പണപ്പെട്ടി റെഡിയാക്കി ഇരുന്നോ! സെപ്റ്റംബറിൽ വരുന്നത് കാർ ലോഞ്ചുകളുടെ പൂരം
കേരളത്തില്‍ ഓണാഘോഷം അതിന്റെ അവസാനത്തിലാണ്. എന്നാല്‍ സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും ആഘോഷത്തിമിര്‍പ്പിലേക്ക് കടക്കുകയാണ്. അതിനാല്‍ തന്നെ രാജ്യം കാത്തിരിക്കുന്ന ചില കാര്‍ മോഡലുകള്‍ സെപ്റ്റംബറില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. അടുത്ത മാസം മുന്‍നിര കാര്‍ നിര്‍മാതാക്കളില്‍ നിന്നെത്തുന്ന പ്രധാന 5 കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ഹോണ്ട എലിവേറ്റ്: സെപ്റ്റംബര്‍ നാലാം തീയതി രാജ്യം ഏറെ നാളായി കാത്തിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവിയായ ഹോണ്ട എലിവേറ്റിന്റെ വില പ്രഖ്യാപിക്കുമെന്നാണ് സൂചന. സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് തുടിപ്പേകുക. ഈ എഞ്ചിന്‍ 121 bhp പവറും 145 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍, CVT ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആറ് എയര്‍ബാഗുകള്‍, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) എന്നിവയാണ് ഫീച്ചര്‍ ലിസ്റ്റിലുള്ളത്. 11 ലക്ഷം രൂപ റേഞ്ചിലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, എംജി ആസ്റ്റര്‍, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എന്നീ വമ്പന്‍മാരാണ് എതിരാളികള്‍.
ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റ്: സെപ്റ്റംബര്‍ രണ്ടാം വാരമായിരിക്കും ഇന്ത്യയിലെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നായ ടാറ്റ നെക്‌സോണ്‍ മുഖംമിനുക്കി എത്തുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അപ്ഡേറ്റുകള്‍ക്ക് വിധേയമായ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് മൂന്ന് വര്‍ഷത്തിന് ശേഷം അരങ്ങേറാന്‍ പോകുകയാണ്. ടാറ്റ കര്‍വ് കണ്‍സെപ്റ്റില്‍ നിന്ന് ഡിസൈന്‍ സൂചകങ്ങള്‍ കടമെടുത്ത് ഫ്യൂച്ചറിസ്റ്റിക് ലുക്കിലായിരിക്കും പുത്തന്‍ നെക്‌സോണിന്റെ വരവ്.

പുതിയ 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, പുതിയ ഇന്റീരിയര്‍ തീം, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവയ്ക്കൊപ്പം ഇന്റീരിയറും നവീകരിക്കും. വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍ എന്നിവയടക്കം ഫീച്ചര്‍ സമ്പന്നമായിരിക്കും ക്യാബിന്‍. നിലവില്‍ ഓഫര്‍ ചെയ്യുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഫെയ്‌ലിഫ്റ്റില്‍ തുടര്‍ന്നും ലഭിക്കും.
അതേസമയം 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.2 ലിറ്റര്‍ TGDi ടര്‍ബോ-പെട്രോള്‍ യൂണിറ്റ് കൊണ്ടുവരാന്‍ പോകുന്നുണ്ട്. പുതിയ എഞ്ചിന്‍ 125 bhp പവറും 225 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്നു. നിലവിലുള്ള 6 സ്പീഡ് മാനുവല്‍ ഓപ്ഷനോടൊപ്പം 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 8 ലക്ഷം രൂപ മുതലാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രതീക്ഷിക്കുന്നത്.
ടാറ്റ നെക്സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റ്: നെക്‌സോണിനൊപ്പം സെപ്റ്റംബര്‍ 14-ന് ടാറ്റ ഇവി പതിപ്പിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ പുറത്തിറക്കിയേക്കും. ഔട്ട്ഗോയിംഗ് മോഡലിനെ പോലെ തന്നെ എക്സ്‌ക്ലൂസീവ് ഇവി ഘടകങ്ങള്‍ക്കൊപ്പം നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ കാണപ്പെടുന്ന മാറ്റങ്ങള്‍ എല്ലാം ഇലക്ട്രിക് പതിപ്പിലും ദൃശ്യമാകും. ഇന്റീരിയറിലും അതേ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
നെക്സോണ്‍ ഇവി മാക്സിന് ഇതിനകം 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം ലഭിക്കുന്നുണ്ടെങ്കിലും ഒരു പുതിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍ എന്നിവ നെക്‌സോണ്‍ ഇവിയില്‍ കൊണ്ടുവരുമെന്ന് കരുതുന്നു. മുഖംമിനുക്കുന്ന നെക്‌സോണ്‍ ഇവിയുടെ പവര്‍ട്രെയിനില്‍ വല്ല അപ്‌ഡേറ്റും ഉണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 15 ലക്ഷം രൂപ മുതലാണ് ടാറ്റ് നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

മെര്‍സിഡീസ് ബെന്‍സ് EQE എസ്‌യുവി: സെപ്റ്റംബര്‍ 15-ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ എത്തിച്ചേക്കും. മെര്‍സിഡീസ് ബെന്‍സ് EQE എസ്‌യുവി അടിസ്ഥാനപരമായി GLE എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണെങ്കിലും തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് വരുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ പുത്തന്‍ ഇലക്ട്രിക് കാറുകളില്‍ കാണപ്പെടുന്ന ആധുനിക ഡിസൈന്‍ ഭാഷയാണ് ഇതിലും സ്വീകരിക്കുന്നത്.
മൂന്ന് ഡിസ്പ്ലേകള്‍ ഉള്‍ക്കൊള്ളുന്ന 56 ഇഞ്ച് MBUX-പവര്‍ ഹൈപ്പര്‍സ്‌ക്രീന്‍ ഉള്‍ക്കൊള്ളുന്ന അത്യഡംബരം നൂതന സാങ്കേതിവിദ്യകളും നിറഞ്ഞ ക്യാബിനാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. മെര്‍സിഡീസ് EQE എസ്‌യുവി മൂന്ന് വേരിയന്റുകളിലായാണ് ആഗോള വിപണിയില്‍ വില്‍ക്കുന്നത്. റിയര്‍, ഓള്‍-വീല്‍ ഡ്രൈവ്‌ട്രെയിനുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. 89kWh, 90.6kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ലഭിക്കുന്ന AWD വേരിയന്റ് ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.
89 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി ഒറ്റചാര്‍ജില്‍ 407 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം. വലിയ ബാറ്ററി പായ്ക്കിന് 433 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. ബിഎംബ്ല്യു iX, ഔഡി Q8 ഇ-ട്രോണ്‍ എന്നീ മോഡലുകള്‍ക്കെതിരെ മത്സരിക്കാന്‍ പോകുന്ന മെര്‍സിഡീസ് EQE ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 1 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
വോള്‍വോ C40 റീചാര്‍ജ്: സെപ്റ്റംബര്‍ നാലാം തീയതി സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ C40 റീചാര്‍ജിന്റെ വില പ്രഖ്യാപിക്കും. XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ കൂപ്പെ പതിപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ കമ്പനി ഇന്ത്യക്ക് പരിചയപ്പെടുത്തിയിരുന്നു.

കൂപ്പെ സ്‌റ്റൈല്‍ റൂഫും ട്വീക്ക്ഡ് റിയര്‍ ഡിസൈനുമുള്ള C40 റീചാര്‍ജ് കാഴ്ചയില്‍ XC40 റീചാര്‍ജിന് സമാനമായി കാണപ്പെടുന്നു. വെര്‍ട്ടിക്കല്‍ പോര്‍ട്രെയ്റ്റ് ശൈലിയിലുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ഉള്ള പ്രീമിയം, ക്ലാസി ക്യാബിന്‍ ഇതിന്റെ സവിശേഷതകളില്‍ ഒന്നാണ്. ADAS, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടെ സേഫ്റ്റി കിറ്റും സമ്പന്നമാണ്.
78kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച വോള്‍വോ C40 റീചാര്‍ജ് ഒറ്റചാര്‍ജില്‍ 530 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജര്‍ വഴി 27 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നത് മറ്റൊരു ഹൈലൈറ്റാണ്. 60 ലക്ഷം രൂപ മുതലാണ് വോള്‍വോ C40 റീചാര്‍ജിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു i4, ഹ്യുണ്ടായി അയണിക് 5, കിയ EV6 എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








