ഉത്സവകാലം ടൊയോട്ട ഇങ്ങെടുക്കുവാ... 24 കി.മീ മൈലേജുള്ള ഈ എംപിവി ഇനി വേഗത്തില്‍ വീട്ടിലെത്തിക്കാം
ഇന്ത്യയില്‍ ഇപ്പോള്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നല്ല ഡിമാന്‍ഡാണ്. മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ മുടിചൂടാമന്നനായ ഇന്നോവയുടെ മൂന്നാം തലമുറ പതിപ്പ് പുറത്തിറക്കിയപ്പോള്‍ ടൊയോട്ട കാറില്‍ എടുത്തുകാണിച്ച സവിശേഷത ഇതായിരുന്നു. ഇന്നോവയുടെ ജനകീയതയും ഹൈബ്രിഡ് പവര്‍ട്രെയിനും കൂടി ആയതോടെ ഇന്നോവ ഹൈക്രോസ് വാങ്ങാന്‍ കിട്ടാത്ത അവസ്ഥയായി.
കിടിലന്‍ യാത്രാ സുഖത്തിന്റെയും പെര്‍ഫോമന്‍സിന്റെയും ബലത്തില്‍ വന്‍ ഫാന്‍ബേസ് ഉണ്ടാക്കിയ ഇന്നോവയുടെ പുതുതലമുറ പതിപ്പ് 2022 ഡിസംബറിലായിരുന്നു ടൊയോട്ട വിപണിയില്‍ എത്തിച്ചത്. ഹൈക്രോസ് ഹിറ്റടിച്ചതോടെ മാരുതി ഇതിന്റെ റീബാഡ്ജഡ് പതിപ്പ് 'ഇന്‍വിക്‌റ്റോ' എന്ന പേരില്‍ സമീപകാലത്ത് വിപണിയില്‍ എത്തിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇന്നോവ ഹൈക്രോസ് വരുന്നത്.

ഇന്നോവ ഹൈക്രോസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. ഇതിന് പരമാവധി 183 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും. സാധാരണ പെട്രോള്‍ പതിപ്പ് 171 bhp നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഉപയോഗിക്കുന്നു. മാനുവല്‍ ട്രാന്‍സ്മിഷനോട് ബൈ പറഞ്ഞ ഹൈക്രോസ് പൂര്‍ണമായും ഓട്ടോമാറ്റികായി പരിഷകാരിയായാണ് വിലസുന്നത്.
പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പുകള്‍ക്ക് യഥാക്രമം സിവിടി, ഇ-സിവിടി ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം മാത്രമേ വാങ്ങാനാവൂ. ഈ രണ്ട് എഞ്ചിനുകളും മികച്ച മൈലേജ് നല്‍കുമെന്നതിനാല്‍ തന്നെ ടൊയോട്ട ഷോറൂമില്‍ ആളുകള്‍ നിറഞ്ഞു. ടൊയോട്ട ഇന്നോവ ഹൈക്രാസിന്റെ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 16.13 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌ട്രോങ് ഹൈബ്രിഡ് എഞ്ചിനിലേക്ക് വന്നാല്‍ ഇത് ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പറയുന്നത്.

മികച്ച മൈലേജുള്ള ഹൈബ്രിഡ് പതിപ്പ് വാങ്ങാനായി ആളുകളുടെ തള്ളിക്കയറ്റമുണ്ടായതോടെ എംപിവിയുടെ കാത്തിരിപ്പ് കാലയളവും കുത്തനെ കൂടി. ഇടക്കാലത്ത് ഹൈക്രോസിന്റെയും മിഡ്‌സൈസ് എസ്‌യുവിയായ ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നത് ടൊയോട്ട നിര്‍ത്തിവെച്ച സാഹചര്യം വരെ ഉണ്ടായി. ഒരു ഘട്ടത്തില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലിനായുള്ള കാത്തിരിപ്പ് കാലയളവ് 24-30 മാസമായി ഉയര്‍ന്നിരുന്നു.
ഇന്നോവ ആയതിനാല്‍ തന്നെ ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തെ കാര്‍ പ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ഇന്നോവ ഹൈക്രോസ് എംപിവി ബുക്ക് ചെയ്താല്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നതാണത്. നിലവില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പെട്രോള്‍ എഞ്ചിന്‍ മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് 6 മുതല്‍ 7 മാസം വരെയാണ്.

ഇപ്പോള്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് വെറും 15 മാസമായാണ് കുറഞ്ഞിരിക്കുന്നത്. സംഗതി ഇങ്ങനെ ഒക്കെയാണെങ്കിലും നിങ്ങളുടെ സ്ഥലം, ഡീലര്‍ഷിപ്പ്, കളര്‍ ഓപ്ഷന്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ച് ഇതില്‍ ചില്ലറ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. 4 പെട്രോള്‍, 4 ഹൈബ്രിഡ് ഉള്‍പ്പെടുക ആകെ 8 വേരിയന്റുകളാണ് ഹൈക്രോസിനുള്ളത്.
പെട്രോളിനൊപ്പം വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന വകഭേദങ്ങളും ഹൈബ്രിഡിനൊപ്പം വാഗ്ദാനം ചെയ്യുന്ന ടോപ്പ് വേരിയന്റുകളുമാണ് ഇത്. അവയെ G, GX, VX, ZX, ZX (O) എന്നിങ്ങനെയാണ് ടൊയോട്ട തിരിച്ചിരിക്കുന്നത്. സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗ്രേഡ് ബ്രോണ്‍സ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക് എന്നീ നിറങ്ങളില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കാനാവും.
18.82 ലക്ഷം മുതല്‍ 30.26 ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നേവ ഹൈക്രോസിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. ഉത്സവ കാലമായതിനാല്‍ പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ കാത്തിരിപ്പ് കാലയളവ് ഗണ്യമായി കുറഞ്ഞുവെന്നത് നല്ല വാര്‍ത്തയാണ്. കുടുംബത്തോടൊപ്പം സന്തോഷമായിരിക്കുമ്പോള്‍ ഇഷ്ടപ്പെട്ട ഫാമിലി കാര്‍ മുറ്റത്തെത്തുന്നത് ഇരട്ടി സന്തോഷമാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കി ഇന്‍വിക്‌റ്റോയുടെ ഡെലിവറിയും വേഗത്തിലാകുന്നതും ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകും.


Click it and Unblock the Notifications








