ടൊയോട്ടക്ക് വെച്ചടി കയറ്റം; ഷോറൂമുകള്‍ നിറച്ചത് ഈ മോഡലുകള്‍; ഇനി റൂമിയോണും തകര്‍ക്കും...
ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ വന്‍ നേട്ടമുണ്ടാക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM). കഴിഞ്ഞ മാസം ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് കമ്പനി നേടിയത്. 2023 ഓഗസ്റ്റ് മാസം 22,910 യൂണിറ്റുകളാണ് ജാപ്പനീസ് വാഹന ഭീമന് വില്‍ക്കാന്‍ കഴിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ടൊയോട്ട 14,959 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ടൊയോട്ടയുടെ വില്‍പ്പന 53 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ മാസം ടൊയോട്ട 20,970 കാറുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റപ്പോള്‍ 1,940 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.പുത്തന്‍ ലോഞ്ചുകളാണ് വില്‍പ്പനയില്‍ കമ്പനിക്ക് പുത്തന്‍ ഊര്‍ജ്ജം പകര്‍ന്നത്.

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ മിഡ്‌സൈസ് എസ്‌യുവിയും, ഇന്നോവ ഹൈക്രോസ് എംപിവിയുമാണ് ബ്രാന്‍ഡിന് പരമാവധി സംഭാവന നല്‍കിയത്. 'ശക്തമായ വില്‍പ്പനയും വര്‍ദ്ധിച്ച ഡിമാന്‍ഡും ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അടുപ്പം കാണിക്കുന്നു. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഇന്നോവ ഹൈക്രോസും ശക്തമായ ഡിമാന്‍ഡ് രേഖപ്പെടുത്തുന്നത് തുടരുകയാണ്' ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.
ഹൈറൈഡറും ഹൈക്രോസും കൂടാതെ ഗ്ലാന്‍സ, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ തുടങ്ങിയ മോഡലുകളും ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഇന്നോവ ക്രിസ്റ്റ എംപിവിയും ഫോര്‍ച്യൂണര്‍ എസ്‌യുവിയും ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും അതാത് സെഗ്മെന്റുകളില്‍ മുന്നേറ്റം തുടരുകയും ചെയ്തതായി കാര്‍ നിര്‍മ്മാതാവ് പറയുന്നു. ഓഗസ്റ്റില്‍ ടൊയോട്ട രണ്ട് പുത്തന്‍ ലോഞ്ചുകളും നടത്തിയിരുന്നു.

ഓഗസ്റ്റിന്റെ തുടക്കത്തില്‍ ടൊയോട്ട പുതിയ വെല്‍ഫെയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. അതുകൂടാതെ അവസാന വാരം ഓഗസ്റ്റ് 28-ന് ടൊയോട്ട ഒരു പുത്തന്‍ എംപിവി കൂടി പുറത്തിറക്കി. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പായ പുതിയ ടൊയോട്ട റൂമിയോണ്‍ കമ്പനിയുടെ മോഡല്‍ നിരയില്‍ ഇന്നോവ ക്രിസ്റ്റക്ക് താഴെയാണ് സ്ഥാനം പിടിക്കുക. പ്രീമിയം വാഹനമായ ഇന്നോവ വാങ്ങാന്‍ ബജറ്റില്ലാത്ത ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിട്ടാണ് ടൊയോട്ട റൂമിയോണ്‍ 7 സീറ്റര്‍ കാര്‍ എത്തിയത്.
S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും ടൊയോട്ട റൂമിയോണ്‍ വില്‍പ്പനക്കെത്തുക. എര്‍ട്ടിഗയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വരുത്തിയ ചെറിയ കോസ്മറ്റിക് പരിഷ്‌കാരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ റൂമിയോണില്‍ കാണാനാകില്ല. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റെ കരുത്ത്.
എഞ്ചിന്‍ 103 bhp പവറും 137 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. റൂമിയോണിന്റെ സിഎന്‍ജി പതിപ്പും ടൊയോട്ട പുറത്തിറക്കിയിട്ടുണ്ട്. സിഎന്‍ജി മോഡില്‍ എഞ്ചിന്റെ പവര്‍ഔട്ട്പുട്ട് 88 bhp, 121.5 Nm ആയി കുറയും. എംപിവിയുടെ മാനുവല്‍ ഗിയര്‍ ബോക്സ് മോഡല്‍ ലിറ്ററിന് 20.51 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് മോഡല്‍ ലിറ്ററിന് 20.11 കിലോമീറ്ററും മൈലേജ് നല്‍കും.
അതേസമയം റൂമിയോണ്‍ സിഎന്‍ജി കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ ടെക്, ഡിജിറ്റല്‍ എംഐടിയുള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് റൂമിയോണിന്റെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. 4 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നീ സേഫ്റ്റി ഫീച്ചറുകളുമുണ്ട്.

10.29 ലക്ഷം മുതല്‍ 13.68 ലക്ഷം രൂപ വരെയാണ് 7 സീറ്റര്‍ കാറിന്റെ എക്സ്ഷോറൂം വില. ഇന്ത്യയില്‍ ടൊയോട്ട റൂമിയോണിന്റെ ബുക്കിംഗ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി ടൊയോട്ട റൂമിയോണ്‍ എംപിവി ബുക്ക് ചെയ്യാവുന്നതാണ്. ഡെലിവറി സെപ്റ്റംബര്‍ 8 മുതല്‍ ആരംഭിക്കും. മാരുതി എര്‍ട്ടിഗ, മാരുതി XL6, കിയ കാരെന്‍സ് എന്നിവയാണ് പ്രധാന എതിരാളികള്‍.


Click it and Unblock the Notifications








