എസ്‌യുവി പോപ്പുലാരിറ്റിയ്ക്കു മുന്നിൽ തളരില്ല! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഹാച്ച്ബാക്ക് മോഡലുകൾ
ഇന്ത്യൻ കാർ വിപണിയിൽ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവികൾ വളരെയധികം പോപ്പുലാരിറ്റി നേടുന്നുണ്ടെങ്കിലും, ഹാച്ച്ബാക്കുകൾ ഇപ്പോഴും ഒരു വലിയ വിഭാഗത്തിന്റെ ആദ്യ ചോയിസായി നിലനിൽക്കുന്നു. ഹാച്ച്ബാക്കുകൾ താരതമ്യേന ചെലവുകുറഞ്ഞതും ന്യായമായ പ്രാക്ടിക്കാലിറ്റിയും ട്രാഫിക്കിൽ ഹാൻഡിൽ ചെയ്യാൻ എളുപ്പവുമാണ്. ഇന്നും ഇന്ത്യയുെട പലഭാഗങ്ങളിലും ഹാച്ച്ബാക്കുകളാണ് ഇന്നും അഭികാമ്യം.
സാധാരണയായി വളരെ ഭാരം കുറഞ്ഞവയാണ് ഹാച്ച്ബാക്കുകൾ, അതിനാൽ മികച്ച മൈലേജും ഇവ നൽകുന്നു. ഉപഭോക്താക്കളെ വീണ്ടും ഈ സെഗ്മെന്റിലേക്ക് ആകർഷിക്കാൻ, വരും മാസങ്ങളിൽ ചില ആവേശകരമായ ഓപ്ഷനുകൾ അവതരിപ്പിക്കാൻ പല വാഹന നിർമ്മാതാക്കളും പദ്ധതിയിടുന്നു. ഇന്ത്യൻ വിപണിയിൽ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് ഹാച്ച്ബാക്കുകളെ ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

1. ന്യൂ ജെൻ മാരുതി സ്വിഫ്റ്റ്: അടുത്ത വർഷം പകുതിയോടെ പുതിയ തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോ-ജാപ്പനീസ് വാഹന ഭീമനായ മാരുതി സുസുക്കി. ഹാച്ച്ബാക്ക് നിലവിൽ ഡെവലപ്മെന്റ് സ്റ്റേജിലാണ്, മാതൃ കമ്പനിയായ സുസുക്കി അന്താരാഷ്ട്ര തലത്തിൽ ഇതിന്റെ റോഡ്-ടെസ്റ്റ് നടത്തുന്ന തിരക്കിലാണ്. വരാനിരിക്കുന്ന ന്യൂ ജെൻ മാരുതി സ്വിഫ്റ്റിന് ധാരാളം പുതിയ ഫീച്ചറുകൾക്കൊപ്പം കൂടുതൽ മസ്കുലാർ സ്റ്റൈലിംഗും ഉണ്ടായിരിക്കും. മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് ഹാച്ചിന് കരുത്തേകുന്നത്.
2. മാരുതി ബലേനോ 1.0 ബൂസ്റ്റർജെറ്റ്: ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഉടൻ തന്നെ ബലേനോ ഹാച്ച്ബാക്കിൽ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തീർച്ചയായും പുതിയ ഫ്രോങ്ക്സ് ക്രോസ്ഓവറിന് കരുത്തേകുന്ന 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് മോട്ടോർ ആയിരിക്കും. എഞ്ചിന് പുറമെ, ബലെനോ ബൂസ്റ്റർജെറ്റിന് സ്‌പോർട്ടി ബോഡി കിറ്റ്, വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്ല് ഡിസൈൻ, പുതിയ പെയിന്റ്/ കളർ ഓപ്ഷനുകൾ മുതലായവ പോലുള്ള സൗന്ദര്യവർധക മാറ്റങ്ങളും ലഭിച്ചേക്കും.

3. ഹ്യുണ്ടായി i20 ഫേസ്‌ലിഫ്റ്റ്: ദക്ഷിണ കൊറിയൻ കാർ ഭീമനായ ഹ്യുണ്ടായി അടുത്തിടെ യൂറോപ്യൻ വിപണിയിൽ i20 -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അനാവരണം ചെയ്തു. കാര്യമായി അപ്‌ഡേറ്റ് ചെയ്ത ഹാച്ച്‌ബാക്ക് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ADAS പോലെയുള്ള നവീന ഫീച്ചറുകൾക്കൊപ്പം, 2023 ഫേസ്‌ലിഫ്റ്റ്ഡ് മോഡലിന് അപ്‌ഡേറ്റ് ചെയ്ത എക്സ്റ്റീരിയൽ ഡിസൈനും രൂപകൽപ്പനയും ലഭിക്കും.
എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ 82 bhp പവർ പുറപ്പെടുവിക്കുന്ന 1.2-ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ യൂണിറ്റ്, 118 bhp മാക്സ് പവർ സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് എന്നിവ വരുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകൾ നിലവിലെ മോഡലിൽ ഉള്ളത നിർമ്മാതാക്കൾ അതേപടി നിലനിർത്തും.

4. ടാറ്റ ടിയാഗോ ഇവി ബ്ലിറ്റ്സ്: ടാറ്റ മോട്ടോർസ് ആഭ്യന്തര വിപണിയിൽ ഇവി ലൈനപ്പ് എക്സ്പാൻഡ് ചെയ്യുന്നതിന്റെ തിരക്കിലാണ്, അതിന്റെ ഭാഗമായി രാജ്യത്ത് വരാനിരിക്കുന്ന മോഡലുകളിലൊന്നാണ് ടിയാഗോ ഇവി ബ്ലിറ്റ്സ്. ഈ വർഷം ഡൽഹിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ബ്ലിറ്റ്‌സ് എഡിഷൻ, സ്‌പോർട്ടി ബോഡി കിറ്റ്, സീറ്റ് ഫാബ്രിക്കിലെ മോട്ടിഫുകൾ, പിയാനോ ബ്ലാക്ക് അലോയി വീലുകൾ എന്നിവ പോലെ സ്റ്റാൻഡേർഡ് ടിയാഗോ ഇവിയേക്കാൾ കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നു.
എന്നിരുന്നാലും മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഇവിയ്ക്ക് ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കണം. 24 kWh ബാറ്ററിയാണ് ഇതിൽ നിർമ്മാതാക്കൾ നൽകുന്നത്, 74 bhp മോട്ടോറുമായി കണക്ട് ചെയ്തിരിക്കുന്ന ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 315 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. വാഹനത്തിന്റെ വില സംബന്ധമായ വെളിപ്പെടുത്തലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

5. ടാറ്റ ആൾട്രോസ് റേസർ: 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ പവില്യണിലെ ഏറ്റവും ആവേശകരമായ ഡിസ്പ്ലേകളിൽ ഒന്ന് ആൾട്രോസ് ഹാച്ച്‌ബാക്കിന്റെ പെർഫോമെൻസ് പതിപ്പായിരുന്നു. "ആൾട്രോസ് റേസർ" എന്ന് വിളിക്കപ്പെടുന്ന ഇത് 118 bhp പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്, അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വോയ്‌സ് അസിസ്റ്റോടുകൂടിയ ഇലക്ട്രിക് സൺറൂഫ്, ആറ് എയർബാഗുകൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിങ്ങനെ ഒട്ടനവധി ഫീച്ചറുകളോടും കൂടിയാണ് ഹോട്ട് ഹാച്ച് പ്രദർശിപ്പിച്ചിരുന്നത്. പ്രൊഡക്ഷൻ പതിപ്പിലേക്ക് ഏതെല്ലാം ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല.


Click it and Unblock the Notifications








