ടൊയോട്ട ഫ്രോങ്ക്‌സിന് പേര് സെറ്റായി; ബ്രെസയുടെയും നെക്‌സോണിന്റെയും കഥ ഇനി എന്താവുമോ എന്തോ?
മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റ് പോലെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മറ്റൊരു സെഗ്‌മെന്റാണ് സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റ്. മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളാണ് ഇവിടെ പടവെട്ടുന്നത്.
ബ്രെസയുടെ റീബാഡ്ജ്ഡ് പതിപ്പായ അര്‍ബന്‍ ക്രൂയിസറുമായി ഒരുകാലത്ത് ടൊയോട്ടയും അടുത്തകാലത്ത് വരെ സെഗ്‌മെന്റില്‍ സാന്നിധ്യം അറിയിച്ചിരുന്നു. തുടക്കകാലത്ത് പ്രതിമാസം 3,000 മുതല്‍ 4,000 യൂണിറ്റുകള്‍ വരെ വിറ്റഴിക്കപ്പെട്ടിരുന്ന അര്‍ബന്‍ ക്രൂയിസര്‍ പെട്ടെന്നായിരുന്നു ജാപ്പനീസ് നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇതുകണ്ട് പുരികം ചുളിച്ചവര്‍ നിരവധിയാണ്. അവസാന കാലത്ത് അര്‍ബന്‍ ക്രൂയിസറിന്റെ ഒരു യൂണിറ്റ് പോലും വിറ്റുപോകാത്ത മാസങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ ഇപ്പോള്‍ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ തങ്ങളുടെ അസാന്നിധ്യം കാരണമുള്ള വിടവ് നികത്താന്‍ ഒരുങ്ങുകയാണ് ടൊയോട്ട ഇപ്പോള്‍. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ തങ്ങളുടെ സാന്നിധ്യം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ നീക്കത്തില്‍ ടൊയോട്ട തങ്ങളുടെ വരാനിരിക്കുന്ന എസ്‌യുവിക്ക് 'അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍' എന്ന് പേര് ട്രേഡ്മാര്‍ക്ക് ചെയ്തു.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തലാക്കാനുള്ള കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും അവര്‍ പുതിയ മിഡ്‌സൈസ് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിലേക്ക് പേര് മാറ്റി. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവര്‍ വാഴുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് ഹൈറൈഡര്‍ മാറ്റുരക്കുന്നത്. ഹൈറൈഡറിന്റെ റീബാഡ്ജ്ഡ് കസിനായ മാരുതി ഗ്രാന്‍ഡ് വിറ്റാരയും മികച്ച വിജയം നേടിയിരുന്നു.

ഹൈറൈഡര്‍ വന്നെങ്കിലും അതിന് തൊട്ടുതാഴെ ഒരു ഇരിപ്പിടം കാലിയായി കിടക്കുന്നത് ടൊയോട്ടക്ക് സഹിക്കുന്നില്ല. കാരണം ഇന്നത്തെ ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമാണെന്ന കാര്യം എല്ലാവര്‍ക്കും അിറയാമല്ലോ. അതിനാല്‍ തന്നെ സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ പവറില്‍ മാരുതി ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തി ഒരു പുതിയ സബ് 4 മീറ്റര്‍ എസ്‌യുവി കൂപ്പെ നിര്‍മ്മിക്കാന്‍ പോകുകയാണ് ടൊയോട്ട.
ഈ ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് അവതരിപ്പിച്ചത്. അതിന്റെ നൂതനമായ ഡിസൈന്‍ ഭാഷയിലൂടെ ഫ്രോങ്കസ് അതിവേഗം വാഹനപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. പരമ്പരാഗത ഇന്ത്യന്‍ കാര്‍ ഡിസൈനുകളില്‍ നിന്നുള്ള പരിവര്‍ത്തനാത്മകമായ വ്യതിചലനം ഫ്രോങ്ക്‌സിലൂടെ മാരുതി സാധ്യമാക്കി. ഇത് ബോക്സി മാനദണ്ഡങ്ങളെ മറികടന്ന് യുവത്വത്തിന്റെ ആവേശം പ്രകടമാക്കുന്നു.
വിപണിയില്‍ എത്തിയതിന് പിന്നാലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 എസ്‌യുവികളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമായി ഫ്രോങ്ക്‌സ് മാറി. മാത്രമല്ല പലപ്പോഴും വില്‍പ്പനയില്‍ ഒന്നാമന്‍മാരായിരുന്ന ടാറ്റ നെക്‌സോണിനെ പിന്തള്ളി 2023 ജൂലൈയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മൂന്നാമത്തെ എസ്‌യുവിയായി ഫ്രോങ്ക്‌സ് മാറിയിരുന്നു. ബ്രെസയും ക്രെറ്റയുമായിരുന്നു ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ഫ്രോങ്ക്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടൊയോട്ട വരും ആഴ്ചകളില്‍ എപ്പോഴെങ്കിലും അതിന്റെ പതിപ്പ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. മുന്‍ റീബാഡ്ജഡ് മോഡലുകളായ ബലെനോ / ഗ്ലാന്‍സ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ടൊയോട്ടയുടെ മോഡേണ്‍ വിഷ്വല്‍ ഐഡന്റിറ്റിയുമായി യോജിപ്പിച്ച് വ്യതിരിക്തമായ ഡിസൈന്‍ ഭാഷ ടൈസര്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുല്യമായ ഡിസൈനിലൂടെ അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ അതിന്റെ സെഗ്‌മെന്റില്‍ വേറിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.
9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം, 40 ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവ അകത്തളത്തില്‍ പ്രതീക്ഷിക്കാം. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ് അപ്പ് ഡിസ്പ്ലേ യൂണിറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, കീലെസ് എന്‍ട്രി തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയും എസ്യുവി പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
360 ഡിഗ്രി വ്യൂ ക്യാമറ, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, വിംഗ് മിററുകളില്‍ സംയോജിപ്പിച്ചിരിക്കുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകള്‍ എന്നിവയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ ചില പ്രധാന ഹൈലൈറ്റുകളാകും. ഫ്രോങ്ക്‌സിന്റെ അതേ പവര്‍ട്രെയിനുകളാകും വരാനിരിക്കുന്ന കാറില്‍ ടൊയോട്ട നല്‍കുക.
99 bhp പവറും 147 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 89 bhp പവറും 113 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും ഇതില്‍ ഉള്‍പ്പെടുന്നു. ഫ്രോങ്ക്‌സിന് നിലവില്‍ 7.5 ലക്ഷം മുതല്‍ 13.2 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ടൊയോട്ട ടൈസര്‍ സ്വന്തമാക്കാന്‍ ഇതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ മുടക്കാന്‍ ഒരുങ്ങിയിരിക്കണമെന്നാണ് പ്രവചനങ്ങള്‍.


Click it and Unblock the Notifications








