ടൊയോട്ട ഷോറൂമുകള്‍ നിറച്ച് ഹൈറൈഡറും ഹൈക്രോസും; ഇനി റൂമിയോണും കൂടി വന്നാല്‍ പറയണ്ട!
കഴിഞ്ഞ കുറച്ച് മാസങ്ങളായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് മികച്ച വില്‍പ്പനയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് നേടിയെടുക്കുന്നത്. 2023 ജൂലൈ തങ്ങളുടെ എക്കാലത്തെയും മികച്ച വില്‍പ്പന മാസമെന്നാണ് ചെവ്വാഴ്ച കമ്പനി പുറത്തുവിട്ട പത്രക്കുറിപ്പില്‍ വിശേഷിപ്പിച്ചത്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് 2023 സെപ്റ്റംബറില്‍ മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പായ റൂമിയോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.
ഇതിനിടെ ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഹൈറൈഡര്‍, ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെയുള്ള മോഡലുകള്‍ക്കും വമ്പന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. 2023 ജൂലൈയില്‍ ടൊയോട്ട മെത്തം 21,911 യൂണിറ്റ് വിറ്റഴിച്ചു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും അടക്കമുള്ള കണക്കാണിത്. ആഭ്യന്തര വില്‍പ്പന നോക്കുമ്പോള്‍ 2023 ജൂലൈയിലെ വില്‍പ്പന 20,759 യൂണിറ്റായി വര്‍ധിച്ചു. 2022 ജൂലൈയില്‍ 19,693 യൂണിറ്റുകളായിരുന്നു കമ്പനിക്ക് വില്‍ക്കാനായത്.

വളര്‍ച്ച 5.41 ശതമാനം. 1066 യൂണിറ്റ് ആണ് വോളിയം വളര്‍ച്ച. മുന്‍ മാസത്തേക്കാള്‍ 1151 യൂണിറ്റ് അധികം വില്‍ക്കാനും ഈ മാസമായി. 2023 ജൂണില്‍ ടൊയോട്ടക്ക് 19,608 യൂണിറ്റായിരുന്നു വില്‍പ്പന. പ്രതിമാസ വില്‍പ്പനയും 5.87 ശതമാനം മെച്ചപ്പെട്ടു. 2023 ജൂലൈയില്‍ മൊത്തം വില്‍പ്പന 21,911 യൂണിറ്റായിരുന്നു. ഇതില്‍ 20,759 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും 1,152 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടുന്നു.
2023 മേയ് മാസത്തെ 20,410 യൂണിറ്റുകളേക്കാള്‍ മികച്ച പ്രതിമാസ വില്‍പ്പനയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ 7 മാസത്തെ വില്‍പ്പന കണക്കുകളും ടൊയോട്ട പുറത്തുവിട്ടിട്ടുണ്ട്. 2023 ജനുവരി-ജൂലൈ വരെയുള്ള കാലയളവില്‍ മൊത്തം 1,24,282 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയത്. 2022 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 94,710 യൂണിറ്റുകളായിരുന്നു വില്‍പ്പന.

2023 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന നോക്കിയാലും വളര്‍ച്ചയാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 77,439 യൂണിറ്റുകളാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ വില്‍പ്പന 61506 യൂണിറ്റ് മാത്രമായിരുന്നു. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ എന്നീ മോഡലുകളാണ് ടൊയോട്ട വിപണിയില്‍ എത്തിക്കുന്നത്.
എന്നാല്‍ ഇവയില്‍ ഹൈറൈഡര്‍, ഹൈക്രോസ്, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍, ക്രിസ്റ്റ, കാമ്രി എന്നിവയാണ് വില്‍പ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്തത്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് കമ്പനി കര്‍ണാടകയിലെ ബിദാദി പ്ലാന്റിലെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അധിക ഷിഫ്റ്റ് ചേര്‍ത്തിരിക്കുകയാണ്. മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ രാജാക്കന്‍മാരാണ് ടൊയോട്ട.
എന്നിരുന്നാലും 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഒരു എംപിവി അവര്‍ വിപണിയില്‍ എത്തിക്കുന്നില്ല. ഇതിന് പരിഹാരം കാണാനും പുതിയൊരു വിഭാഗം ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിനുമായി ടൊയോട്ട അടുത്ത മാസം റൂമിയോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മാരുതിയുടെ ജനപ്രിയ മോഡലായ എര്‍ട്ടിഗയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണിത്. എര്‍ട്ടിഗയില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ക്കായി റൂമിയോണിന് ചെറിയ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ അപ്ഡേറ്റുകള്‍ ലഭിക്കുന്നു.
ടൊയോട്ടയുടെ എംപിവി ലൈനപ്പില്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് കീഴിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. റൂമിയോണ്‍ ഇതേ പേരില്‍ ദക്ഷിണ കൊറിയയില്‍ ടൊയോട്ട വില്‍ക്കുന്നുണ്ട്. റൂമിയോണ്‍ എന്ന പേര് ടൊയോട്ട ട്രേഡ്മാര്‍ക്ക് ചെയ്തതിനാല്‍ പുതിയ എംപിവിക്ക് ഇതേ പേര് തന്നെയായിരിക്കും ഇന്ത്യയിലും ലഭിക്കുക. എര്‍ട്ടിഗയില്‍ കാണുന്ന അതേ എഞ്ചിന്‍ ലൈനപ്പായിരിക്കും ടൊയോട്ട റൂമിയോണിന് കരുത്തേകുക.
102 bhp പവറും 136.8 Nm ടോര്‍ക്കും നല്‍കുന്ന മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും എംപിവിക്ക് തുടിപ്പേകുക. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോകസുമായി എഞ്ചിന്‍ ജോടിയാക്കും. എംപിക്ക് ടൊയോട്ട സിഎന്‍ജി കിറ്റ് അണിയിക്കാനും സാധ്യതയുണ്ട്. 8.64 ലക്ഷം മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. എര്‍ട്ടിഗയേക്കാള്‍ അല്‍പ്പം വില കൂടുതലായിരിക്കും റൂമിയോണിനെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications