ക്രിസ്റ്റയോ ഹെക്രോസോ, നിങ്ങള്‍ക്ക് പറ്റിയ ഇന്നോവ ഏതെന്ന് നോക്കാം
മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ രാജാക്കന്‍മാരാണ് ടൊയോട്ട ഇന്നോവ. എംപിവിയുടെ രണ്ട് തലമുറ പതിപ്പുകള്‍ ഇപ്പോള്‍ ഒരേസമയം വിപണിയിലുണ്ട്. ഇന്നോവ ക്രിസ്റ്റക്കുള്ള വമ്പന്‍ ഡിമാന്‍ഡ് പരിഗണിച്ചാണ് പതിവ് രീതികളില്‍ നിന്ന് മാറിനടക്കാന്‍ ടൊയോട്ട തീരുമാനിച്ചത്. അടുത്തിടെ പുനരവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയുടെ മുഴുവന്‍ വേരിയന്റുകളുടെയും വില ചൊവ്വാഴ്ച (02 മേയ് 2023) ടൊയോട്ട പ്രഖ്യാപിച്ചിരുന്നു.
19.99 ലക്ഷം മുതല്‍ 25.43 ലക്ഷം രൂപ വരെയാണ് 2023 ഇന്നോവ ക്രിസ്റ്റയുടെ എക്സ്ഷോറൂം വില പോകുന്നത്. ഇപ്പോള്‍ എംപിവി വിപണിയില്‍ കൂടപ്പിറപ്പുകള്‍ തമ്മിലാണ് പോര്. ഒരു ടൊയോട്ട എംപിവി വാങ്ങണമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇപ്പോള്‍ ആശയക്കുഴപ്പമായിരിക്കും. വിശ്വസ്ഥനായ ക്രിസ്റ്റ വാങ്ങണോ അതോ പുതുപോരാളിയായ ഹൈക്രോസിനൊപ്പം പോവണമോ എന്ന്. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പ് ഏതാണെന്ന് നമുക്ക് നോക്കിയാലോ.

ഇന്നോവ ക്രിസ്റ്റ: ആദ്യം നമുക്ക് ഇന്നോവ ക്രിസ്റ്റയെ കുറിച്ച് സംസാരിക്കാം. ക്രിസ്റ്റ ഇപ്പോള്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. അതായത് റീഎന്‍ട്രി നടത്തിയ ക്രിസ്റ്റക്ക് പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമല്ല.
ക്രിസ്റ്റയുടെ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 150 bhp പവറും 343 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. പുതുക്കിയ ഫ്രണ്ട് എന്‍ഡ് ലഭിക്കുന്നുവെന്നതല്ലാതെ ഇന്നോവ ക്രിസ്റ്റക്ക് മറ്റ് മാറ്റങ്ങളൊന്നുമില്ല. 7 സീറ്റര്‍, 8 സീറ്റര്‍ സീറ്റിംഗ് ലേഔട്ടില്‍ ക്രിസ്റ്റ എംപിവി വാങ്ങാം. GX, VX, ZX എന്നിവയാണ് മൂന്ന് വേരിയന്റുകള്‍. ടാക്‌സിക്കാര്‍ക്കിടയില്‍ ജനപ്രിയമായതിനാല്‍ GX, VX എന്നിവ ഫ്‌ലീറ്റ് ട്രിമ്മുകളും കൂടിയായാണ് വാഗ്ദാനം ചെയ്യുന്നത്.

ക്രിസ്റ്റ GX സ്വകാര്യ, ഫ്‌ലീറ്റ് വേരിയന്റിന് 19.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അധികം പണം മുടക്കാതെ 8 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ഇത് സ്വന്തമാക്കാം. ഉയര്‍ന്ന വേരിയന്റുകളാണ് താല്‍പര്യമെങ്കില്‍ അധിക സീറ്റിന് 5,000 രൂപ കൂടുതല്‍ മുടക്കണം. ടോപ്പ് എന്‍ഡ് ZX ട്രിം 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ മാത്രമേ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കണം.
മുമ്പത്തെ പോലെ തന്നെ ക്രിസറ്റയുടെ ടോപ് എന്‍ഡ് വേരിയന്റായ ZX-ല്‍ പവര്‍ഡ് ഡ്രൈവര്‍ സൈഡ് സീറ്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഏഴ് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ഡെക്കോറുകള്‍, ABS ESC, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ ഫീച്ചറുകള്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

ഇന്നോവ ഹൈക്രോസ്: ഫീച്ചര്‍ സമ്പന്നമായ ആഢംബരം തുളുമ്പുന്ന ഒരു എംപിവി എന്ന് ഇന്നോവ ഹൈക്രോസിനെ നമുക്ക് സിമ്പിളായി വിശേഷിപ്പിക്കാം. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് ഇന്നോവ ഹൈക്രോസിന്റെ ഒരു പ്രത്യേകത. ഹൈക്രോസിന്റെ 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 172 bhp പവര്‍ നല്‍കുന്നു. ടോപ് എന്‍ഡ് വേരിയന്റുകളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ 184 bhp പവര്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഹൈക്രോസ് പെട്രോള്‍ CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനോടെയാണ് എത്തുന്നത്. അതേസമയം ഹൈക്രോസ് ഹൈബ്രിഡ് eDrive ഓട്ടോമാറ്റിക്കുമായി വരുന്നു. തലമുറ മാറ്റം ഹൈക്രോസിന്റെ വലിപ്പം, എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍, ഡിസൈന്‍ എന്നിവയിലും പ്രകടമാണ്. എസ്‌യുവിഷ് ഡിസൈനിലാണ് ഹൈക്രോസ് ടൊയോട്ട പൂര്‍ത്തിയാക്കിയിരിക്കുന്നത്. 7, 8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലും ലഭ്യമായ ഹൈക്രോസ് 5 വേരിയന്റുകളില്‍ തെരഞ്ഞെടുക്കാം.

18.30 ലക്ഷം രൂപ മുതലാണ് ഹൈക്രോസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഇത് 28.97 ലക്ഷം രൂപ വരെ ഉയരുന്നു. G, GX എന്നീ വേരിയന്റുകളാണ് പെട്രോള്‍ എഞ്ചിനില്‍ വരുന്നത്. അതേസമയം VX, ZX, ZX(O) വേരിയന്റുകള്‍ക്ക് ഹൈബ്രിഡ് ഹൃദയമാണ് തുടിപ്പേകുന്നത്.
ഓട്ടോ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 360 ഡിഗ്രി ക്യാമറ, പാഡില്‍ ഷിഫ്റ്ററുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാര്‍ഷ്യല്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഓട്ടോമന്‍ സ്‌റ്റൈല്‍ രണ്ടാം നിര സീറ്റുകള്‍ എന്നീ ഫീച്ചറുകളാണ് ഹൈക്രോസിന്റെ ഹൈലൈറ്റ്. ഇന്നോവ ഹൈക്രോസിന്റെ ZX (O) വേരിയന്റില്‍ ട്രെന്‍ഡിംഗ് ഫീച്ചറായ ലെവല്‍ 2 ADAS സേഫ്റ്റിയുമായാണ് എത്തുന്നത്.
ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയാണ് ലെവല്‍ 2 ADAS-ല്‍ ഉള്‍ക്കൊള്ളുന്നത്. ക്രിസ്റ്റയുടെയും ഹൈക്രോസിന്റെയും കഴിവുകളെയും ശേഷിയുടെയും കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വേണം ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുള്ള ഒരു എംപിവിയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ക്രിസ്റ്റ നോക്കാം.
എന്നാല്‍ ഹൈക്രോസില്‍ ഉള്ള ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഹൈടെക് ഫീച്ചറുകള്‍ എന്നിവ മറന്നേക്കണം. ആഢംബരം നിറഞ്ഞ ഒരു പ്രീമിയം എംപിവിയാണ് താല്‍പര്യമെങ്കില്‍ ഹൈക്രോസ് ആണ് ബെസ്റ്റ്. എന്നാല്‍ ഇതില്‍ ഡീസല്‍ എഞ്ചിന്‍ ഓഫറില്ല. മൈലേജാണ് ഹൈക്രോസിനെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം. ലിറ്ററിന് 23.24 കിലോമീറ്ററാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. ഈ രണ്ട് മോഡലുകളില്‍ ഒന്ന് വാങ്ങാന്‍ തീരുമാനിക്കാന്‍ മുമ്പ് പരിഗണിക്കേണ്ട മൂന്നാമത്തെ കാര്യമാണ് കാത്തിരിപ്പ് കാലയളവ്.
ഇന്നോവ ഹൈക്രോസിന്റെ ചില വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഇതിനകം രണ്ട് വര്‍ഷത്തിലേറെയാണ്. ഇതേ കാരണം കൊണ്ട് തന്നെ ഹൈക്രോസിന്റെ ചില വേരിയന്റുകളുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഹൈക്രോസുമായി തട്ടിച്ച്‌നോക്കുമ്പോള്‍ ക്രിസ്റ്റ കൈയ്യില്‍ കിട്ടാന്‍ അധിക ദിവസം കാത്തിരിക്കേണ്ട കാര്യമില്ല. മുകളില്‍ പറഞ്ഞ കാര്യങ്ങളും നിങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാം.


Click it and Unblock the Notifications








