പഞ്ചും ക്രെറ്റയും ജാഗ്രതൈ! ജൂലൈയില്‍ വിപണി വിറപ്പിക്കാനെത്തുന്ന കിടിലന്‍ കാറുകള്‍
2023 വര്‍ഷത്തിന്റെ രണ്ടാമത്തെ പകുതിയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് നമ്മള്‍. ഇന്ത്യയില്‍ ഉത്സവ സീസണ്‍ വരുന്ന കാലയളവായതിനാല്‍ വാഹന നിര്‍മാതാക്കളും ഓഫറുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഉപഭോക്താക്കളും വമ്പന്‍ പ്രതീക്ഷയിലാണ്. ഇതിന്റെ ചുവടുപിടിച്ച് 2023 ജൂലൈയില്‍ ഒരുപിടി വമ്പന്‍ ലോഞ്ചുകളുണ്ട്. ഏറെ നാളായി വാഹന ലോകം കാത്തിരിക്കുന്ന ചില ലോഞ്ചുകള്‍ക്കാണ് നമ്മള്‍ ഈ മാസം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ പുലികളില്‍ ഒന്നായ കിയ സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണ് ഇതില്‍ ആദ്യമെത്തുക. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പുമായി പ്രീമിയം എംപിവി സെഗ്‌മെന്റിലേക്ക് മാരുതി സുസുക്കിയുടെ മാസ് എന്‍ട്രിയും ഈ മാസം കാണാം. ഏറെ നാളായി കാത്തിരിക്കുന്ന ഹ്യുണ്ടായി എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയും ഈ മാസമെത്താം. ഈ മാസം വിപണിയില്‍ എത്താന്‍ പോകുന്ന സുപ്രധാന മോഡലുകള്‍ ഏതൊക്കെയെന്ന് വിശദമായി നോക്കാം.

കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ്: വില്‍പ്പനയുടെ കാര്യത്തില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റയുടെ പിന്നില്‍ രണ്ടാം സ്ഥാനത്താണ് കിയ സെല്‍റ്റോസ്. കിയ സെല്‍റ്റോസിന്റെ മുഖംമിനുക്കിയ പതിപ്പ് കഴിഞ്ഞ വര്‍ഷം തൊട്ട് തന്നെ ആഗോള വിപണിയിലുണ്ട്. എന്നാല്‍ കൊറിയന്‍ വാഹന ഭീമന്‍മാര്‍ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസം മാത്രമാണ് ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തുക. ജൂലൈ നാലിനായിരിക്കും അരങ്ങേറ്റം.
എസ്‌യുവി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലില്‍ കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഫീച്ചര്‍ അപ്ഗ്രേഡുകളും കാണും. ഒപ്പം ഒരു പുതിയ പവര്‍ട്രെയിനും കിയ ഉള്‍പ്പെടുത്തിയേക്കും. കിയ സെല്‍റ്റോസിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ഡിസൈന്‍ മൊത്തമായും പൊളിച്ചെഴുതും. അകത്തളത്തില്‍ ട്വിന്‍ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകളുള്ള ഒരു പുതിയ ഇന്റീരിയറും കാണാം.
ട്രെന്‍ഡിംഗ് സേഫ്റ്റി ഫീച്ചറായ ADAS സ്യൂട്ടിന്റെ കൂട്ടിച്ചേര്‍ക്കലായിരിക്കും ഏറ്റവും പ്രധാന ആകര്‍ഷണം. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും കൂടി എസ്‌യുവിയില്‍ ഇടംപിടിക്കും. 160 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. ഹ്യുണ്ടായി വെര്‍ണ, കിയ കാരെന്‍സ് എന്നിവയില്‍ സേവനം ചെയ്യുന്ന പവര്‍ട്രെയിന്‍ ആണിത്.
മാരുതി സുസുക്കി ഇന്‍വിക്‌റ്റോ: മുകളില്‍ സൂചിപ്പിച്ച പോലെ മൂന്നാം തലമുറ ടൊയോട്ട ഇന്നോവയുടെ ബാഡ്ജ്-എഞ്ചിനീയറിംഗ് പതിപ്പാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ. എന്നാല്‍ ഒരു ഹൈബ്രിഡ് വേരിയന്റില്‍ മാത്രമാകും പ്രീമിയം എംപിവി വിപണിയില്‍ എത്തിക്കുകയെന്നാണ് ബുക്കിംഗ് പോര്‍ട്ടല്‍ സൂചന നല്‍കുന്നത്. അങ്ങനെ വരുമ്പോള്‍ 183 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആയിരിക്കും മാരുതി ഇന്‍വിക്‌റ്റോക്ക് തുടിപ്പേകുക.

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പിന്നീട് ഓഫര്‍ ചെയ്യാനാകും സാധ്യതയുണ്ട്. ഹൈക്രോസില്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍ ഡിസൈനിംഗില്‍ ചില്ലറ മാറ്റങ്ങള്‍ മാരുതി സുസുക്കി വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്റീരിയറും മറ്റ് ഘടകങ്ങളും മാറ്റമില്ലാതെ തുടരും. എന്നിരുന്നാലും ട്രിമ്മിനും അപ്‌ഹോള്‍സ്റ്ററിക്കും പുതിയ നിറങ്ങള്‍ ഉണ്ടാകും.
മാരുതി സുസുക്കിയുടെ 20 ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന ആദ്യ മോഡലായി മാറും ഇന്‍വിക്‌റ്റോ. വില പിടിച്ചു നിര്‍ത്താന്‍ ഹൈക്രോസിലുള്ള ADAS അടക്കമുള്ള ഫീച്ചറുകള്‍ ഭാഗികമായോ ചിലപ്പോള്‍ മുഴുവനായോ മാരുതി സുസുക്കി ഒഴിവാക്കിയേക്കും. ജൂലൈ അഞ്ചിനാകും മാരുതി ഇന്‍വിക്‌റ്റോയുടെ ലോഞ്ച്.

ഹ്യുണ്ടായി എക്സ്റ്റര്‍: ഇന്ന് വിപണിയില്‍ കുഞ്ഞന്‍ എസ്‌യുവി സെഗ്‌മെന്റില്‍ എതിരാളികളില്ലാതെ വാഴുന്ന ടാറ്റ പഞ്ചിന് ചെക്കുവെക്കാന്‍ ഹ്യുണ്ടായി കൊണ്ടുവരുന്ന പോരാളിയാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍. ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നീ മോഡലുകളുടെ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്റ്റര്‍ ഒരുങ്ങുന്നത്. ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലെ എന്‍ട്രി ലെവല്‍ മോഡല്‍ ആയിരിക്കും എക്‌സ്റ്റര്‍. ബോക്സി സ്റ്റാന്‍സ്, ചുറ്റുമുള്ള ബോഡി ക്ലാഡിംഗ് എന്നിങ്ങനെ സാധാരണ എസ്‌യുവികളില്‍ കാണുന്ന സ്‌റ്റൈലിംഗ് എക്സ്റ്ററില്‍ കാണാനാകും.
അകത്തളം ഗ്രാന്‍ഡ് I10 നിയോസിനും ഓറക്കും സമാനമായിരിക്കും. എന്നാല്‍ ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്‌ക്യാമും എക്‌സ്റ്ററിനെ വേറിട്ട് നിര്‍ത്തും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും എക്‌സ്റ്ററിന് തുടിപ്പേകുക. ഈ എഞ്ചിന്‍ 83 bhp പവര്‍ പുറത്തെടുക്കും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കും. ബദല്‍ ഇന്ധനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് പരിഗണിച്ച് സിഎന്‍ജി കിറ്റണിയിച്ചും എക്‌സ്റ്റര്‍ ഹ്യുണ്ടായി വിപണിയില്‍ എത്തിക്കും.

മെര്‍സിഡീസ് ബെന്‍സ് GLC രണ്ടാം തലമുറ പതിപ്പ്: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് GLC രണ്ടാം തലമുറ പതിപ്പ് ജൂലൈ അവസാനം വിപണയില്‍ എത്തിച്ചേക്കും. കൃത്യമായ തീയതി അറിവായിട്ടില്ലെങ്കിലും കാറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 50,000 രൂപ ടോക്കണ്‍ തുക നല്‍കിയാല്‍ ബുക്ക് ചെയ്യാം. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മെര്‍സിഡീസ് GLC ഓഫര്‍ ചെയ്‌തേക്കും.
2.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി GLC 200 ഉം 2.0-ലിറ്റര്‍ ഡീസലുമായി GLC 200d -യും പുറത്തിറക്കിയേക്കും. വിദേശ വിപണിയിലുള്ള മെര്‍സിഡീസ് GLC 200 204 bhp പവറും 320 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. അതേസമയം ഡീസല്‍ എഞ്ചിന്‍ 197 bhp പവറും 440 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് വേരിയന്റുകളിലും 48V ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് അധികമായി 23 bhp നല്‍കും.
രണ്ടാം തലമുറ മെര്‍സിഡീസ് ബെന്‍സ് GLC ആഢംബരത്തിന്റെയും ടെക്‌നോളജിയുടെയും കാര്യത്തില്‍ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ മികച്ച് നില്‍ക്കും. അകത്തളം പുതിയ C-ക്ലാസിന് സമാനമായിരിക്കും. ഈ പറഞ്ഞ മോഡലുകള്‍ അല്ലാതെ വരുംമാസങ്ങളില്‍ കൂടുതല്‍ കാറുകള്‍ വിപണിയില്‍ എത്തും. ഹോണ്ട എലിവേറ്റ്, സിട്രോണ്‍ C3 എയര്‍ക്രോസ് എന്നിവ അവയില്‍ ചിലത് മാത്രമാണ്. ജൂണില്‍ അവതരിപ്പിച്ച എലിവേറ്റിന്റെ വില പ്രഖ്യാപനം സെപ്റ്റംബറില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റയും നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ എസ്‌യുവികള്‍ പരിഷ്‌കരിച്ച് വിപണിയില്‍ എത്തിക്കും. ഒപ്പം പഞ്ചിന്റെ സിഎന്‍ജി പതിപ്പും വരും മാസങ്ങളില്‍ അരങ്ങേറും. ഏതായാലും 2023 വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ തീപാറും. പുതിയ മോഡലുകള്‍ എത്തുന്നതോടെ വില്‍പ്പനയും കൂടുമെന്ന പ്രതീക്ഷ നിര്‍മാതാക്കള്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ വില്‍പ്പന കണക്കുകള്‍ ഇക്കുറി മറികടക്കുമോ എന്ന് കണ്ടറിയാം.


Click it and Unblock the Notifications








