റെഡിയല്ലോ... ജിംനി 'അന്തകന്‍' ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ മിനി അടുത്ത വര്‍ഷമെത്തും
ലോകത്തിലെ എസ്‌യുവി പ്രേമികള്‍ കൊതിക്കുന്ന വാഹനമേതെന്ന് ചോതിച്ചാല്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നായിരിക്കും ഉത്തരം. അപാരമായ ഓഫ്‌റോഡിംഗ് ശേഷി കൊണ്ടും ആഡംബരം കൊണ്ടും അവതാരപ്പിറവിയെടുത്ത വിപണികളിലെല്ലാം ചൂടപ്പം പോലെയാണ് ഇത് വിറ്റുതീര്‍ന്നത്. എസ്‌യുവികള്‍ക്കിടയിലെ കാളക്കൂറ്റനെ സ്വന്തമാക്കാന്‍ വണ്ടിപ്രാന്തന്‍മാര്‍ ഇടിച്ചുകയറിയതോടെ കരിഞ്ചന്തയില്‍ പോലും വണ്ടി വാങ്ങാന്‍ കിട്ടാത്ത സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്.
ടൊയോട്ട ലാന്‍ഡ്ക്രൂയിസര്‍ LC300 നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ സഹോദരനായ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഉടന്‍ തന്നെ പുറത്തിറങ്ങന്‍ പോകുകയാണ്. ഇതിനിടെ എസ്‌യുവി ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒരു വാര്‍ത്തയാണ് ജപ്പാനില്‍ നിന്ന് വരുന്നത്. ഇന്ത്യയില്‍ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡര്‍ എസ്‌യുവി വിപണി വളരുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി ജിംനി 5 ഡോറിന് എതിരാളിയായി ടൊയോട്ട ഒരു പുതിയ ലൈഫ്സ്റ്റൈല്‍ കോംപാക്റ്റ് ഓഫ്-റോഡര്‍ വികസിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.

2021ല്‍ പ്രദര്‍ശിപ്പിച്ച കോംപാക്റ്റ് ക്രൂയിസര്‍ ഇവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും വരാന്‍ പോകുന്ന ലാന്‍ഡ് ക്രൂയിസര്‍ 'മിനി'. ഹൈബ്രിഡ്, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് വില്‍പ്പനക്കെത്തുമെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരാന്‍ പോകുന്ന ടൊയോട്ട മോഡലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത ചരിത്രമുള്ള ബെസ്റ്റ് കാര്‍സ്, മാഗസിന്‍ എക്‌സ് എന്നീ മാഗസിനുകളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ടൊയോട്ട 'ലാന്‍ഡ് ക്രൂയിസര്‍ മിനി' അടുത്ത വര്‍ഷം എപ്പോഴെങ്കിലും ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റ് ക്രൂയിസര്‍ അല്ലെങ്കില്‍ യാരിസ് ക്രൂയിസര്‍ എന്നായിരിക്കും ഒരുപേക്ഷേ ഇതിന് പേര് ലഭിച്ചേക്കുക. കോംപാക്ട് ക്രൂയിസര്‍ കണ്‍സെപ്റ്റ് ഇലക്ട്രിക് അവതാരത്തിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇന്ത്യയടക്കം പല വിപണികളിലും ഇവികള്‍ പച്ചപിടിച്ചു വരുന്ന സാഹചര്യമായതിനാല്‍ ഇതിന്റെ പ്രാഡക്ഷന്‍ പതിപ്പ് ഐസിഇ ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. ഇതിന് ഒരു ഹൈബ്രിഡ് ഹൃദയവും ലഭിച്ചേക്കുമെന്ന് സംസാരമുണ്ട്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജപ്പാനില്‍ പുതിയ പ്രാഡോയുടെ അരങ്ങേറ്റ സമയത്ത് 'ബേബി' ലാന്‍ഡ്ക്രൂയിസറിന്റെ ഒരു ടീസര്‍ പങ്കുവെച്ചിരുന്നു. അവിടെ കണ്ട സിലൗട്ട് മിനി ലാന്‍ഡ് ക്രൂയിസറും കണ്‍സെപ്റ്റ് മോഡലും തമ്മില്‍ സാമ്യതകളുണ്ടെന്ന സൂചനകള്‍ നല്‍കുന്നതായിരുന്നു. TNGA-C ആര്‍ക്കിടെക്ചറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്ന പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജിംനിയെ എതിരിടുന്നതിനാല്‍ ബോഡി-ഓണ്‍-ഫ്രെയിം ഷാസിയിലായിരിക്കും ഇത് വരിക.
ക്രൂയിസര്‍ കണ്‍സെപ്റ്റില്‍ കണ്ട ഉയര്‍ന്ന പില്ലറും പരന്ന റൂഫും ഇതില്‍ ദൃശ്യമായിരുന്നു. പുത്തന്‍ എസ്‌യുവിയുടെ വലിപ്പം കൊറോള ക്രോസിന് സമാനമായിരിക്കുമെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ഇതിന് മാരുതി ജിംനിയേക്കാള്‍ വലിപ്പമുണ്ടാകും. ഇതിന്റെ മൊത്തത്തിലുള്ള നീളം 4,350 മില്ലീമീറ്ററും വീതി 1,860 മില്ലീമീറ്ററും ഉയരം 1,880 മില്ലീമീറ്ററും ആണെന്ന് കണക്കാക്കപ്പെടുന്നു. വരാന്‍ പോകുന്ന എസ്‌യുവി ഉയരത്തിന്റെ കാര്യത്തില്‍ പുതിയ പ്രാഡോക്ക് സമമായിരിക്കുമെങ്കിലും വലിപ്പത്തിന്റെ കാര്യത്തില്‍ ചെറുതായിരിക്കും.
കോംപാക്ട് ക്രൂയിസര്‍ കണ്‍സെപ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന എക്‌സ്റ്റീരിയറിലായിരിക്കും മിനി ലാന്‍ഡ് ക്രൂയിസര്‍ എത്തുക. ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്പെയര്‍വീലിനൊപ്പം വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളും ഇതില്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഉപയോഗിച്ചേക്കാം. പുതിയ തലമുറ പ്രാഡോയില്‍ നിന്ന് ടൊയോട്ട ഇത് ഒഴിവാക്കിയിരുന്നുവെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കൊറോള ക്രോസില്‍ നിന്നുള്ള 2.0 ലിറ്റര്‍ പെട്രോള്‍, RAV4-ല്‍ നിന്നുള്ള 2.5 ലിറ്റര്‍ പെട്രോള്‍/ഹൈബ്രിഡ്, പ്രാഡോയിലും ഹൈലക്സിലും കണ്ടുവരുന്ന 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവ വരാന്‍ പോകുന്ന എസ്‌യുവിയുടെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഉടന്‍ അരങ്ങേറാന്‍ പോകുന്ന ഫോര്‍ച്യൂണറിന്റെ അടുത്ത തലമുറ പതിപ്പില്‍ ഡീസല്‍-ഹൈബ്രിഡ് സജ്ജീകരണം കൊണ്ടുവരുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ലാന്‍ഡ് ക്രൂയിസര്‍ മിനിയില്‍ ഇത് ഉള്‍ക്കൊള്ളിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല.
ഭാവിയില്‍ ടാക്കോമ പിക്കപ്പ് ട്രക്കിലെ ഇലക്ട്രിക് പവര്‍ട്രെയിന്‍ ലാന്‍ഡ് ക്രൂയിസര്‍ മിനിയില്‍ സജ്ജീകരിച്ചേക്കും. അടുത്ത മാസം ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഈ പുത്തന്‍ എസ്‌യുവി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചനകള്‍. തായ്‌ലന്‍ഡ് അടക്കമുള്ള തെക്കുകിഴക്കന്‍ രാജ്യങ്ങളില്‍ നിര്‍മിക്കാന്‍ പോകുന്ന വാഹനം ഇവിടെ നിന്ന് മറ്റ് ആഗോള വിപണികളിലേക്ക് കയറ്റി അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും ഏഷ്യന്‍ വിപണിയാണ് ഇതുകൊണ്ട് ടൊയോട്ട ലക്ഷ്യം വെക്കുന്നത്. എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ജപ്പാനിലായിരിക്കും നിര്‍മിക്കുക.


Click it and Unblock the Notifications








