ജിംനി വരാൻ കാത്തിരിക്കേണ്ട; മഹീന്ദ്ര ഥാര്‍ ഇപ്പോള്‍ 1 ലക്ഷം രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം
നിലവില്‍ ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റിലെ മുടിചൂടാ മന്നനാണ് മഹീന്ദ്ര ഥാര്‍. അടുത്തിടെ മാരുതി സുസുക്കി ജിംനി 5 ഡോര്‍ അവതരിപ്പിച്ചതോടെ പുത്തന്‍ അങ്കത്തിന് കൊടിയേറിയിരിക്കുകയാണ്. ജിംനിയുടെ വില പ്രഖ്യാപനം കൂടി നടന്നാലാകും പോരാട്ടത്തിന് ചൂടുപിടിക്കുക.
ജിംനി അവതരിപ്പിച്ചെങ്കിലും ഥാറിന്റെ ജനപ്രീതിക്കും വില്‍പ്പനക്കും യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. മഹീന്ദ്ര ഥാറിന്റെ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകള്‍ വില്‍പ്പന ചാര്‍ട്ടുകള്‍ക്ക് തീപിടിപ്പിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ അവതരിപ്പിച്ച മഹീന്ദ്ര ഥാര്‍ RWD പതിപ്പ് വന്‍ ഹിറ്റായതോടെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവാണ് അനുഭവപ്പെടുന്നത്. എന്നാല്‍ മഹീന്ദ്ര ഥാര്‍ ആരാധകര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്.

എസ്‌യുവി ഇപ്പോള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാനുള്ള അവസരമാണ് വീണുകിട്ടിയിരിക്കുന്നത്. മന്ദഗതിയില്‍ മാത്രം വില്‍പ്പന നടക്കുന്ന ലൈഫ്സ്റ്റൈല്‍ എസ്‌യുവിയുടെ പെട്രോള്‍ AT 4WD 2022 മോഡലിനാണ് വമ്പന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്. 15.82 ലക്ഷം രൂപയാണ് മഹീന്ദ്ര ഥാര്‍ പെട്രോള്‍ AT 4WD വേരിയന്റിന്റെ വില. ഈ പതിപ്പ് ഇപ്പോള്‍ 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടോടെയാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.
45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത കസ്റ്റമര്‍ക്ക് 60,000 രൂപയുടെ ആക്സസറി പാക്കേജ് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ, ഥാര്‍ പെട്രോള്‍ AT4WD പതിപ്പിന് 10,000 രൂപ കോര്‍പ്പറേറ്റ് ബോണസും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ഇതേടൊപ്പം മഹീന്ദ്ര ഥാറിന്റെ പ്രസ്തുത പതിപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും 3 വര്‍ഷത്തെ മെയിന്റനന്‍സ് പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ആനുകൂല്യങ്ങളെല്ലാം ചേരുമ്പോള്‍ ഏകദേശം 1 ലക്ഷം രൂപ കൈയ്യിലിരിക്കും. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഓഫര്‍ ലഭ്യമാകുന്നത് മഹീന്ദ്ര ഥാര്‍ പെട്രോള്‍ AT 4WD-യുടെ 2022 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ക്കാണ്. സ്റ്റോക്ക് തീരുന്നത് വരെ മാത്രമായിരിക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുക. മഹീന്ദ്ര ഥാറിന്റെ മറ്റ് പതിപ്പുകള്‍ക്കൊന്നും ഓഫര്‍ വാഗ്ദാനം ചെയ്യുന്നില്ല.
മഹീന്ദ്ര 2020-ലാണ് ഥാറിന്റെ രണ്ടാം തലമുറ പതിപ്പ് ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. വന്‍വിജയമായി മാറിയ ഥാറിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മാരുതി ജിംനിയുടെ വരവിനിടയിലും ഥാറിന്റെ ഡിമാന്‍ഡ് ഒരിക്കലും കുറഞ്ഞിട്ടില്ല. അടുത്തിടെ റിയല്‍ വീല്‍ ഡ്രൈവ് വേരിയന്റ് കൂടി കളത്തിലിറക്കിയതോടെ ഡിമാന്‍ഡ് ഇരട്ടിയാകുകയാണ് ചെയ്തത്. ഥാറിന്റെ ഡീസല്‍ പതിപ്പുകള്‍ക്കാണ് ആവശ്യക്കാരേറെ. അതേസമയം പെട്രോള്‍ പതിപ്പിന് ഡിമാന്‍ഡ് അല്‍പ്പം കുറഞ്ഞിട്ടുണ്ട്.

ഥാറിന്റെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ശരാശരിയിലും താഴെ മാത്രമാണ് മൈലേജ് നല്‍കുന്നത്. ഇതാണ് ഥാറിന്റെ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളുടെ ഡിമാന്‍ഡ് കുറയുന്നതിന്റെ കാരണമായി പലരും ഉയര്‍ത്തിക്കാണിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മഹീന്ദ്ര ഥാര്‍ വേരിയന്റ് നിരയിലേക്ക് പുതിയൊരു പോരാളി എത്തിയത്. റിയര്‍-വീല്‍ ഡ്രൈവ് പതിപ്പുകളായിരുന്നു ലൈനപ്പില്‍ പുതുതായി അംഗത്വമെടുത്തത്. ഇതുവരെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തില്‍ മാത്രമായിരുന്നു മഹീന്ദ്ര ഥാവര്‍ വാഗ്ദാനം ചെയ്തിരുന്നത്.
ഡീസല്‍-മാനുവല്‍, പെട്രോള്‍-ഓട്ടോമാറ്റിക് പതിപ്പുകളില്‍ ഇത് വാങ്ങാനാകും. ഥാറിന്റെ റോഡ് പ്രസന്‍സും പൗരുഷമാര്‍ന്ന ലുക്കും മാത്രം മതി ഫോര്‍-വീല്‍ ഡ്രൈവ് വേണ്ട എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ വാഹനമാണ് ഥാര്‍ RWD. 9.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിക്കപ്പെട്ടതും ഥാര്‍ റിയര്‍-വീല്‍ ഡ്രൈവ് പതിപ്പ് സ്വന്തമാക്കാന്‍ നിരവധിയാളുകളെ പ്രേരിപ്പിച്ചു. ഇതിന്റെ കാത്തിരിപ്പ് കാലയളവ് ഏകദേശം 18 മാസം വരെ നീളുന്നു.
ഫോര്‍ വീല്‍ ഡ്രൈവ് ഥാര്‍ ഡീസലിന് പോലും ഏകദേശം നാല് മാസം മാത്രമാണ് കാത്തിരിപ്പ് കാലയളവെന്ന് ഓര്‍ക്കണം. രണ്ട് ഡീസല്‍, ഒരു പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാര്‍ വാഗ്ദാനം ചെയ്യുന്നത്. റിയര്‍-വീല്‍ ഡ്രൈവ് പതിപ്പ് ചെറിയ 1.5 ലിറ്റര്‍ 115 bhp ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമാണ്. ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 130 bhp പവര്‍ നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നു.
അതേസമയം, ഥാറിന്റെ റിയര്‍ വീല്‍, ഫോര്‍ വീല്‍ഡ്രൈവ് പതിപ്പുകള്‍ 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാങ്ങാനാകും. ഈ എഞ്ചിന്‍ 150 bhp പവര്‍ നല്‍കുന്നു. മഹീന്ദ്ര ഥാറിന്റെ ഓഫര്‍ നഗരങ്ങള്‍ക്കും സ്‌റ്റോക്ക് ലഭ്യതക്കുമനുസരിച്ച് മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications








