സാധാരണക്കാരനും കൈയ്യെത്തി പിടിക്കാം; ബജറ്റ് വിലയിൽ ഒരു ഫോർച്ച്യൂണർ എത്തിയാൽ എങ്ങനെയിരിക്കും?
ടൊയോട്ട ഫോർച്യൂണറിനോട് ഇന്ത്യക്കാർക്കുള്ള സ്നേഹവും ആരാധനയും വേറെ ലെവലാണ് എന്ന് തന്നെ പറയാം, നമുക്കെല്ലാവർക്കും തന്നെ ഇതിനെക്കുറിച്ച് അറിയാവുന്നതുമാണ്. അതുപോലെ തന്നെ നമുക്കറിയാവുന്ന മറ്റൊരു കാര്യമാണ്, ഇതിന്റെ വില വളരെ അമിതമായി മാറിയിരിക്കുന്നു എന്നതും. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഓരു സാധാരണക്കാരന് 50 ലക്ഷം രൂപയുടെ ഫോർച്യൂണർ വാങ്ങാൻ കഴിയില്ല എന്നത് വളരെ വ്യക്തമാണ്.
എന്നാൽ ഭാവിയിൽ കാര്യങ്ങൾ വ്യത്യസ്തമായേക്കാം. അടുത്തിടെ, ഇന്നൊവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ (IMV 0) പ്ലാറ്റ്ഫോം എന്ന പേരിൽ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ പ്ലാറ്റ്ഫോം പ്രദർശിപ്പിച്ചിരുന്നു. കമ്പനിയുടെ അഭിപ്രായത്തിൽ, യൂട്ടിലിറ്റി വാഹനങ്ങളുടെ ഒരു വമ്പൻ ശ്രേണിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു വേർസട്ടയിലും കസ്റ്റമൈസ് ചെയ്യാവുന്നതുമായ ഒരു ആർകിടെക്ച്ചറാണിത്. അത്തരത്തിൽ ഈ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ടേക്കാവുന്ന വാഹനങ്ങളിൽ ഒന്ന് സാധാരണക്കാരന്റെ ടൊയോട്ട ഫോർച്യൂണറാവും എന്ന ഊഹാപോഹങ്ങൾ ഇപ്പോഴെ ഉയർന്നു വരികയാണ്.

ടൊയോട്ട മോട്ടോർ കോർപ്പറേഷൻ അടുത്തിടെ രംഗ പിക്കപ്പ് ട്രക്ക് എന്നറിയപ്പെടുന്ന IMV 0 പ്രദർശിപ്പിച്ചിരുന്നു. കമ്പനിയുടെ അഭിപ്രായത്തിൽ, യൂട്ടിലിറ്റി വാഹനങ്ങളുടെ ലോകത്ത് ഇത് വളരെ സവിശേഷമായ ഒരു മോഡലായിരിക്കും. ഈ വാഹനത്തിന്റെ ബോഡി ഒരു കൊമേർഷ്യൽ വാനോ പേഴ്‌സണൽ വാഗണോ ആയി എളുപ്പത്തിൽ മാറ്റാൻ കഴിയുമെന്ന് ടൊയോട്ട പ്രസ്താവിച്ചു. അതേസമയം വാഹനത്തിന്റെ ഫ്രണ്ട് ഡോറുകളിൽ നിന്ന് മുന്നിലേക്കുള്ള ക്യാബിന്റെ ഘടന കാര്യമായ മാറ്റമില്ലാതെ തുടരും.
IMV 0 -യുടെ രിയൽ ലൈഫ് കൺസെപ്റ്റുകൾ അടുത്തിടെ ജപ്പാൻ മൊബിലിറ്റി ഷോ 2023 -ൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ലാൻഡ് ക്രൂയിസർ പോലുള്ള രൂപകല്പനയും ഓഫ്-റോഡ് എക്സ്പ്ലോറിംഗിനായി സജ്ജീകരിച്ചിരിക്കുന്ന ഒരു ഓവർലാൻഡർ വേരിയന്റുമായി കമ്പനി ഒരു പരുക്കൻ പിക്കപ്പ് പ്രദർശിപ്പിച്ചു. ഷോയിൽ കാണിച്ചിരിക്കുന്ന IMV 0 പിക്കപ്പ് ട്രക്കിന് 5,300 mm നീളവും 1,785 mm വീതിയും 1,740 mm ഉയരവുമുണ്ട്. ഈ അളവുകൾ ഔട്ട്ഗോയിംഗ് മോഡലായ ഹൈലക്സിന് സമാനമാണ്.

നിലവിൽ, ഇതിനെക്കുറിച്ച് വ്യക്തമായ റിപ്പോർട്ടുകളൊന്നുമില്ല; എന്നിരുന്നാലും, ഇന്ത്യയ്‌ക്കായി കൂടുതൽ താങ്ങാനാവുന്ന ഫോർച്യൂണർ രൂപപ്പെടുത്താൻ കമ്പനിക്ക് ഈ പുതുതായി പ്രദർശിപ്പിച്ച പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും എന്ന് വിശ്വസിക്കപ്പെടുന്നു. നിലവിൽ, ടൊയോട്ടയുടെ അർബൻ ക്രൂയിസർ ഹൈറൈഡറും ജനപ്രിയ ഫോർച്യൂണർ എസ്‌യുവിയും തമ്മിൽ ഒരു ബേബി ഫോർച്യൂണർ ഉപയോഗിച്ച് നിറയ്ക്കാൻ കഴിയുന്ന കാര്യമായ വിടവ് കമ്പനിക്കുണ്ട്.
ഈ ഗ്യാപ്പ് ഫിൽ ചെയ്യാൻ അത്തരമൊരു മോഡൽ സൃഷ്ടിക്കാൻ കമ്പനി തീരുമാനിക്കുകയാണെങ്കിൽ, നിലവിൽ ഇന്ത്യയിലെ ഏറ്റവും വിജയകരമായ പ്രീമിയം ഫുൾ സൈസ് ലാഡർ-ഓൺ-ഫ്രെയിം ഷാസി എസ്‌യുവി ഫോർച്യൂണർ ആയതിനാൽ, അതിന്റെ കുഞ്ഞൻ പതിപ്പും ഇന്ത്യൻ വിപണിയിൽ എളുപ്പത്തിൽ വിജയിക്കും. IMV 0 ഒരു ലാഡർ-ഫ്രെയിം അണ്ടർപിന്നിംഗും റിയർ ആക്‌സിലിൽ ഒരു ലീഫ് സ്പ്രിംഗ് സസ്പെൻഷനും വാഗ്ദാനം ചെയ്യുന്നു.

ഇവ രണ്ടും നിലവിലുള്ള ടൊയോട്ട ഹൈലക്സുമായി പങ്കിടുന്നവയാണ്. ഒരു സാധാരണക്കാരന്റെ ഫോർച്യൂണർ സൃഷ്ടിക്കാൻ കമ്പനി തീരുമാനിച്ചാൽ ഈ പ്ലാറ്റ്‌ഫോം ശക്തമായ അടിത്തറയായി പ്രവർത്തിക്കുമെന്ന് നിസംശയം പറയാം. അടുത്തതായി, വിലനിർണ്ണയത്തിന്റെ കാര്യത്തിലും, ഈ ബജറ്റ് ഫ്രണ്ട്ലി ടൊയോട്ട ഫോർച്യൂണറിന് അർബൻ ക്രൂയിസർ ഹൈറൈഡറിനും യഥാർത്ഥ ഫോർച്യൂണറിനും ഇടയിൽ ഒരു മധ്യനിരയായി മാറാൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഏകദേശം 25 ലക്ഷം എക്സ്-ഷോറൂം വിലയ്ക്ക് ഇത് പുറത്തിറക്കാനാവും.
2009 -ൽ വിപണിയിൽ എത്തിയത് മുതൽ, ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വാഹന വിപണി ഭരിക്കുകയാണ്. ഫോർഡ് എൻഡവർ ഒഴികെ മറ്റൊരു എസ്‌യുവിക്കും ഫോർച്യൂണറിന്റെ അടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. നിലവിൽ 33.43 ലക്ഷം രൂപ മുതൽ 51.44 ലക്ഷം രൂപ വരെ വിലയുള്ള ഈ എസ്‌യുവി പലർക്കും ഒരു സ്വപ്നമാണ്. എന്നിരുന്നാലും, ബജറ്റ് വിലയിൽ എസ്‌യുവികളെ ഇന്ത്യ ഇഷ്ടപ്പെടുന്നതിനാൽ IMV 0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു എസ്‌യുവിയ്ക്ക് ഇവിടെ വലിയ സാധ്യതകളുണ്ട്.


Click it and Unblock the Notifications








