വരി വരിയായി അണിയറയിൽ! ടാറ്റ വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുന്ന CNG കാറുകൾ
CNG കാറുകൾക്ക് ഇപ്പോൾ ഡിമാൻഡ് ഏറി വരികയാണ്, അതിനാൽ തന്നെ പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ വർഷം ആദ്യം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് തങ്ങളുടെ ജനപ്രിയ മോഡലുകളായ ആൾട്രോസിന്റെയും പഞ്ചിന്റെയും CNG പതിപ്പുകൾ അവതരിപ്പിച്ചിരുന്നു.
ഒരു വലിയ ടാങ്കിൽ നിന്ന് വ്യത്യസ്തമായി രണ്ട് ചെറിയ CNG ടാങ്കുകളുടെ സാന്നിധ്യമാണ് ഇവയിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഓരോ ടാങ്കിനും 30 ലിറ്റർ ശേഷിയുണ്ട്, ഇവ പാരലലായി ക്രമീകരിച്ചിരിക്കുന്നു. ഡ്യുവൽ ടാങ്കുകൾ ബൂട്ട് ഏരിയയ്ക്ക് താഴെയായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്, അതിനാൽ ബൂട്ട് സ്പെയ്സ് കാര്യമായ അളവിൽ നഷ്ടപ്പെടുന്നില്ല.

ഉപയോഗപ്രദമാവുന്ന ബൂട്ട് സ്‌പേസ് പ്രായോഗികത വർധിപ്പിക്കുന്നതിനാൽ ട്വിൻ-സിലിണ്ടർ സാങ്കേതികവിദ്യയുടെ ഒരു വൻ മികവിൽ ഒന്നാണിത്. ഉദാഹരണമായി, സാധാരണ ടാറ്റ ആൾട്രോസിന്റെ ബൂട്ടിന് 345 ലിറ്ററിന്റെ ലോഡ് കപ്പാസിറ്റിയുണ്ട്, എന്നാൽ CNG വേരിയന്റിന് ഇത് 210 ലിറ്ററാണ്, എന്നിരുന്നാലും അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലുതാണിത് എന്ന് പറയാം. ടിയാഗോ, ടിഗോർ എന്നിവയുൾപ്പെടെ മറ്റ് ടാറ്റ കാറുകളിലും ഈ സാങ്കേതികവിദ്യ നിർമ്മാതാക്കൾ ഉടൻ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടിയാഗോയും ടിഗോറും ഇതിനകം തന്നെ ഫാക്ടറി ഫിറ്റഡ് CNG വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തുന്നു. എന്നാൽ ഇവയുടെ പ്രായോഗികത വർധിപ്പിക്കുന്നതിനും സെഗ്മെന്റിലെ എതിരാളികളേക്കാൾ മുൻതൂക്കം നേടുന്നതിനും ഇവയ്ക്ക് സമീപഭാവിയിൽ ട്വിൻ സിലിണ്ടർ ക്രമീകരണം ലഭിച്ചേക്കാം. ടാറ്റ പഞ്ച് CNG മോഡൽ ഈ കലണ്ടർ വർഷാവസാനം ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഇത് ബ്രാൻഡിനെ തങ്ങളുടെ CNG ശ്രേണി വിപുലീകരിക്കാൻ സഹായിക്കും.

വരാനിരിക്കുന്ന ഹ്യുണ്ടായി എക്‌സ്‌റ്ററിന് CNG പതിപ്പ് ഉണ്ടാവും എന്ന് പ്രഖ്യാപിച്ചതോടെ, ഈ ഉത്സവ സീസണിൽ തന്നെ ടാറ്റ പഞ്ച് CNG വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. പ്രാദേശിക വാഹന ഭീമൻ 2023 ഓഗസ്റ്റിൽ അകത്തും പുറത്തും വലിയ പരിഷ്‌ക്കരണങ്ങളോടെ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും. വാഹനത്തിന്റെ ഡിസൈൻ കർവ്വ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അതേസമയം ഇന്റീരിയറിന് കൂടുതൽ അപ്പ് മാർക്കറ്റ് ഫീലും ഉണ്ടായിരിക്കും.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവിക്ക് ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും, അതിനാൽ ഇത് ഒരു CNG ആവർത്തനത്തിലും ടാറ്റയ്ക്ക് എസ്‌യുവിയെ അവതരിപ്പിക്കാനാകും. 125 PS പവറും 225 Nm torque ഉം സൃഷ്ടിക്കുന്ന പുതിയ തലമുറ 1.2 ലിറ്റർ DI ടർബോ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്ന ആദ്യ ടാറ്റ മോഡലായി നെക്സോൺ മാറുമെന്ന് പറയപ്പെടുന്നു.
ഇത് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും, കൂടാതെ ഒരു ഓപ്ഷനായി DCT യൂണിറ്റും ഉണ്ടായിരിക്കും. CNG സാങ്കേതികവിദ്യയുമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ നിലവിൽ ഉള്ളതിനാൽ, വരാനിരിക്കുന്ന കർവ്വ് കൺസെപ്‌റ്റിന്റെ പ്രൊഡക്ഷൻ പതിപ്പും ബൈ-ഫ്യുവൽ അവതാരത്തിൽ വരാം.
വാഹനം അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. CNG സെഗ്മെന്റിൽ മത്സരം കൂടുതൽ മുറുക്കുന്നതിനായി മാരുതിയും തയ്യാറെടുക്കുകയാണ്. ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റ് ഹാച്ച്ബാക്ക്, ഡിസയർ കോംപാക്ട് സെഡാൻ എന്നിവയുടെ CNG പതിപ്പുകളും ഈ വർഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications