എതിരാളികളെ വിറപ്പിച്ച് ടൊയോട്ടയുടെ പ്രതാപി വീണ്ടും നിരത്തുകളിലേക്ക്; വൻ മാറ്റങ്ങളോടെ 2024 ലാൻഡ് ക്രൂയിസർ 70
ടൊയോട്ട ലാൻഡ് ക്രൂയിസർ എന്ന വാഹന പ്രേമികളുടെ ജനപ്രിയ ബ്രാന്റ് കരുത്തിലും അഴകിലും കേമന്മാരായ വാഹനങ്ങൾ പുറത്തിറക്കികൊണ്ട് വാഹനവിപണിയുടെ ചരിത്രം തിരുത്തിയവരാണ്. വലിയ പാരമ്പര്യവും ഇപ്പോഴും തുടരുന്ന ജനപ്രിതിയും ലാൻഡ് ക്രൂയിസർ വാഹനങ്ങളുടെ മേന്മ കാണിക്കുന്നു. ഇപ്പോഴിതാ ടൊയോട്ട തങ്ങളുടെ ലാൻഡ് ക്രൂയിസർ ബ്രാന്റിന് കീഴിൽ പുതിയൊരു വാഹനം കൂടി പുറത്തിറക്കിയിരിക്കുകയാണ്.
ഒരു കാലത്ത് നിരത്തുകളെ ത്രസിപ്പിച്ച ടൊയോട്ട ലാൻഡ് ക്രൂയിസർ 70യുടെ പുതിയ പതിപ്പാണ് ഇപ്പോൾ കമ്പനി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. 1984ൽ ഒരു ഹെവി ഡ്യൂട്ടി മോഡലായിട്ടാണ് ലാൻഡ് ക്രൂയിസർ 70 ആദ്യം പുറത്തിറക്കിയത്. ബ്രാന്റിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച മോഡൽ കൂടിയാണ് ഇത്. 2024 ടൊയോട്ട ലാൻഡ് ക്രൂയിസർ 70 ജാപ്പനീസ് വിപണിയിലാണ് ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്.

കരുത്തിലും പരുക്കൻ ലുക്കിലുമാണ് പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ 70 മോഡലും ശ്രദ്ധ കൊടുത്തിരിക്കുന്നത്. പഴയ പേര് നിലനിർത്തുമ്പോഴും പുതിയ ഡിസൈനും എഞ്ചിനുമാണ് ലാൻഡ് ക്രൂയിസർ 70യുടെ 2024 പതിപ്പിലുള്ളത്. ഈ സീരീസിലെ സിലൌട്ട് പാരമ്പര്യം അതേപടി നിലനിർത്തികൊണ്ട് വരുന്ന 2024 മോഡൽ ടൊയോട്ട ലാൻഡ് ക്രൂയിസർ 70യിൽ ആധുനികമായ ഡിസൈൻ ഘടകങ്ങളാണുള്ളത്.
വെർട്ടിക്കലും ഹോറിസോണ്ടലുമായ ലൈനുകളാണ് 2024 ടൊയോട്ട ലാൻഡ് ക്രൂയിസർ 70യുടെ ഡിസൈനിലെ പ്രധാന ഘടകം. ഹോറിസോണ്ടലായ ഇന്റീരിയർ ഡിസൈൻ തീമും വാഹനത്തിൽ നൽകിയിട്ടുണ്ട്. ലാൻഡ് ക്രൂയിസർ 70യുടെ പാരമ്പര്യം നിലനിർത്തുമ്പോൾ തന്നെ ഒട്ടും പഴഞ്ചനായി അനുഭവപ്പെടാത്ത രീതിയിലാണ് ഈ വാഹനം ടൊയോട്ട ഡിസൈൻ ചെയ്തിരിക്കുന്നത്.

2.8L 1GD-FTV ഡയറക്ട്-ഇഞ്ചക്ഷൻ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന്റെ കരുത്തിലാണ് 2024 മോഡൽ ടൊയോട്ട ലാൻഡ് ക്രൂയിസർ 70 പ്രവർത്തിക്കുന്നത്. ഈ എഞ്ചിൻ 204 PS പവറും 500 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഹനത്തിലുണ്ട്. ഒരു പാർട്ട് ടൈം 4WD സിസ്റ്റത്തിലൂടെ നാല് വീലുകളിലേക്കും എഞ്ചിൻ പവർ നൽകുന്നു.
പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ 70യിൽ 130 ലിറ്റർ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റിയാണുള്ളത്.ഈ വാഹനം നോയിസ് കുറഞ്ഞതും ശാന്തമായി ഡ്രൈവ് ചെയ്യാൻ സാധിക്കുന്നതുമാണ് എന്നതിനൊപ്പം ഓഫ്-റോഡ് പെർഫോമൻസിലും മികവ് പുലർത്തുന്നതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.ലാഡർ ഫ്രെയിം ഡിസൈനാണ് വാഹനത്തിലുള്ളത്. ഓൺ-ഓഫ്-റോഡ് ഉപയോഗത്തിനായുള്ള നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്.

ടഫ് ലാഡർ ഫ്രെയിം, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവ കൂടാതെ ടൊയോട്ട ലാൻഡ് ക്രൂയിസർ 70യിൽ വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (വിഎസ്‌സി), ആക്ടീവ് ട്രാക്ഷൻ കൺട്രോൾ (എ-ടിആർസി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (എച്ച്എസി), ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ (ഡിഎസി) എന്നീ ഫീച്ചറുകളും കമ്പനി നൽകിയിട്ടുണ്ട്. വാഹനത്തിന് കൂടുതൽ സുരക്ഷിതത്വവും സ്റ്റെബിലിറ്റിയും നൽകാൻ ഇവ സഹായിക്കുന്നു.
പുതിയ ഫീച്ചറുകളുമായി വരുന്ന 2024 മോഡൽ ടൊയോട്ട ലാൻഡ് ക്രൂയിസർ 70യിൽ ബാക്ക് മോണിറ്ററും ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ടുമുണ്ട്. പുതിയ പ്രീ-ക്രാഷ് സേഫ്റ്റി, ഓട്ടോ-കൺട്രോൾ ലൈറ്റിംഗ്, ഡ്രൈവ്-സ്റ്റാർട്ട് കൺട്രോൾ ഫംഗ്ഷനുകൾ എന്നിവയും വാഹനത്തിൽ കമ്പനി നൽകിയിട്ടുണ്ട്. ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications








