ഡിമാന്‍ഡ് കണ്ട് കണ്ണുതള്ളി! ഇന്ത്യയില്‍ പുതിയ പ്ലാന്റ് തുറക്കാന്‍ ടൊയോട്ട

ഉല്‍പ്പാദന അളവിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ടൊയോട്ട. വിപണന ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനൊപ്പം ഡിമാന്‍ഡ് വര്‍ധിക്കുക കൂടി ചെയ്തതോടെ ഓഗസ്റ്റ് മാസത്തില്‍ ആഗോളതലത്തില്‍ റെക്കോഡ് വില്‍പ്പനയാണ് ടൊയോട്ട നേടിയതെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തുവരുന്നത്. 2023 ഓഗസ്റ്റില്‍ 9,23,189 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട വിറ്റത്. ആഗോള ഉത്പാദനം 4 ശതമാനം ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.

ടൊയോട്ടയുടെ വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. നിലവില്‍ രണ്ട് വാഹന നിര്‍മാണശാലകളാണ് ടൊയോട്ടക്ക് ഇന്ത്യയിലുള്ളത്. നിലവിലുള്ള ഡിമാന്‍ഡ് മുതലെടുക്കുന്നതിനായി ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ടൊയോട്ട ഇന്ത്യയില്‍ തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഉയര്‍ന്നുവന്ന ഇന്ത്യയില്‍ നിന്ന് വന്‍നേട്ടങ്ങള്‍ കൊയ്യാനായിട്ടാണ് ടൊയോട്ടയുടെ പ്ലാനെന്നാണ് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

toyota plant

നിലവില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 400,000 യൂണിറ്റുകളുടെ ഉത്പാദന ശേഷിയാണ് ടൊയോട്ടയ്ക്കുള്ളത്. ആഗോളതലത്തിലെ ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിന് കീഴില്‍ മാരുതി സുസുക്കി ബ്രാന്‍ഡില്‍ നിര്‍മ്മിക്കുന്ന മോഡലുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മൂന്നാമത്തെ പ്ലാന്റ് കൂടി വരുന്നതോടെ ഉത്പാദനം 30 ശതമാനം കൂട്ടാനാകുമെന്നാണ് ടൊയോട്ട കരുതുന്നത്.

പുത്തന്‍ പ്ലാന്റ് വഴി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കൊപ്പം തന്നെ ജാപ്പനീസ് വാഹന ഭീമന്‍ ഒരു പുതിയ എസ്‌യുവിയുടെ പണിപ്പുരയിലാണെന്നും സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുമ്പോഴും ഇന്ത്യയില്‍ കാര്‍ കമ്പനികളില്‍ ആദ്യ മൂന്നിലെത്താന്‍ ടൊയോട്ടക്ക് സാധിച്ചിരുന്നില്ല. ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും പോലുള്ള കാറുകള്‍ തങ്ങളുടെ സെഗ്മെന്റുകളില്‍ ആധിപത്യം പുലര്‍ത്തുമ്പോഴും ചെറുകാര്‍ വിഭാഗത്തില്‍ പച്ചപിടിക്കാന്‍ ടൊയോട്ടക്ക് സാധിക്കാത്തതാണ് ഇതിന് കാരണം.

toyota plant

എന്നാല്‍ സുസുക്കിയുമായുള്ള പങ്കാളിത്തം കാരണം വലിയ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. ജാപ്പനീസ് കാര്‍ ഭീമന്‍മാരുടെ പങ്കാളിത്തത്തിന് കീഴില്‍ കാറുകള്‍ കൈമാറ്റം ചെയ്യുന്നതിന് സമീപകാലത്തായി നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടു. തെരഞ്ഞെടുത്ത മോഡലുകള്‍ പരസ്പരം മാറ്റി റീബാഡ്ജ് ചെയ്ത് സ്വന്തം ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകള്‍ വഴി വില്‍ക്കുകയാണ് ചെയ്യുന്നത്. കാര്‍ റീബാഡ്ജിംഗ് തന്ത്രം ഏതായാലും ഇതുവരെ വിജയകരമായിരുന്നു.

മാരുതിയുടെ ബെസ്റ്റ് സെല്ലര്‍ പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സയും മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ റീബാഡ്ജ് കസിനായ ഹൈറൈഡറും തന്നെ ഉദാഹരണം. രാജ്യത്തെ ടൊയോട്ടയുടെ മൊത്തം വില്‍പ്പനയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നത് ഹൈറൈഡറും ഗ്ലാന്‍സയുമാണ്. ഓഗസ്റ്റ് അവസാനം കൂട്ടുകെട്ടിന് കീഴിലെ പുതിയ ഉല്‍പ്പന്നമായ ടൊയോട്ട റൂമിയോണ്‍ എംപിവി വിപണിയില്‍ എത്തിയിരുന്നു. മാരുതി എര്‍ട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പിന് വമ്പന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.

toyota plant

27 കിലോമീറ്ററിനടുത്ത് മൈലേജ് വാഗ്ദാനം ചെയ്യുന്ന റൂമിയോണിന്റെ സിഎന്‍ജി പതിപ്പിനായി ജനം ഇരച്ചെത്തിയതോടെ ബുക്കിംഗ് നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്. ഇതിന്റെ കൂടെ പുതിയ എസ്‌യുവി കൂടി എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടൊയോട്ടയുടെ വിശ്വാസ്യതക്കും പ്രശസ്തിക്കുമൊപ്പം താങ്ങാവുന്ന വിലയില്‍ കൂടി ഉല്‍പ്പങ്ങള്‍ ലഭ്യമായി തുടങ്ങിയതോടെ ഡിമാന്‍ഡ് കുത്തനെ കൂടുകയാണ്.

അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം റെക്കോഡ് വില്‍പ്പനയാണ് അവര്‍ ലക്ഷ്യമിടുന്നത്. 340D എന്ന കോഡ് നാമത്തിലുള്ള വരാന്‍ പോകുന്ന എസ്‌യുവിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ഈ പുത്തന്‍ കാര്‍ 2026-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇതിനിടെ ടൊയോട്ട ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം ജപ്പാനില്‍ നിന്ന് വന്നിരുന്നു.

ഇന്ത്യയില്‍ ലൈഫ്സ്റ്റൈല്‍ ഓഫ്റോഡര്‍ എസ്യുവി വിപണി വളരുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി ജിംനി 5 ഡോറിന് എതിരാളിയായി ടൊയോട്ട ഒരു പുതിയ ലൈഫ്‌സ്‌റ്റൈല്‍ കോംപാക്റ്റ് ഓഫ്-റോഡര്‍ വികസിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ലാന്‍ഡ് ക്രൂയിസര്‍ മിനിയെ കുറിച്ചാണ് പറഞ്ഞത്. 2021ല്‍ പ്രദര്‍ശിപ്പിച്ച കോംപാക്റ്റ് ക്രൂയിസര്‍ ഇവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും വരാന്‍ പോകുന്ന ലാന്‍ഡ് ക്രൂയിസര്‍ 'മിനി'.

ഹൈബ്രിഡ്, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് വില്‍പ്പനക്കെത്തുമെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈറ്റ് ക്രൂയിസര്‍ അല്ലെങ്കില്‍ യാരിസ് ക്രൂയിസര്‍ എന്നായിരിക്കും ഒരുപേക്ഷേ ഇതിന് പേര് ലഭിച്ചേക്കുക. ടൊയോട്ട 'ലാന്‍ഡ് ക്രൂയിസര്‍ മിനി' അടുത്ത വര്‍ഷം എപ്പോഴെങ്കിലും ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 28, 2023, 12:51 [IST]
English summary
Toyota planning to construct third plant in india amid booming demand for cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X