ഇനി വലിയ കളികള്‍ മാത്രം; ജിംനിക്കും ഫ്രോങ്ക്‌സിനും ശേഷം മാരുതി ഒരുക്കി വെച്ചത്?
താങ്ങാനാവുന്ന വിലയും മികച്ച മൈലേജുമുള്ള മോഡലുകളില്‍ നിന്ന് മാരുതി പതുക്കെ ഗിയര്‍ മാറ്റുന്നത് എല്ലാവരും അറിയുന്നുണ്ടാകും. പ്രീമിയം കാര്‍ വിപണിയിലും നേട്ടം കൊയ്യുന്ന മാരുതി ഇപ്പോള്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ നടക്കുന്ന കിട മത്സരത്തിന്റെ നടുത്തളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഗ്രാന്‍ഡ് വിറ്റാരയെന്ന മിഡ്‌സൈസ് എസ്‌യുവി കൊണ്ടുവന്ന അവര്‍ ചുരുങ്ങിയ നാള്‍ കൊണ്ട് വില്‍പ്പനയില്‍ ആദ്യ മൂന്നിലെത്തി.
കഴിഞ്ഞ രണ്ട് മാസങ്ങളില്‍ കിയ സെല്‍റ്റോസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തും ഗ്രാന്‍ഡ് വിറ്റാരയെത്തി. ഫ്രോങ്ക്‌സിന് പിന്നാലെ ജിംനി 5 ഡോര്‍ കൂടി എത്തുന്നതോടെ മാരുതി പറപറക്കും. ബജറ്റ് സെഗ്മെന്റിലെ പ്രിയപ്പെട്ട ചോയ്സ് എന്നതില്‍ നിന്ന് ബ്രാന്‍ഡ് ഇപ്പോള്‍ പ്രീമിയം വിഭാഗത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു. അരീന മോഡല്‍ നിരക്കൊപ്പം പ്രീമിയം വാഹന വില്‍പ്പന ശൃംഖലയായ നെക്‌സയും മാരുതിക്ക് നേട്ടങ്ങള്‍ സമ്മാനിക്കുകയാണ്.

ഫ്രോങ്ക്‌സിനും ജിംനിക്കും ശേഷം ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് കരുതി വെച്ചിരിക്കുന്ന വജ്രായുധങ്ങള്‍ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം. ആദ്യമായി നമ്മള്‍ പറയാന്‍ പോകുന്നത് പുതു തലമുറ സ്വിഫ്റ്റിനെയും ഡിസയറിനെയും കുറിച്ചാണ്. എഞ്ചിന്‍ അപ്‌ഡേറ്റുകള്‍ക്കൊപ്പം അകത്തും പുറത്തും വമ്പന്‍ മാറ്റങ്ങളാണ് രണ്ട് ജനപ്രിയ മോഡലുകള്‍ക്കും കൈവരാന്‍ പോകുന്നത്. 4 സിലിണ്ടര്‍ K12 എഞ്ചിന് പകരം പുതിയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനുകളായിരിക്കും ഇവക്ക് തുടിപ്പേകുക.
മോഡലുകള്‍ക്ക് 'YED' എന്നാണ് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്നത്. ഇപ്പോഴുള്ള അതേ ഫോര്‍മാറ്റിലാകും കാറുകള്‍ എത്തുക. അതായത് സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയര്‍ സെഡാന്‍ രൂപത്തിലും എത്തും. എന്നാല്‍ ഡിസയറില്‍ കുറച്ച് അധികം ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് മാത്രം. സ്‌ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണത്തോടെയാകും പുതിയ 1.2 ലിറ്റര്‍ എഞ്ചിന്‍ എത്തുകയെന്ന് ശക്തമായ ഊഹാപോഹങ്ങളുണ്ട്.

സംഗതി സത്യമാണെങ്കില്‍ മൈലേജിന്റെ കാര്യം പിന്നെ നോക്കുകയേ വേണ്ട. ഒരു ലിറ്ററിന് 35 മുതല്‍ 40 കിലോമീറ്റര്‍ വരെയാകും മൈലേജ് ലഭിക്കുക. അത് വിപണിയില്‍ വലിയ വിപ്ലവങ്ങള്‍ തന്നെ സൃഷ്ടിക്കും.
ഈ മോഡലുകള്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ വാഹന ലോകം ഏറെ കാത്തിരിക്കുന്ന ഒന്നാണ് ടൊയോട്ട ഇന്നോവയുടെ മാരുതി റീബാഡ്ജ്ഡ് പതിപ്പ്. ജാപ്പനീസ് കമ്പനികളുടെ സഖ്യത്തിലൂടെ ഇതിനോടകം ഒരുപിടി വാഹനങ്ങള്‍ പിറവി കൊണ്ടിരുന്നു.
ഗ്രാന്‍ഡ് വിറ്റാര അര്‍ബന്‍ ക്രൂയിസര്‍ എന്ന പേരിലും ബലേനോ ഗ്ലാന്‍സ എന്ന പേരിലും ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നു. എന്നാല്‍ ഇത് നേരെ തിരിച്ച് സംഭവിക്കാന്‍ പോകുകയാണ്. പ്രീമിയം സെഗ്‌മെന്റിലെ സാന്നിധ്യം ഉയര്‍ത്താന്‍ കച്ചകെട്ടി ഇറങ്ങിയ മാരുതി അതിന്റെ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ഇന്നോവ ഹൈക്രോസിനെ മാരുതിയുടെ കുപ്പായത്തില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാണാം. ഗ്രാന്‍ഡ് വിറ്റാരയാണ് നിലവില്‍ മാരുതിയുടെ മോഡല്‍ നിരയില്‍ ടോപ് പൊസിഷനില്‍ നില്‍ക്കുന്നത്.

ഹൈക്രോസിന്റെ റീബാഡ്ജസ്ഡ് പതിപ്പിനിടാന്‍ 'എന്‍ഗേജ്' എന്ന പേര് മാരുതി ട്രേഡ്മാര്‍ക്ക് ചെയ്തതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാരുതിയുടെ ഇന്നോവ എത്തുന്നതോടെ പ്രീമിയം ഉപഭോക്താക്കള്‍ക്ക് കമ്പനിയയോടുള്ള സമീപനം തന്നെ മാറുമെന്നാണ് കരുതുന്നത്. ഹൈക്രോസ് പോലെ ഒരു ഫുള്‍സൈസ് എംപിവി ആഗ്രഹിക്കാത്തവര്‍ക്കായി ഒരു പുതിയ പോരാളിയെയും കളത്തിലറിക്കുമെന്നാണ് സൂചന.
ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ വേരിയന്റിനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞുവരുന്നത്. അകത്തളത്തില്‍ കൂടുതല്‍ സ്‌പെയ്‌സ് ലഭിക്കാനായി ഇതിന്റെ വീല്‍ബേസ് കൂട്ടും. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനും AWD വേരിയന്റും ലഭിക്കാന്‍ സാധ്യതയുണ്ട്. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് വ്യത്യാസപ്പെടാന്‍ ഡിസൈനില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എതിരാളികളോട് മുട്ടിനില്‍ക്കുന്ന തരത്തില്‍ ഫീച്ചറുകളാല്‍ സമ്പന്നമായിട്ടായിരിക്കും വരവ്. മാരുതിയുടെ ഹരിയാനയിലെ പുതിയ പ്ലാന്റിലായിരിക്കും നിര്‍മാണം.
ഐസിഇ, ഹൈബ്രിഡ് കാറുകള്‍ മാത്രമേ ഉള്ളുവോ, ഇലക്ട്രിക് കാര്‍ ഇല്ലേ എന്ന് ചോദിക്കുന്നവര്‍ക്കും മറുപടിയുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ കഴിഞ്ഞ 2023 ഓട്ടോ എക്സ്പോയില്‍ വരാന്‍ പോകുന്ന തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് പതിപ്പ് മാരുതി പ്രദര്‍ശിപ്പിച്ചിരുന്നു. EVX എന്നാണ് ഈ കണ്‍സെപ്റ്റ് കാറിന് മാരുതി പേരിട്ടത്.
4300 എംഎം നീളവും 1800 എംഎം വീതിയും 1,600 എംഎം ഉയരവുമാണ് ഇലക്ട്രിക് എസ്‌യുവിയുടെ വലിപ്പം. ഈ മാരുതി ഇവി രണ്ട് ബാറ്ററി പായ്‌ക്കോടെയാകും എത്തുക. 400 കിലോമീറ്റര്‍ റേഞ്ചുള്ള 48 kWh ബാറ്ററി പായ്ക്ക് ആണ് ഒന്ന്. 60kWh ബാറ്ററി പായ്ക്ക് 550 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 2025-ല്‍ ഇവി പുറത്തിറക്കാനാണ് മാരുതി പദ്ധതിയിട്ടിരിക്കുന്നത്.


Click it and Unblock the Notifications








