ജിംനിയും ഥാറുമെല്ലാം സൈഡാകും! മിനി ലാന്‍ഡ് ക്രൂയിസറിന് ടൊയോട്ട കണ്ടുവെച്ച പേര് കൊള്ളാം
ലോകത്തെ എസ്‌യുവികള്‍ക്കിടയിലെ പകരം വെക്കാനില്ലാത്ത നാമമാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ (Toyota Land Cruiser ). വില്‍പ്പനക്കെത്തിയ വിപണികളിലെല്ലാം വിജയപതാക ചൂടിയ ഈ വാഹനം പണമുണ്ടെങ്കിലും വാങ്ങാന്‍ കിട്ടാത്ത സാഹചര്യം വരാറുണ്ട്. മൂന്ന് എസ്‌യുവികള്‍ ഉള്‍പ്പെടുന്ന ലാന്‍ഡ് ക്രൂയിസര്‍ ലൈനപ്പ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ടയിപ്പോള്‍.
ടൊയോട്ട ലാന്‍ഡ്ക്രൂയിസര്‍ LC300-ന് പിന്നാലെ സഹോദരനായ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തും. ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ അരങ്ങേറ്റ സമയത്ത് ടൊയോട്ട വരാന്‍ പോകുന്ന ഒരു പരുക്കന്‍ എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. ബേബി ലാന്‍ഡ് ക്രൂയിസര്‍ എന്ന് പലരും സ്‌നേഹത്തോടെ വിളിച്ച എസ്‌യുവിയുടെ കുഞ്ഞന്‍ പതിപ്പിന്റെ പേരുമായി ബന്ധപ്പെടുന്ന പുത്തന്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടൊയോട്ട ലാന്‍ഡ് ഹോപ്പര്‍ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഇതിന് പിന്നാലെ കമ്പനി മാതൃരാജ്യമായ ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ FJ എന്ന പേരും വ്യാപാരമുദ്ര ചാര്‍ത്താനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ കോംപാക്റ്റ് എസ്‌യുവിക്കായി ഈ രണ്ട് പേരുകളില്‍ ഒന്ന് ഉപയോഗിക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഏതാനം മാസങ്ങള്‍ക്ക് മുമ്പ് ലാന്‍ഡ് ക്രൂയിസര്‍ 250 സീരീസ് അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മിനി ഓഫ്-റോഡര്‍ എസ്‌യുവി ടൊയോട്ട അവതരിപ്പിച്ചിരുന്നു. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ അന്താരാഷ്ട്ര വിപണികളില്‍ ഈ എസ്‌യുവി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോംപാക്ട് ക്രൂയിസര്‍ കണ്‍സെപ്റ്റ് ഇലക്ട്രിക് അവതാരത്തിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇന്ത്യയടക്കം പല വിപണികളിലും ഇവികള്‍ പച്ചപിടിച്ചു വരുന്ന സാഹചര്യമായതിനാല്‍ ഇതിന്റെ പ്രാഡക്ഷന്‍ പതിപ്പ് ഐസിഇ ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം.

ഇതിന് ഒരു ഹൈബ്രിഡ് ഹൃദയവും ലഭിച്ചേക്കുമെന്ന് സംസാരമുണ്ട്. അടുത്തിടെ അവതരിപ്പിച്ച മാരുതി സുസുക്കി ജിംനി 5 ഡോറിനെതിരെയായിരിക്കും ഈ എസ്‌യുവി ഇന്ത്യയില്‍ മത്സരിക്കുക. ജിംനിക്കെതിരെയാണ് പോരാട്ടം എന്നതിനാല്‍ തന്നെ പരുക്കന്‍ ശൈലിയിലായിരിക്കും പുത്തന്‍ ടൊയോട്ട എസ്‌യുവിയുടെ രൂപകല്‍പ്പന. FJ എന്നത് ടൊയോട്ടയുടെ ചരിത്രത്തിലെ ഐതിഹാസിക നാമങ്ങളില്‍ ഒന്നാണ്. ഒരുവിധം എല്ലാ തലമുറകളിലും പെട്ട ലാന്‍ഡ് ക്രൂയിസറുകള്‍ ഈ ഐതിഹാസിക നാമം പേറിയിട്ടുണ്ട്.
1955-ല്‍ FJ20 മുതലാണ് ഈ മോണിക്കര്‍ ടെയോട്ട ഉപയോഗിച്ച് വന്നത്. 2006 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ വില്‍പ്പനയിലുണ്ടായിരുന്ന് റെട്രോ-സ്‌റ്റൈല്‍ 'FJ ക്രൂയിസറി'നായിരുന്നു അവസാനം FJ ലഭിച്ചത്. ഡിമാന്‍ഡ് കുറഞ്ഞതിനൊപ്പം കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങളും കൂടി ആയതോടെയാണ് FJ ക്രൂയിസര്‍ നിര്‍ത്തലാക്കിയത്. ഉയര്‍ന്ന നിലവാരത്തിലുള്ള ഓഫ്-റോഡറുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ അഗ്രഗണ്യന്‍മാരായ ടൊയോട്ട കോംപാക്റ്റ് ലാന്‍ഡ് ക്രൂയിസറിന് FJ നാമം കൂടി ചേര്‍ത്ത് ആരാധകരുടെ വികാരമുണര്‍ത്തുമെന്നും വമ്പന്‍ വില്‍പ്പന നേടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഔദ്യോഗിക വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും പുത്തന്‍ പ്രാഡോയില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സവിശേഷമായ ഒരു സ്റ്റൈലിംഗിലായിരിക്കും ഇത് വരികയെന്ന് തോന്നുന്നു. ഉയരമുള്ള പില്ലറുകളും ചതുരാകൃതിയിലുള്ള ബോഡി പാനലുകളും ടീസറുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. കൊറോള ക്രോസിന് സമാനമായ വലിപ്പം ഇതിനുണ്ടാകുമെന്നാണ് ജപ്പാനില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് TNGA-C ആര്‍ക്കിടെക്ചറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്ന പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ജിംനിയെ എതിരിടുന്നതിനാല്‍ ബോഡി-ഓണ്‍-ഫ്രെയിം ഷാസിയിലായിരിക്കും ഇത് വരിക.
കൊറോള ക്രോസില്‍ നിന്നുള്ള 2.0 ലിറ്റര്‍ പെട്രോള്‍, RAV4-ല്‍ നിന്നുള്ള 2.5 ലിറ്റര്‍ പെട്രോള്‍/ഹൈബ്രിഡ്, പ്രാഡോയിലും ഹൈലക്‌സിലും കണ്ടുവരുന്ന 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവ വരാന്‍ പോകുന്ന എസ്യുവിയുടെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഭാവിയില്‍ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണത്തോടെ എസ്‌യുവിയുടെ ഫുള്‍ ഇലക്ട്രിക് പതിപ്പും കൊണ്ടുവരാന്‍ ടൊയോട്ടക്ക് പദ്ധതികളുണ്ട്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഫോര്‍ഡ് ബ്രോങ്കോ സ്പോര്‍ട്ടിനെയാകും ഇത് എതിരിടുക. അതേസമയം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൂടുതല്‍ താങ്ങാവുന്ന വില നിലവാരത്തില്‍ അവതരിപ്പിക്കും. ടൊയോട്ട 'ലാന്‍ഡ് ക്രൂയിസര്‍ മിനി' അടുത്ത വര്‍ഷം എപ്പോഴെങ്കിലും ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








