പെട്രോൾ വിലകളിൽ ആശങ്ക വേണ്ട; കുറഞ്ഞ വിലയിൽ 1000 km റേഞ്ചുമായി നെക്സ്റ്റ് ജെൻ ഇവികൾ പുറത്തിറക്കാൻ ടൊയോട്ട
ഓരോ സാങ്കേതികവിദ്യയും വികസിക്കാൻ സമയമെടുക്കും. ബാറ്ററി പായ്ക്കുകളുടെ കാര്യത്തിലും സംഗതി ഇത് തന്നെ, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ. നിലവിലെ തലമുറ ഇവികൾ മാന്യമായ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ICE കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിലകൾ ഇപ്പോഴും അല്പം ഉയർന്ന സൈഡിലാണ് എന്ന കാര്യത്തിൽ തർക്കമില്ല.
മാത്രമല്ല, ഹീറ്റിംഗും തീ പിടുത്തവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും നിലനിൽക്കുന്നു. ഇവികൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന് ബാറ്ററി പാക്കുകളിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണ്. 2026 മുതൽ അടുത്ത തലമുറ ഇവികൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതിനാൽ ടൊയോട്ട ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉയർന്ന റേഞ്ചും ചെലവിന്റെ കാര്യത്തിൽ 40 ശതമാനം ലാഭവും വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ബാറ്ററി പായ്ക്കുകളായിരിക്കും ഈ ഇവികളുടെ ഹൃദയഭാഗത്ത് വരുന്നത്.

ടൊയോട്ടയുടെ നെക്സ്റ്റ് ജെൻ ഇവികളിൽ ആദ്യത്തേത് 2026 -ൽ ജാപ്പനീസ് നിർമ്മാതാക്കൾ പുറത്തിറക്കും. പുതിയ ബാറ്ററി ഓപ്ഷനുകൾക്കൊപ്പം, സിംഗിൾ ചാർജിൽ 800 കിലോമാറ്റർ റേഞ്ച് ആയിരിക്കും വാഹനം വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട bZ4X -നെ അപേക്ഷിച്ച് അടുത്ത തലമുറ ഇവികൾ വിലകുറഞ്ഞതായിരിക്കും, ഏകദേശം 40 ശതമാനത്തോളം കുറവ് നമുക്ക് പ്രതീക്ഷിക്കാം.
രണ്ട് പുതിയ ബാറ്ററി പായ്ക്കുകളിൽ ടൊയോട്ട പ്രവർത്തിക്കുന്നു, റേഞ്ചിനായി ലിഥിയം-അയൺ പെർഫോമൻസും, അഫോർഡബിളിറ്റിയ്ക്കായി ലിഥിയം-അയൺ-ഫോസ്ഫേറ്റ് പോപ്പുലറൈസേഷനുമാണ് ഇവ. 2027 മുതൽ 2028 വരെയുള്ള കാലയളവിൽ, 999 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഒരു നവീകരിച്ച ലിഥിയം-അയൺ ഹൈ പെർഫോമൻസ് പായ്ക്ക് ടൊയോട്ട അവതരിപ്പിക്കും.

പെർഫോമൻസ് ബാറ്ററിക്ക് പകരമായി ഇത് പ്രവർത്തിക്കും. നവീകരിച്ച ബാറ്ററിയുടെ വില ഏകദേശം 10 ശതമാനം കുറവായിരിക്കും. എഞ്ചിനുകൾ പോലെ തന്നെ ബാറ്ററി പായ്ക്കുകൾക്കും ഒന്നിലധികം ഓപ്ഷനുകൾ ഉണ്ടായിരിക്കണമെന്ന് ടൊയോട്ട കരുതുന്നു. മോഡലുകൾക്കും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും അനുസരിച്ച് മികച്ച ഓപ്ഷൻ നൽകാൻ ഇത് കമ്പനിയെ അനുവദിക്കും.
ടൊയോട്ടയുടെ ന്യൂ-ജെൻ ഇവികൾ കൂടുതൽ എയറോഡൈനാമിക്കും, ഭാരം കുറഞ്ഞതുമായിരിക്കും. മെച്ചപ്പെട്ട എയറോഡൈനാമിക്സ് വാഗ്ദാനം ചെയ്യുന്നതിന്, ടൊയോട്ട ബാറ്ററികളുടെ ഉയരം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവിൽ, 150 mm ഉയരമുള്ള ബാറ്ററിയാണ് bZ4X -ന് ഉള്ളത്. ടൊയോട്ടയുടെ വരും തലമുറ ഇവികൾക്കൊപ്പം ബാറ്ററിയുടെ ഹൈറ്റ് 120 mm ആയി കുറയും.

ഹൈ പെർഫോമെൻസ് സ്‌പോർട്‌സ് മോഡലുകൾക്കായി ഉപയോഗിക്കുന്ന ബാറ്ററികൾ ഇതിലും ചെറുതായിരിക്കും, അവയ്ക്ക് ഏകദേശം 100 mm ഉയരം ഉണ്ടായിരിക്കുകയുള്ളൂ. 2030 ഓടെ, ടൊയോട്ട തങ്ങളുടെ BEV വിൽപ്പന 3.5 ദശലക്ഷം യൂണിറ്റായി ഉയർത്താൻ പദ്ധതിയിടുന്നുണ്ട്. ഇവയിൽ, ഏകദേശം 1.7 ദശലക്ഷം യൂണിറ്റുകൾ പുതിയ ബാറ്ററി പായ്ക്കുകൾ കൊണ്ട് കമ്പനി സജ്ജീകരിക്കും.
സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയിൽ ടൊയോട്ട ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2028 ഓടെ കമ്പനിക്ക് സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലിക്വിഡ് ഇലക്‌ട്രോലൈറ്റുള്ള നിലവിലെ ലിഥിയം അയൺ ബാറ്ററികളെ അപേക്ഷിച്ച് പുതിയ ബാറ്ററികൾക്ക് സോളിഡ് ഇലക്‌ട്രോലൈറ്റാവും ഉണ്ടാവുക.
സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ ആദ്യ തലമുറയ്ക്ക് ഏകദേശം 1,200 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുണ്ടാകും. കൂടാതെ ഇവയ്ക്ക് വേണ്ടി വരുന്ന ചാർജിംഗ് സമയവും കുറവായിരിക്കും, വെറും 10 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ ഇവയ്ക്ക് സാധിക്കും. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹൈ പെർഫോമെൻസ് ലിഥിയം അയൺ പായ്ക്കിന് 20 മിനിറ്റ് സമയം എടുക്കും.
അതോടൊപ്പം ഒരു കൂടുതൽ അഡ്വാൻസ്ഡ് സോളിഡ്-സ്റ്റേറ്റ് ബാറ്ററിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏകദേശം 1,600 കിലോമീറ്ററിൽ അധികം റേഞ്ച് വാഗ്ദാനം ചെയ്തുകൊണ്ട് ഇത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ടൊയോട്ടയെ കൂടാതെ, മറ്റ് OEM -കളും സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിൽ പ്രവർത്തിക്കുന്നുണ്ട്.
ഉദാഹരണത്തിന്, നിസാന്റെ സോളിഡ്-സ്റ്റേറ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവി മോഡലുകൾ 2028 -ൽ പുറത്തിറക്കാൻ കമ്പനിയ്ക്ക് പദ്ധതിയുണ്ട്. നിസാന്റെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾക്ക് പകുതി വിലയും ഇരട്ടി എനർജി ഡെൻസിറ്റിയും മൂന്നിരട്ടി വേഗതയുള്ള ചാർജിംഗ് സ്പീഡും നൽകുകയും ചെയ്യും. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവും സമാനമായ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നുണ്ട്.


Click it and Unblock the Notifications