ക്ലാസി ശൈലിൽ പുത്തൻ ഭാവത്തിൽ ന്യൂ ജെൻ പ്രാഡോ; ആദ്യ ടീസർ പങ്കുവെച്ച് ടൊയോട്ട
ലാലേട്ടന്റെ രാവണപ്രഭുവിൽ ഹൈവെയിലൂടെ ചീറി പാഞ്ഞു ഇൻട്രോ സീൻ തന്നെ കളറാക്കിയ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ ഓരോ മലയാളിയുടേയും മനസിൽ സ്ഥാനം പിടിച്ച ഒരു മാസ് വാഹനം തന്നെയാണ് എന്നതിൽ സംശയമില്ല. വളരെ കാലമായി ടൊയോട്ടോയുടെ മോഡൽ നിരയിൽ പ്രൗഡിയോടെ നിലകൊള്ളുന്ന ഒരു മോഡലാണിത്.
കുറച്ച് കാലങ്ങൾക്ക് ശേഷം ഇപ്പോൾ ടൊയോട്ട പുതുതലമുറ ലാൻഡ് ക്രൂയിസർ പ്രാഡോ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ ബ്രാൻഡ് പങ്കുവെച്ച ടീസറിൽ, 1960 -കളിൽ പുറത്തിറങ്ങിയ FJ40 ലാൻഡ് ക്രൂയിസറിനെതിരെ പുതിയ തലമുറ മോഡലിന്റെ സിൽഹൗട്ട് പ്രദർശിപ്പിക്കുന്നു. ഇത് വരാനിരിക്കുന്ന മോഡലിന്റെ ബോൾഡ്, ബോക്‌സി, റെട്രോ ഇൻസ്പയർഡ് രൂപകൽപ്പനയെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നു.

സഹോദര മോഡലായ പുതിയ ലെക്സസ് GX -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പുതിയ പ്രാഡോ എസ്‌യുവി അതിന്റെ പൈതൃകത്തിന് ആദരവ് അർപ്പിക്കുന്ന ഒരു കമാൻഡിംഗ് റോഡ് സാന്നിധ്യം പ്രകടിപ്പിക്കുന്നു. ആകർഷകമായ എക്സറ്റീരിയറിനുള്ളിൽ, ലാൻഡ് ക്രൂയിസർ പ്രാഡോ അതിന്റെ ലെക്‌സസ് സഹോദരനുമായി വെറും വിഷ്വൽ സമാനതകൾക്കപ്പുറം കൂടുതൽ ഘടകങ്ങൾ പങ്കിടുന്നു.
കോമൺ ആയ TNGA-F പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്നതും ഷെയർഡ് പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതുമായ ഈ വാഹനങ്ങൾ ശക്തമായ ഒരു അടിത്തറ പങ്കിടുന്നു. എന്നിരുന്നാലും, ടൊയോട്ട തങ്ങളുടെ ലാൻഡ് ക്രൂയിസർ വംശപരമ്പരയ്ക്ക് നൽകുന്ന ആദരവിനൊപ്പം തന്നെ പ്രാഡോയ്ക്ക് വ്യത്യസ്തമായ ഒരു വ്യക്തിത്വവും വാഗ്ദാനം ചെയ്യും.

പവർട്രെയിനുകളെ കുറിച്ച് ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഒന്നും പുറത്തുവന്നിട്ടില്ല, എന്നിരുന്നാലും ഊഹാപോഹങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന എസ്‌യുവിക്ക് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിച്ചേക്കാം. പെട്രോൾ-ഇലക്‌ട്രിക് ഹൈബ്രിഡ് ഓപ്ഷനും ജാപ്പനീസ് നിർമ്മാതാക്കൾ വാഹനത്തിൽ വാഗ്ദാനം ചെയ്തേക്കാം. പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയിൽ ടൊയോട്ട മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയ്‌സുകൾ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
LC300 എത്രമാത്രം ഫീച്ചർ ലോഡഡ് ആണ് എന്നതിനനുസരിച്ച് ഫീച്ചറുകളുടേയും എക്യുപ്മെന്റുകളുടേയും ലിസ്റ്റും ശ്രദ്ധേയമായിരിക്കും. വരാനിരിക്കുന്ന വാഹനത്തെക്കുറിച്ച് മറ്റൊരു രസകരമായ കാര്യം, നെക്സ്റ്റ് ജെൻ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ "ലാൻഡ് ക്രൂയിസർ" എന്ന പേരിലാവും യുഎസ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തുക എന്നതാണ്.

അമേരിക്കൻ വാഹന പ്രേമികളെ ആകർഷിക്കാൻ തയ്യാറായി, ആകർഷകമായ ഓഫ്-റോഡ് കഴിവുകളും കാലാതീതമായ ചാരുതയും പ്രദർശിപ്പിച്ചുകൊണ്ട് ഈ പരുക്കൻ എസ്‌യുവി 4റണ്ണറിന് മുകളിലാവും സ്ഥാനം പിടിക്കുക. ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ലോകമെമ്പാടും വൻതോതിൽ ഉയർന്നു വരുമ്പോൾ, ഇന്ത്യൻ ഉപഭോക്താക്കൾ അല്പം കൂടെ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.
ഒന്നോ രണ്ടോ വർഷത്തേക്ക് എസ്‌യുവി നമ്മുടെ രാജ്യത്തേക്ക് എത്തിയേക്കില്ല. ഉദാഹരണമായി, ലാൻഡ് ക്രൂയിസർ 300 -ന് ആഗോളതലത്തിൽ രണ്ട് വർഷത്തിലധികം വെയിറ്റിംഗ് ലിസ്റ്റ് ഉണ്ട്, മാത്രമല്ല ഇത് ഇന്ത്യൻ വിപണിയിൽ പരിമിതമായ എണ്ണത്തിൽ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ. എന്നിരുന്നാലും, പുതിയ പ്രാഡോ എത്തുമ്പോഴേക്കും ഇന്ത്യൻ വിപണിയിൽ ശക്തമായ ഡിമാൻഡ് കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം.
പുതിയ തലമുറ ലാൻഡ് ക്രൂയിസർ പ്രാഡോ അധികം താമസിയാതെ തന്നെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. മോഡൽ 2024 -ൽ യുഎസ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തും, പിന്നീട് മറ്റ് വിപണികളിലേക്കും വരും. റെട്രോ ഇൻസ്പയർഡ് ഡിസൈൻ രൂപകൽപ്പന, ശക്തവും വിശ്വസനീയവുമായ എഞ്ചിനുകൾ, മികച്ച ഓഫ്-റോഡ് കഴിവുകൾ, പ്രീമിയം സവിശേഷതകൾ എന്നിവയാൽ ലോഡ് ചെയ്തിരിക്കുന്ന ഈ മോഡൽ തീർച്ചയായും ഹിറ്റാകും എന്നാണ് ഞങ്ങളുടെ വിശ്വാസം.


Click it and Unblock the Notifications








