ക്രെറ്റക്ക് പുതിയ ജാപ്പനീസ് വെല്ലുവിളി; ഹൈബ്രിഡ് ഹൃദയവുമായി ടൊയോട്ട യാരിസ് ക്രോസ് അവതരിച്ചു
കഴിഞ്ഞ ദിവസം 'ഐക്കണ്‍' എന്ന മോഡലിലൂടെ ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ലൈനപ്പ് വിപുലീകരിച്ചിരുന്നു. ഇപ്പോള്‍ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റില്‍ ഒരു പുത്തന്‍ പോരാളിയെ കൂടി കളത്തിലിറക്കാന്‍ പോകുകയാണ് കമ്പനി. സെഗ്‌മെന്റ് ഇപ്പോള്‍ വാഴുന്ന ഹ്യുണ്ടായി ക്രെറ്റക്ക് വെല്ലുവിളി ഉയര്‍ത്താനായി പുതിയ യാരിസ് ക്രോസ് എസ്‌യുവിയെ ടൊയോട്ട അവതരിപ്പിച്ചു.
തുടക്കത്തില്‍ എസ്‌യുവി ഇന്തോനേഷ്യയിലായിരിക്കും വില്‍പ്പനക്കെത്തുക. മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ ഐക്കണാണ് ഈ മോഡലിന്റെ അടിസഥാനം. കാലക്രമേണ പുതിയ യാരിസ് ക്രോസ് എസ്‌യുവി ഏഷ്യയിലെ മറ്റ് വിപണികളിലും വില്‍പ്പനക്കെത്തിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കി. ടൊയോട്ടയുടെ സെഡാന്‍ കാറായ യാരിസില്‍ നിന്നാണ് പുത്തന്‍ എസ്‌യുവിക്ക് പേര് ലഭിച്ചിരിക്കുന്നത്. മസ്‌കുലാര്‍ ഡിസൈനിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ടൊയോട്ടയുടെ മോഡുലാര്‍ DNGA പ്ലാറ്റ്‌ഫോമിലാണ് യാരിസ് ക്രോസിന്റെ നിര്‍മാണം. അവാന്‍സ എംപിവി, യാരിസ് സെഡാന്‍, റൈസ് എസ്‌യുവി എന്നിവയും ഇതേ പ്ലാറ്റ്‌ഫോമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാങ്കേതികതകളാല്‍ കുത്തിനിറച്ച ടൊയോട്ടയുടെ TNGA പ്ലാറ്റ്‌ഫോമിന്റെ ചെലവ്ചുരുങ്ങിയ പതിപ്പാണ് മോഡുലാര്‍ DNGA പ്ലാറ്റ്‌ഫോം. യൂറോപ്പിലും ജപ്പാനിലും വില്‍ക്കുന്ന യാരിസ് ക്രോസ് TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ഇപ്പോള്‍ ടൊയോട്ട പരിചയപ്പെടുത്തിയ യാരിസ് ക്രോസ് വ്യക്തമായി ഏഷ്യന്‍ വിപണിയെ ഉന്നംവെച്ച് കൊണ്ടുള്ളതാണ്. അതായത് യൂറോപ്പില്‍ വില്‍ക്കുന്ന യാരിസ് ക്രോസും ഇതും തമ്മില്‍ നല്ല മാറ്റമുണ്ടെന്ന് സാരം. ഇന്തോനേഷ്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയുടെ നേരിട്ടുള്ള എതിരാളിയായാണ് യാരിസ് ക്രോസ് അവതാരമെടുക്കുന്നത്. ഈ കാറിന്റെ വലിപ്പമെടുത്താല്‍ ഇതിന് 4,310 mm നീളമാണുള്ളത്. അതോടെ വലിപ്പത്തിന്റെ കാര്യത്തില്‍ യാരിസ് ക്രോസ് ക്രെറ്റയെ പിന്തള്ളുന്നു.

യാരിസ് ക്രോസിന് ക്രെറ്റയേക്കാള്‍ നീളമുള്ള വീല്‍ബേസുണ്ട്. 2,620 mm ആണ് യാരിസ് ക്രോസിന്റെ വീല്‍ബേസ് അളവ്. ക്രെറ്റയേക്കാള്‍ 10 mm അധികമാണിത്. ഡിസൈനിലേക്ക് വന്നാല്‍ പുതിയ യാരിസ് ക്രോസ് എസയുവിക്ക് ഒരു പുതുരൂപമാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്. E60 BMW 5-സീരീസിന് സമാനമായ രീതിയിലുള്ള ഫ്രണ്ട് ഫാസിയയും റാപ്പറൗണ്ട് ഹെഡ്ലാമ്പുകളും ഇതിന് ലഭിക്കുന്നു. എസ്യുവിക്ക് ഉയരമുള്ള ബമ്പറുകളും ട്രപസോയിഡല്‍ ഫ്രണ്ട് ഗ്രില്ലും ലഭിക്കുന്നു.
ഗ്ലോസി ബ്ലാക്ക് ആക്‌സന്റുകളുള്ള ലംബമായി സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും ഇതിന്റെ മുന്‍ഭാഗത്ത് കാണാം. ഫ്രണ്ട് പ്രൊഫൈലിന്റെ അടിയില്‍ ഒരു ചങ്കി സ്‌കിഡ് പ്ലേറ്റ് ഭംഗിയായി സ്ഥാപിച്ചിരിക്കുന്നു. ബ്ലാക്ക് ക്ലാഡിംഗോട് കൂടിയുള്ള വലിയ സമചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും ബ്ലാക്ക് ടാപ്പേര്‍ഡ് റൂഫും എസ്‌യുവിക്ക് സ്‌പോര്‍ട്ടി ഫീല്‍ നല്‍കുന്നു. കാറിന്റെ പിന്‍വശത്തേക്ക് നീങ്ങിയാല്‍ സമാന്തരമായി നല്‍കിയ ടെയില്‍ലൈറ്റുകള്‍ യാരിസ് ക്രോസിന് ആങ്കുലാര്‍ ലുക്ക് നല്‍കുന്നു.
എസ്‌യുവിയുടെ അകത്തിലേക്ക് കടന്നാല്‍ ഒരു മള്‍ട്ടി ലെയേര്‍ഡ് ഡാഷ്‌ബോര്‍ഡാണ് ഇതില്‍ സജജീകരിച്ചിരിക്കുന്നത്. വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് എസ്‌യുവിയുടെ ക്യബിനെ വേറിട്ട് നിര്‍ത്തുന്നത്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാണാം. അതേസമയം സെന്റര്‍ കണ്‍സോളില്‍ വിവിധ ഫംഗ്ഷനുകള്‍ക്കായി വിവിധ ഫിസിക്കല്‍ ബട്ടണുകളും ഡയലുകളും ഉണ്ട്.
പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജര്‍, പവര്‍ ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. 6 എയര്‍ബാഗുകള്‍, പനോരമിക് വ്യൂ മോണിറ്റര്‍, ഓട്ടോ ബ്രേക്ക് ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ABS, EBD, VSC, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ടുള്ള ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുള്ള ടൊയോട്ട സേഫ്റ്റി സെന്‍സ് സ്യൂട്ട് എന്നിവയുള്‍പ്പെടെ സുരക്ഷ കിറ്റില്‍ ഉള്‍പ്പെടുന്നു.

പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് യാരിസ് ക്രോസ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ 2NR-VE, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp പവറും 138 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. പെട്രോള്‍-ഹൈബ്രിഡ് വേരിയന്റിന് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ എഞ്ചനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ് തുടിപ്പേകുന്നത്. പെട്രോള്‍ എഞ്ചിന്‍ 90 bhp പവറും 121 Nm ടോര്‍ക്കും പുറത്തെടുക്കും.
അതേസമയം ഇലക്ട്രിക് മോട്ടോറിന് മാത്രം 79 bhp പവറും 141 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. e-CVT ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ടൊയോട്ടയുടെ പുതിയ യാരിസ് ക്രോസ് ഡ്യുവല്‍-ടോണ്‍, മോണോടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. സൂപ്പര്‍ വൈറ്റ് 2, സില്‍വര്‍ മെറ്റാലിക്, ഗ്രീനിഷ് ഗണ്‍മെറ്റല്‍, ആള്‍ട്ടിറ്റിയൂഡ് ബ്ലാക്ക് മൈക്ക, ഡാര്‍ക്ക് റെഡ്, പ്ലാറ്റിനം പേള്‍ വൈറ്റ് പ്രീമിയം, സ്‌കാര്‍ലറ്റ് പ്രീമിയം എന്നിവയാണ് മോണോടോണ്‍ കളര്‍ ഓപ്ഷനുകള്‍.
സില്‍വര്‍ മെറ്റാലിക്, സ്‌കാര്‍ലറ്റ് പ്രീമിയം, പ്ലാറ്റിനം പേള്‍ വൈറ്റ് പ്രീമിയം എന്നിവയാണ് ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍. ഇവയ്ക്കെല്ലാം ആള്‍ട്ടിറ്റിയൂഡ് ബ്ലാക്ക് മൈക്ക റൂഫ് ഉണ്ടായിരിക്കും.റൈസ് എസ്‌യുവിക്ക് തൊട്ടുമുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കാറിന്റെ വില പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. യാരിസ് ക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന കാര്യം ഉറപ്പില്ല. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍, വരാനിരിക്കുന്ന ഹോണ്ട എലവേറ്റ് എന്നിവയെയാകും നേരിടേണ്ടി വരിക.


Click it and Unblock the Notifications








