ടൊയോട്ട തിരിച്ചുവിളിക്കുന്നത് ഒന്നും രണ്ടുമല്ല 10 ലക്ഷത്തോളം കാറുകള്‍; നിങ്ങളുടെ വണ്ടി ഇതിലുണ്ടോ?
നിര്‍മാണ തകരാറുകളോ അപകാതകളോ പരിഹരിക്കാനായി നിര്‍മാതാക്കള്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത് നാം ഇടക്കിടെ കാണാറുണ്ട്. ചെറിയ പ്രശ്‌നമാണെങ്കില്‍ പോലും 'റീകാള്‍' എന്ന് കേള്‍ക്കുമ്പോള്‍ വണ്ടിമുതലാളിമാരുടെ ഉള്ളില്‍ ഒരു കാളലാണ്. വലിയ ബ്രാന്‍ഡുകള്‍ അടക്കം ഇത്തരത്തില്‍ വണ്ടികള്‍ തിരിച്ചുവിളിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ടൊയോട്ട മോട്ടോര്‍ കമ്പനിയാണ് ഏറ്റവും പുതുതായി കാറുകള്‍ തിരിച്ചുവിളിച്ചത്.
ഒന്നും രണ്ടുമല്ല ഒരു ദശലക്ഷത്തോളം കാറുകളെയാണ് ജാപ്പനീസ് ബ്രാന്‍ഡ് തിരിച്ച് വിളിച്ചിരിക്കുന്നത്. 2020-നും 2022-നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ടൊയോട്ടയില്‍ നിന്നുള്ള കാറുകള്‍ മാത്രമല്ല അവരുടെ ലക്ഷ്വറി ഡിവിഷനായ ലെക്‌സസില്‍ നിന്നുമുള്ള മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. വാഹനങ്ങളിലെ എയര്‍ ബാഗുകളുടെ സംശയാസ്പദമായ തകരാര്‍ പരിശോധിക്കാനാണ് നടപടി.

എന്നാല്‍ തല്‍ക്കാലത്തേക്ക് ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം സംഭവം യുഎസിലാണ്. അമേരിക്കൻ കാര്‍ വിപണിയിലെ നിരവധി ജനപ്രിയ കാര്‍ മോഡലുകള്‍ തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. RAV4, കാംറി, അവലോണ്‍, ഹൈലാന്‍ഡര്‍, സിയന്ന, കൊറോള എന്നീ ജനപ്രിയ മോഡലുകളാണ് സര്‍വീസ് സെന്ററിലേക്ക് വിളിച്ചത്. കൂടാതെ, നിരവധി ഹൈബ്രിഡ് മോഡലുകള്‍ക്കും നിര്‍മാണ അപാകത പ്രതീക്ഷിക്കുന്നുണ്ട്.
ഈ വാഹനങ്ങളുടെ മുന്‍വശത്തെ പാസഞ്ചര്‍ സീറ്റുകളിലെ സെന്‍സറുകളുമായി ബന്ധപ്പെട്ട് അപാകതകള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. തകരാറുണ്ടെങ്കില്‍ സീറ്റില്‍ ഇരിക്കുന്ന വ്യക്തിയുടെ ഭാരം നിര്‍ണയിക്കാന്‍ സെന്‍സറിന് കഴിയാതെ വരികയും അപകടകരമായ സാഹചര്യത്തില്‍ ചിലപ്പോള്‍ എയര്‍ബാഗ് വിന്യസിക്കാതിരിക്കുകയും ചെയ്യും. ഇത് അത്യന്തം അപകടകരമാണെന്ന് വിശദീകരിക്കേണ്ട കാര്യമില്ലെല്ലോ.

തിരിച്ചുവിളിക്കുന്ന എല്ലാ വാഹനങ്ങളുടെ ഒസിഎസ് അഥവാ ഒക്യുപന്റ് ക്ലാസിഫിക്കേഷന്‍ സിസ്റ്റം സെന്‍സറുകള്‍ പരിശോധച്ച ശേഷം എന്തെങ്കിലും തകരാര്‍ ശ്രദ്ധയില്‍ പെട്ടാല്‍ ചാര്‍ജ് ഒന്നും കൂടാതെ ഇവ മാറ്റിനല്‍കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ഫെബ്രുവരി മുതല്‍ തിരിച്ചുവിളിക്കലിന്റെ ഭാഗമായി ഉപഭോക്താക്കളുമായി ടൊയോട്ട ബന്ധപ്പെടും. ഇതിന് കൂടെ തന്നെ തങ്ങളുടെ കാറുകള്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടോ എന്നറിയാന്‍ യുഎസിലെ ടൊയോട്ടയുടെയും ലെക്‌സസിന്റെയും ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ സെന്ററുകളുമായി ബന്ധപ്പെടാനും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയം നിമിത്ത കാറുകള്‍ തിരിച്ചുവിളിക്കുന്നതിനോട് ബ്രാന്‍ഡുകള്‍ പൊതുവേ വിമുഖത കാണിക്കുന്ന പതിവുണ്ട്. എന്നാല്‍ റോഡ് സുരക്ഷയുടെ കാര്യത്തില്‍ കടുംപിടുത്തക്കാരാണ് യുഎസിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ (NHTSA). അതുകൊണ്ട് തന്നെ എന്തെങ്കിലും തകരാറുകളോട അപാകതകളോ ശ്രദ്ധയില്‍ പെട്ടാല്‍ യുഎസ് വിപണിയിലുള്ള കാര്‍ നിര്‍മാതാക്കള്‍ വണ്ടികള്‍ തിരിച്ചുവിളിക്കുക പതിവാണ്. കനത്ത പിഴ ലഭിച്ചേക്കുമെന്ന ഭയവും ഇതിന് പിന്നിലുണ്ട്.

കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ടൊയോട്ടയും ലെക്‌സസും ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ് പുറത്തുവിട്ട 2023-ലെ ഏറ്റവും വിശ്വാസ്യതയുള്ള 10 കാര്‍ ബ്രാന്‍ഡുകളുടെ പട്ടിക യിലാണ് ലെക്‌സസ് ഒന്നാം സ്ഥാനവും ടൊയോട്ട രണ്ടാം സ്ഥാനവും നേടിയത്.
2000 മുതല്‍ 2023 മോഡല്‍ ഇയറിലുള്ള 3.3 ലക്ഷം വാഹനങ്ങളുടെ ഡേറ്റയാണ് റിപ്പോര്‍ട്ടിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചില 2024 മോഡല്‍ ഇയര്‍ വാഹനങ്ങളെയും പരിഗണിച്ചിട്ടുണ്ട്. കസ്റ്റമര്‍ റിപ്പോര്‍ട്ട് 2023-ല്‍ 100-ല്‍ 79 സ്‌കോര്‍ ചെയ്താണ് ലെക്‌സസ് 2023-ലെ ഏറ്റവും വിശ്വസനീയമായ കാര്‍ ബ്രാന്‍ഡായി റാങ്ക് ചെയ്യപ്പെട്ടത്. സ്ഥിരമായി ഉപഭോക്താക്കള്‍ക്ക് തടസരഹിതമായ ഓണര്‍ഷിപ്പ് എക്സ്പീരിയന്‍സ് നല്‍കുക വഴിയാണ് ലെക്സസിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.

100-ല്‍ 76 പ്രെഡിക്ടഡ് റിലയബിലിറ്റി സ്‌കോര്‍ നേടിയാണ് ടൊയോട്ട പട്ടികയില്‍ രണ്ടാമതെത്തിയത്. കൂടുതല്‍ ഉപഭോക്തൃ-സൗഹൃദ കാറുകളും ട്രക്കുകളും നിര്‍മിച്ചാണ് ടൊയോട്ട ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചത്. ഇന്ത്യയിലാണെങ്കിലും ടൊയോട്ടയുടെ വില്‍പ്പന മെച്ചപ്പെടുന്ന കാഴ്ചയാണ്. സുസുക്കിയുമായുള്ള പങ്കാളിത്തം ടൊയോട്ടക്ക് വില്‍പ്പനയില്‍ വലിയ നേട്ടങ്ങള്‍ സമ്മാനിച്ചു. ഹിറ്റ് മോഡലുകള്‍ക്കൊപ്പം റീബാഡ്ജ്ഡ് മോഡലുകളും മികച്ച വില്‍പ്പന നേടിത്തരുന്നതോടെ റെക്കോഡ് നേട്ടത്തില്‍ 2024 കലണ്ടര്‍ വര്‍ഷത്തിന് തിരശ്ശീലയിടാനിരിക്കുകയാണ് ടൊയോട്ട.


Click it and Unblock the Notifications








