത്തുകയായിരുന്നു. കണക്കുകള്‍ കള്ളം പറയാത്തതിനാല്‍ ടൊയോട്ടയുടെ അടവുകള്‍ പിഴച്ചില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.


Click it and Unblock the Notifications