ജീപ്പ് എത്ര മിനുങ്ങിയാലും ടൊയോട്ട കുലുങ്ങില്ല; കിടിലൻ പവറും മൈലേജുമായി ഫോർച്ച്യൂണർ, ഹൈലക്സ് ഡീസൽ ഹൈബ്രിഡുകൾ
ലോകമെമ്പാടുമുള്ള തങ്ങളുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ റേഞ്ചിലേക്ക് ഒരു പുതിയ പവർട്രെയിൻ ഓപ്ഷനെക്കുറിച്ചുള്ള വിവരങ്ങൾ ടൊയോട്ട വെളിപ്പെടുത്തിയിരിക്കുകയാണ്. ബ്രാൻഡിന്റെ ജനപ്രിയമായ 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണിത്, എന്നിരുന്നാലും കർശനമായ ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും മൈലേജ് വർധിപ്പിക്കുന്നതിനുമായി 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതോടൊപ്പം സജ്ജീകരിച്ചിരിക്കുന്നു.
ഇത് മൂലം മൊത്തത്തിലുള്ള ഡ്രൈവിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുമെന്നും ശാന്തമായ സ്റ്റാർട്ടിംഗ് മെക്കാനിസം പ്രാപ്തമാക്കുമെന്നും ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അവകാശപ്പെട്ടു. ഇന്ത്യൻ വിപണിയിലെ ഫോർച്യൂണർ ഫുൾ സൈസ് എസ്‌യുവി, ഹൈലക്‌സ് പിക്കപ്പ് ട്രക്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് മോഡലുകളിലേക്ക് എക്സ്പാന്റ് ചെയ്യുന്നതിന് മുമ്പ് ബ്രാൻഡ് ലാൻഡ് ക്രൂയിസർ പ്രാഡോയിൽ മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിൻ അവതരിപ്പിക്കും.

2024 -ൽ, ഓസ്‌ട്രേലിയ പോലുള്ള വിപണികളിൽ ടൊയോട്ട മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിൻ ഹൈലക്‌സിൽ അവതരിപ്പിക്കും. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ 48 വോൾട്ട് ബാറ്ററി, DC-ടു-DC കൺവെർട്ടർ, പരമ്പരാഗത ഓൾട്ടർനേറ്ററിന് പകരം ജനറേറ്റർ എന്നിവയാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. മൈലേജ് 10 ശതമാനം മെച്ചപ്പെടുത്തുന്നതിനൊപ്പം പുറപ്പെടുവിക്കുന്ന torque വർധിപ്പിക്കാനും കോമ്പിനേഷൻ സഹായിക്കും.
ഫോർച്യൂണറിലും ഹൈലക്സിലും നിലവിൽ ഉപയോഗിക്കുന്ന ഫോർമാറ്റിൽ, 2.8 ലിറ്റർ ഡീസൽ മോട്ടോർ 204 PS മാക്സ് പവർ പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 420 Nm torque ഉം ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിൽ 500 Nm പീക്ക് torque ഉം ആണ് ഈ എഞ്ചിൻ യൂണിറ്റ് വികസിപ്പിക്കുന്നത്.

റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും സുഗമമായ സ്റ്റാർട്ട്/ സ്റ്റോപ്പ് സംവിധാനവും മറ്റ് ഹൈലൈറ്റുകളാണ്. പുതിയ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഫോർച്യൂണറിന്റെയും ഹൈലക്‌സിന്റെയും ഓഫ്-റോഡിംഗ് കഴിവുകൾക്കോ അവയുടെ ടൗവിംഗ് പെർഫോമെൻസിനോ തടസ്സമാകില്ലെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ഈ സംവിധാനം 700 mm വരെ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും അനുവദിക്കുന്നു, ഈസി ടു യൂസ് നേച്ചർ കാരണം നിലവിലുള്ള എഞ്ചിനുകളിൽ ഇത് സൗകര്യപ്രദമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
പുതിയ തലമുറ ടൊയോട്ട ഫോർച്യൂണറിനെക്കഉരിച്ച് വളരെക്കാലമായി പല ഊഹാപോഹങ്ങളും നിലനിൽക്കുന്നു, അടുത്ത വർഷം വാഹനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ സെഗ്‌മെന്റിൽ പ്രാദേശികമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായതിനാൽ വാഹനത്തിന്റെ ജനപ്രീതി കണക്കിലെടുത്ത് പുതിയ എസ്‌യുവി വെളിപ്പെടുത്തുന്ന ആദ്യത്തെ വിപണികളിലൊന്നാണ് ഇന്ത്യ. മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം നിലവിലുള്ള ഫോർച്യൂണറിലോ വരാനിരിക്കുന്ന മോഡലിലോ ലഭ്യമാക്കുമോ എന്ന് ഞങ്ങൾക്ക് ഇതുവരെ വ്യക്തമല്ല.
2024 ടൊയോട്ട ഫോർച്യൂണർ അടുത്തിടെ അരങ്ങേറിയ ടകോമ പിക്കപ്പ് ട്രക്കിൽ നിന്ന് ധാരാളം ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുമെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതൽ നൂതനമായ ഫീച്ചറുകളുടെയും സാങ്കേതിക വിദ്യകളുടെയും ലഭ്യതയോടെ ഇന്റീരിയറിനും ഒരു പ്രധാന മേക്ക് ഓവർ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഇന്ത്യൻ വിപണിയിൽ നിലവിൽ ഡീസൽ മോഡലുകളുടെ നിർമ്മാണം അവസാനിപ്പിക്കാൻ അടുത്തിടെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഒരു നിർദ്ദേശം നൽകിയിരുന്നു, എന്നാൽ ഇതിന് എതിരായി ടാറ്റ ഉൾപ്പടെയുള്ള വാഹന നിർമ്മാതാക്കൾ കടുത്ത പ്രതികരണമാണ് നൽകിയതും. ഡീസലിനൊപ്പം മൈൽഡ് ഹൈബ്രിഡ് സിസ്റ്റം വരുന്നത് പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായകമാവും.
ടൊയോട്ടയെ പോലെ മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കളും ഇത്തരം ടെക്നോളജികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ വാഹന വിപണിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനാവും എന്നത് തീർച്ചയാണ്. കൊമേർഷ്യൽ വാഹന സെഗ്മെന്റിൽ ഡീസലിനെ നിർത്തലാക്കുന്നതിന് പകരം ഇത്തരത്തിലുള്ള മാറ്റങ്ങളാവും കൂടുതൽ അഭികാമ്യം എന്നാണ് ഞങ്ങളുടെ അഭിപ്രായം.


Click it and Unblock the Notifications








