ഇന്നോവയുടെ അനിയനല്ലേ, അപ്പോള്‍ കുറച്ച് കാത്തിരിക്കാം; ഈ ടൊയോട്ട എംപിവി വാങ്ങണമെങ്കില്‍ നല്ല ക്ഷമ വേണം
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഓഗസ്റ്റ് അവസാന വാരമാണ് അവരുടെ പുത്തന്‍ ഉല്‍പ്പന്നമായ റൂമിയോണ്‍ എംപിവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. കുടുംബമായി സഞ്ചരിക്കാന്‍ ടൊയോട്ടയുടെ ഒരു ഫാമിലി കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് മുമ്പ് ഇന്നോവയെന്ന ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബേബി ക്രിസ്റ്റ ലുക്കും ആകര്‍ഷകമായ വിലയുമായി റൂമിയോണ്‍ എത്തിയതോടെ ടൊയോട്ട ആരാധകര്‍ ആവേശത്തിലായി.
10.29 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് റൂമിയോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ എംപിവി സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലറായ മാരുതി എര്‍ട്ടിഗയുടെ റീബാഡ്ജഡ് പതിപ്പാണ് റൂമിയോണ്‍. ദക്ഷിണാഫ്രിക്കയടക്കമുള്ള വിപണിയില്‍ വെന്നിക്കൊടി പാറിച്ച ശേഷമാണ് ഇന്ത്യയിലേക്കുള്ള വരവ്. 7 സീറ്റര്‍ എംപിവി അഞ്ച് കളര്‍ ഓപ്ഷനുകളിലും S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലുമാണ് വാഗ്ദാനം ചെയ്യുന്നത്.

കഫേ വൈറ്റ്, എന്റൈസിംഗ് സില്‍വര്‍, റസ്റ്റിക് ബ്രൗണ്‍, ഐക്കണിക് ഗ്രേ, സ്പങ്കി ബ്ലൂ എന്നിവയാണ് അഞ്ച് കളര്‍ ഓപ്ഷനുകള്‍. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് റൂമിയോണ്‍ വാങ്ങാന്‍ സാധിക്കുക. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി എഞ്ചിനുമാണ് ടൊയോട്ട റൂമിയോണിന്റെ ഹൃദയം. 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 102 bhp പവറും 137 Nm ടോര്‍ക്കും നല്‍കുന്നു.
ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായിട്ടാണ് വരുന്നത്. സിഎന്‍ജി മോഡില്‍ പവര്‍ 87 bhp-യും ടോര്‍ക്ക് 121.5 Nm ആയും കുറയുന്നു. സിഎന്‍ജി മില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി മാത്രമാണ് ജോടിയാക്കുന്നത്. ആകര്‍ഷകമായ മൈലേജാണ് റൂമിയോണ്‍ എംപിവിയുടെ പ്രത്യേകതകളില്‍ ഒന്ന്.

1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ വരെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത നല്‍കുന്നു. അതേസമയം എംപിവിയുടെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. കിടിലന്‍ മൈലേജും ബജറ്റ് വിലയുമുള്ള എംപിവി ആയതിനാല്‍ തന്നെ റൂമിയോണിനെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയെന്നോണം ടൊയോട്ട റൂമിയോണിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്കുള്ള കാത്തിരിപ്പ് കാലയളവും കൂടിയിട്ടുണ്ട്.
റൂമിയോണ്‍ സിഎന്‍ജി വേരിയന്റ് കൈയ്യില്‍ കിട്ടാന്‍ നിലവില്‍ 17 ആഴ്ച വരെ കാത്തിരിക്കണം. നേരെ മറിച്ച് പെട്രോള്‍ വേരിയന്റുകള്‍ക്ക് ഇത്രയും കാത്തിരിപ്പില്ല. എട്ട് ആഴ്ച കൊണ്ട് റൂമിയോണ്‍ പെട്രോള്‍ പതിപ്പ് വീട്ടിലെത്തിക്കാന്‍. ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തത്തില്‍ പിറന്ന ഉല്‍പ്പന്നമായതിനാല്‍ തന്നെ എര്‍ട്ടിഗയും റൂമിയോണും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. എന്നിരുന്നാലും മാരുതി സുസുക്കി എര്‍ട്ടിഗയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ റൂമിയോണില്‍ ടൊയോട്ട കുറച്ച് കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

മറ്റ് ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പുകള്‍ പോലെ തന്നെ ക്യാബിനും മാരുതി മോഡലില്‍ നിന്ന് വലിയ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 55-ലധികം ഫീച്ചറുകളുള്ള ടൊയോട്ട ഐ-കണക്റ്റ്, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ ടൊയോട്ട റൂമിയോണിന് ലഭിക്കുന്നു.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡി സഹിതമുള്ള എബിഎസ് എന്നിവയാണ് ടൊയോട്ട റൂമിയോൺ എംപിവിയുടെ സേഫ്റ്റി ഫീച്ചറുകള്‍. ടോപ്പ്-സ്‌പെക്ക് V വേരിയന്റിന് നാല് എയര്‍ബാഗുകളും ലഭിക്കുന്നു. 11000 രൂപ ടോക്കണ്‍ തുക നല്‍കി റൂമിയോണ്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം.
ടൊയോട്ട റൂമിയോണ്‍ നിര്‍മിക്കുന്നതും കമ്പനിക്ക് വിതരണം ചെയ്യുന്നതും മാരുതി സുസുക്കിയാവും. ഫസ്റ്റ് ഇന്‍, ഫസ്റ്റ് ഔട്ട്' തന്ത്രം സ്വീകരിച്ചുകൊണ്ടാവും ജാപ്പനീസ് ബ്രാന്‍ഡ് ഡെലിവറി പൂര്‍ത്തികരിക്കുക. മാരുതി സുസുക്കി എര്‍ട്ടിഗയെ കൂടാതെ മാരുതി സുസുക്കി XL6, കിയ കാരെന്‍സ് എന്നീ കാറുകള്‍ക്കെതിരെയാണ് ഇന്ത്യന്‍ വിപണിയില്‍ റൂമിയോണിന്റെ മത്സരം.


Click it and Unblock the Notifications