ട്രിപ്പ് പോകാന്‍ രണ്ട് കാര്‍ വേണ്ട, ഒന്ന് മതി! കാത്തിരിക്കാം ഈ എംപികള്‍ക്കായി...
കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈല്‍ വിപണിയായി ഇന്ത്യ മാറിയിരുന്നു. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വ്യത്യസ്ത ബോഡിശൈലിയിലുള്ള വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ മത്സരിക്കുകയാണ് ബ്രാന്‍ഡുകള്‍. സ്പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് അനുകൂലമാണ് ട്രെന്‍ഡ് എങ്കിലും കൂടുതല്‍ സീറ്റിംഗ് കപാസിറ്റിയുള്ള മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്കും പ്രചാരമേറുകയാണ്.
ഫെയ്സ്ലിഫ്റ്റ് ചെയ്ത മോഡലുകള്‍ മുതല്‍ പുത്തന്‍ ഓഫറുകള്‍ വരെയായി ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായി പുതിയ എംപിവികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആധുനിക ഫീച്ചറുകളും താങ്ങാവുന്ന വിലയും കുടുംബത്തിന്റെ കംഫര്‍ട്ടിനുമെല്ലാം അനുയോജ്യമായ വാഹനങ്ങളാണ് അവ. ഭാവിയുടെ ഇന്ധനമായ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എംപിവികളും അരങ്ങേറ്റം കാത്തിരിക്കുന്നുണ്ട്. അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന എംപിവികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.

ന്യൂ ജെന്‍ കിയ കാര്‍ണിവല്‍: പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹന നിരയില്‍ ടൊയോട്ട ഇന്നോവക്ക് എതിരാളിയായി കിയ കൊണ്ടുവന്ന മോഡല്‍ ആയിരുന്നു കാര്‍ണിവല്‍. ഏപ്രിലില്‍ ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്ന ശേഷം കാര്‍ണിവല്‍ നിശബ്ദമായി നിര്‍ത്തലാക്കിയിരുന്നു.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതക്കള്‍ ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ കാര്‍ണിവല്‍ എംപിവിയുടെ പുതുതലമുറ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം നാലാം തലമുറ കാര്‍ണിവലായ KA4 എംപിവി പുറത്തിറക്കാനുളള പരിപാടിയിലാണ് കിയ. രൂപകല്‍പ്പനയില്‍ നിന്ന് തുടങ്ങി ഫീച്ചറുകളുടെ കാര്യത്തില്‍ വരെ പരിഷ്‌കാരിയായിട്ടാകും പുതിയ എംപിവി എത്തുക. മള്‍ട്ടി ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിയര്‍ ഒക്യുപന്റ് അലേര്‍ട്ട്, ഡ്യുവല്‍ സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാകും ഇത് എത്തുക.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്സ് സിസ്റ്റം പോലുള്ള ഫീച്ചറുകളും കിയ KA4-ല്‍ സജ്ജീകരിച്ചിരിക്കുന്നു. റിമോട്ട് സ്മാര്‍ട്ട് പാര്‍ക്കിംഗ് അസിസ്റ്റ്, ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ്, ഫോര്‍വേഡ് കൊളിഷന്‍-അവോയിഡന്‍സ് അസിസ്റ്റ് (FCA), ബ്ലൈന്‍ഡ്-സ്പോട്ട് അവയ്ഡന്‍സ് അസിസ്റ്റ് (BCA) തുടങ്ങിയ സവിശേഷതകളുണ്ട്. കൂടാതെ വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 12.3 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും കിയ വാഗ്ദാനം ചെയ്യും.
കിയ ഇലക്ട്രിക് എംപിവി: ഐസിഇ മോഡലുകള്‍ക്കൊപ്പം കിയ വൈദ്യുത വാഹനങ്ങളിലും ശ്രദ്ധിക്കുന്നുണ്ട്. ഇതിനായി 2000 കോടി രൂപയിലേറെയാണ് കിയ നിക്ഷേപിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കിയ ഒരു കോംപാക്ട് ഇലക്ട്രിക് എസ്‌യുവിക്കും ഇലക്ട്രിക് എംപിവിക്കും പിന്നിലും പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്റെ മെക്കാനിക്കല്‍ വശങ്ങളെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും അറിവായിട്ടില്ല. ഇതും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എത്തുമെന്നാണ് സൂചന.

നിസാന്‍ എംപിവി: താങ്ങാനാവുന്ന വിലയില്‍ ഒരു 7 സീറ്റര്‍ ഓപ്ഷന്‍ ഇപ്പോള്‍ നിസാന്റെ മോഡല്‍ നിരയില്‍ ഇല്ല. എംപിവികള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായി നിസാന്‍ ഒരു സബ് 4 മീറ്റര്‍ എംപിവി കൊണ്ടുവരാന്‍ നിസാന് പ്ലാനുണ്ട്. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് ഒരുക്കുക. വില്‍പ്പനയുടെ കര്യത്തില്‍ എംപിവി സെഗ്മെന്റ് ഭരിക്കുന്ന മാരുതി എര്‍ട്ടിഗയ്ക്ക് ചെക്ക് വെക്കാനാണ് പുതിയ താങ്ങാവുന്ന വിലയിലുള്ള മോഡല്‍ നിസാന്‍ കൊണ്ടുവരുന്നത്.
എന്നാല്‍ ഇത് ട്രൈബറിന്റെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പായിരിക്കില്ല.ട്രൈബറില്‍ നിന്ന് വിഭിന്നമായി പുതിയ നിസാന്‍ 7 സീറ്റര്‍ കാറിന് അതിനെ വ്യത്യസ്തമാക്കുന്ന തരത്തില്‍ ഒരു ഡിസൈന്‍ നല്‍കും. മാഗ്നൈറ്റില്‍ കണ്ടുവരുന്ന 1.0 ലിറ്റര്‍ നാചുറി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഇതിന് തുടിപ്പേകുക. മാനുവല്‍, AMT ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കും. വിലയുടെ കാര്യത്തിലും നിസാന്‍ ഞെട്ടിക്കാന്‍ സാധ്യതയുണ്ട്.

ടാറ്റ എംപിവി: എംപിവി സെഗ്മെന്റിലുള്ള തങ്ങളുടെ അസാന്നിധ്യം നികത്താനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോര്‍സ്. മാരുതി എര്‍ട്ടിഗയ്ക്കും ടൊയോട്ട ഇന്നോവയ്ക്കും ഇടയില്‍ സ്ഥാനം പിടിക്കുന്ന ഒരു പുതിയ എംപിവി ടാറ്റ അണിയറയില്‍ ഒരുക്കുന്നതായാണ് വിവരം. സ്വകാര്യ ആവശ്യങ്ങള്‍ക്കും ടാക്സിക്കാര്‍ക്കും ഒരുപോലെ അനുയോജ്യമായി മോഡല്‍ ആയിരിക്കും ഇത്. എങ്കിലും ടാറ്റയുടെ വരാന്‍ പോകുന്ന എംപിവിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


Click it and Unblock the Notifications








