ഹൈലക്സിന് നേരെ ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റുമായി വന്ന മഹീന്ദ്രയ്ക്ക് എതിരെ 'രംഗാസ്ത്രം' പ്രയോഗിക്കാൻ ടൊയോട
പിക്ക് അപ്പ് ട്രക്ക് സെഗ്മെന്റ് മുമ്പത്തേക്കാൾ കൂടുതൽ പോപ്പുലറായിരിക്കുകയാണ് ഇപ്പോൾ. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ തന്നെ ഇന്നു നമ്മുടെ വിപണിയിലും ഇവയ്ക്ക് ആവശ്യക്കാർ ഏറി വരികയാണ്. നിലവിൽ ഇന്ത്യയിൽ ഈ സെഗ്മെന്റിൽ വളരെ ചുരുങ്ങിയ ചോയിസുകൾ മാത്രമാണ് നമുക്കുള്ളത്. എന്നാൽ കൂടുതൽ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അടുത്തിടെ മഹീന്ദ്രയും തങ്ങളുടെ ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഇന്തോനേഷ്യൻ മോട്ടോർ ഷോയിൽ തങ്ങളുടെ രംഗ കോംപാക്ട് പിക്ക് അപ്പ് കൺസെപ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് ബ്രാൻഡിന്റെ ജനപ്രിയ ഹൈലക്‌സ് പിക്ക് അപ്പ് ട്രക്കിന് താഴെയായിട്ടാണ് മോഡൽ നിരയിൽ സ്ഥാനം പിടിക്കുക.
യഥാർത്ഥത്തിൽ, കഴിഞ്ഞ വർഷം തായ്‌ലൻഡിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ച IMV 0 കൺസെപ്റ്റിന്റെ പുതുക്കിയ ആവർത്തനമാണ് രംഗ. ഈ പേര് ജാപ്പനീസ് പദമായ "റോങ്ഗോ"യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. ശക്തനായ ഒരു നായകൻ എന്നാണ് ഇതിന്റെ അർഥം. ലാഡർ ഫ്രെയിം IMV പ്ലാറ്റ്‌ഫോമിന്റെ ഒരു ഡെറിവേറ്റീവിലാണ് ഈ കൺസെപ്റ്റ് മോഡൽ ഒരുക്കിയിരിക്കുന്നത്.
ഇന്നോവ ക്രിസ്റ്റ, ഹിലക്‌സ് പോലുള്ള മറ്റ് ടൊയോട്ട മോഡലുകൾക്കും അടിവരയിടുന്ന പ്ലാറ്റ്ഫോമാണ് ഇത് എന്നതും ശ്രദ്ധേയമാണ്. മോഡുലാർ TNGA-F ലാഡർ ഫ്രെയിം ആർക്കിടെക്ചർ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, കോസ്റ്റ് (ചെലവ്) നിയന്ത്രണങ്ങൾ കാരണം വളർന്നുവരുന്ന വിപണികളിലെങ്കിലും, പരുക്കൻ മോഡലുകൾക്കായി ടൊയോട്ട IMV പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് തുടരും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കൺസെപ്റ്റ് മോഡലിന്റെ അളവുകളെക്കുറിച്ച് ടൊയോട്ട വിശദാംശങ്ങളൊന്നും പങ്കിട്ടിട്ടില്ലെങ്കിലും, ഇത് ഹൈലക്‌സ് പിക്ക് അപ്പിനേക്കാൾ വളരെ ചെറുതായി കാണപ്പെടുന്നു. പ്ലാറ്റ്‌ഫോമിന് പുറമെ നേരത്തെ പ്രദർശിപ്പിച്ച കോംപാക്ട് ക്രൂയിസർ ഇവി കൺസെപ്‌റ്റിനോട് സാമ്യമുള്ള ബോക്‌സി ശൈലിയും അതോടൊപ്പം ഭംഗിയുള്ള ഘടകങ്ങൾ പോലെ പിക്കപ്പ് കൺസെപ്റ്റ് IMV 0 കൺസെപ്‌റ്റുമായി കുറെയധികം സമാനതകൾ പങ്കിടുന്നു.
ടൊയോട്ട ഒന്നിലധികം ബോഡി ശൈലികളിൽ ഈ കൺസെപ്റ്റ് പ്രദർശിപ്പിക്കുകയും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വാഹനം കസ്റ്റമൈസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് ഒരു ശൂന്യമായ ക്യാൻവാസായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ടൊയോട്ട ഇതുവരെ വാഹനത്തിന്റെ പവർട്രെയിനും മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ പല മോഡലുകളിലും നിലവിൽ ഉപയോഗത്തിലുള്ള പ്ലാറ്റ്‌ഫോം അനുസരിച്ച്, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുള്ള ഒരു RWD സജ്ജീകരണവും ഒരു ഇലക്ട്രിക് പവർട്രെയിനും നമുക്ക് ആശങ്കയില്ലാതെ പ്രതീക്ഷിക്കാവുന്നതാണ്.
IMV പ്ലാറ്റ്‌ഫോമിന് ഫോർ വീൽ ഡ്രൈവ് സംവിധാനവും സപ്പോർട്ട് ചെയ്യാൻ കഴിയും, ഇത് കോംപാക്ട് ക്രൂയിസറിന്റെ ലൈനുകളിൽ ഒരു പരുക്കൻ ഓഫ് റോഡ് മോഡൽ കൊണ്ടുവരാനുള്ള സാധ്യത തുറക്കുന്നു. ഈ കൺസെപ്റ്റ് മോഡലിനെ ടൊയോട്ട ഇന്ത്യയിലേക്ക് എത്തിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.
എന്നിരുന്നാലും അല്പം ഉയർന്ന വിലയ്ക്ക് എത്തുന്ന ഹൈലക്സിന് താഴെയായി ഈ മോഡൽ വരികയാണെങ്കിൽ വിൽപ്പനയിൽ കാര്യമായ ഒരു കുതിപ്പ് ജാപ്പനീസ് നിർമ്മാതാക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. മറ്റ് അനുബന്ധ വാർത്തകളിൽ മാരുതി സുസുക്കി - ടോയോട്ട കൂട്ടുകെട്ടിൽ ഉടൻ തന്നെ എർട്ടിഗയുടെ റീബാഡ്ജ് പതിപ്പായ റൂമിയോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം തന്നെ പല പ്രമുഖ വിദേശ വിപണികളിലും റൂമിയോൺ ഇതിനോടകം തന്നെ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.
ഇരു കമ്പനികളുടേയും ഈ കൂടുകെട്ടിൽ വരുന്ന ബാഡ്ജ് എഞ്ചിനിയറിംഗ് മോഡലുകളെ പല രീതിയിലാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പലയിടത്തും ടൊയോട്ടയുടെ ഹൈ എൻഡ് മോഡലുകളുടെ മാരുതി പതിപ്പുകൾ എന്ന പേരിൽ പല റെൻഡറിംഗുകളും എഡിറ്റ് ചെയ്ത ഫോട്ടോകളും നമ്മുടെ കണ്ണിൽ പെട്ടിട്ടുണ്ട്.
ഒരു വശത്ത് ഇവ ഒരു പരിഹാസം അല്ലെങ്കിൽ കളിയാക്കലിന്റെ മുഖം വ്യക്തമാക്കുമ്പോൾ മറുവശത്ത് പലപ്പോഴും മനസിൽ അതിയായ ആഗ്രഹം ഉണ്ടായിരുന്നിട്ടും വൻ വില കാരണം സ്വന്തമാക്കാൻ പറ്റാത പോയ പല ടൊയോട്ട മോഡലുകളും മാരുതി ബാഡ്ജിൽ അല്പം കൂടെ കുറഞ്ഞ നിരക്കിൽ ലഭിക്കാനുള്ള ആഗ്രഹമായും കണക്കാക്കാം.


Click it and Unblock the Notifications








