പീപ്പിള്‍സ് ഇലക്ട്രിക് കാറുമായി ഫോക്‌സ്‌വാഗണ്‍; ഇവി പോര്‍ക്കളത്തിലേക്ക് ഉടന്‍ എത്തും
ടാറ്റ മേട്ടോര്‍സ്, സിട്രണ്‍ എന്നീ കമ്പനികളാണ് നിലവില്‍ ഇന്ത്യയില്‍ താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിക്കുന്നത്. വിദേശ കമ്പനികള്‍ കൊണ്ടുവരുന്ന കാറുകള്‍ക്ക് അത്യാവശ്യം നല്ല വില നല്‍കണം. എന്നാല്‍ ഇപ്പോള്‍ 'പീപ്പിള്‍സ് ഇലക്ട്രിക് കാര്‍' എന്ന വിശേഷണത്തോടെ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോകസ്‌വാഗണിന്റെ ഒരു ഇവി വരാന്‍ പോകുന്നു.
ഫോക്‌സ്‌വാഗണിന്റെ ഏറ്റവും താങ്ങാനാകുന്ന ഇലക്ട്രിക് കാര്‍ IC.2 ഓള്‍ കണ്‍സെപ്റ്റ് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചു. ID ബാഡ്ജും പ്യുവര്‍ ഇലക്ട്രിക് പവര്‍ട്രെയിനും ഉള്‍ക്കൊള്ളുന്ന പോളോയുടേയോ ഗോള്‍ഫിന്റെയോ റീബാഡ്ജ് ചെയ്ത പതിപ്പ് പോലെയാണ് ഇത് കാണപ്പെടുന്നത്. ഈ കണ്‍സെപ്റ്റ് ഇവി വഴിയാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ജനങ്ങളുടെ ഇലക്ട്രിക് കാര്‍ എന്ന ആശയം അവതരിപ്പിക്കുന്നത്.

ഫോകസ്‌വാഗണ്‍ ID. 2 ഓള്‍ ഇവി കണ്‍സെപ്റ്റ് 2021 ഡിസംബറില്‍ അരങ്ങേറിയ ID.ലൈഫില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഈ കണ്‍സെപ്റ്റില്‍ നിന്ന് വരുന്ന ഇലക്ട്രിക് കാര്‍ ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്. പുതുതായി അവതരിപ്പിച്ച ഇവി കണ്‍സെപ്റ്റില്‍ നിന്ന് പിറവിയെടുക്കാന്‍ പോകുന്ന ഇലക്ട്രിക് കാര്‍ 2025-ലാകും യൂറോപ്യന്‍ വിപണിയില്‍ എത്തുക. 2026-ല്‍ വില്‍പ്പന തുടങ്ങുമെന്നാണ് സൂചന.
കമ്പനിയുടെ പുതിയ ID.3, ലോംഗ് വീല്‍ ബേസ് ID. ബസ്, ID.7 എന്നിവക്കൊപ്പമാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്. 26,400 ഡോളറാണ് ഈ ഇലക്ട്രിക് കാറിന്റെ വില പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഇത് ഏകദേശം 22 ലക്ഷം രൂപ വരും. ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലുകള്‍ക്കുള്ള ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MEB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ഡിസൈന്‍.

ഫോക്‌സ്‌വാഗണ്‍ ID.ഓള്‍ കണ്‍സെപ്റ്റില്‍ നിന്ന് വരുന്ന ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിയാല്‍ അത് ബാന്‍ഡിന്റെ ആദ്യത്തെ FWD MEB മോഡലായിരിക്കും. ഈ കണ്‍സെപ്റ്റ് കാറിന്റെ രൂപകല്‍പ്പന ഫോക്‌സ്‌വാഗണിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയിലേക്ക് വെളിച്ചം വീശുന്നു. പുതിയ ID.2 ഓള്‍ കണ്‍സെപ്റ്റ് കാറിന്റെ അളവുകള്‍ നോക്കിയാല്‍ ഇതിന് 4,050 മില്ലിമീറ്ററാണ് നീളം. ഈ കണ്‍സെപ്റ്റ് ഇവിക്ക് 1,812 മില്ലിമീറ്റര്‍ വീതിയും 1,530 മില്ലിമീറ്റര്‍ ഉയരവുമുണ്ട്.
2,600 മില്ലിമീറ്റര്‍ ആണ് വീല്‍ബേസ്. ഗോള്‍ഫ് Mk8-നേക്കാള്‍ ഒരിഞ്ചിന്റെ കുറവ്. ഇവി കണ്‍സെപ്റ്റിന്റെ ഡിസൈന്‍ നോക്കിയാല്‍ ഇത് വളരെ ഒതുക്കമുള്ള രൂപത്തിലാണ് കാണപ്പെടുന്നത്. ഫോക്‌സ്‌വാഗണിന്റെ സമകാലീന മോഡലുകളോട് ചില സാമ്യതകള്‍ കാണാം. ഷാര്‍പ്പ് ലുക്കിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഫ്രണ്ട് പാനലുമായി നന്നായി യോജിക്കുന്നുണ്ട്. മുന്‍വശത്ത് ഒരു എല്‍ഇഡി ലൈറ്റ് ബാര്‍ വീതിക്ക് സമാനമായി നീണ്ടുകിടക്കുന്നുണ്ട്. മിനുസമാര്‍ന്ന എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് ഹെഡ്‌ലാമ്പിന് മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഒരു ഇവിയായതിനാല്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ക്ലോസ്ഡ് പാനലാണ് ലഭിക്കുന്നത്. 20 ഇഞ്ച് അലോയ് വീലുകളാണ് കണ്‍സെപ്റ്റ് ഇവിക്ക് ലഭിക്കുന്നത്. 225/40 R20 ടയറുകളിലാണ് ഓടുക. അതേസമയം പിറക് വശത്തേക്ക് പോകുമ്പോള്‍ അല്‍പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ആര്‍ച്ചുകള്‍ക്ക് കീഴില്‍ അലോയ് അത്ര മനോഹരമായി കാണപ്പെടുന്നില്ല. ടെയില്‍ഗേറ്റിന്റെ മധ്യഭാഗത്ത് ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ് നല്‍കിയിരിക്കുന്നതായി കാണം.
കമ്പനി പുറത്തുവിട്ട ചിത്രങ്ങളില്‍ റൂഫ് സ്പോയിലറും റിയര്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പറും ദൃശ്യമാണ്. കണ്‍സെപ്റ്റ് ഇവിയുടെ അകത്തളത്തിലേക്ക് നീങ്ങിയാല്‍ 40:60 അനുപാതത്തിലാണ് 5 സീറ്റര്‍ മോഡലിന്റെ റിയര്‍ സീറ്റുകള്‍. പാസഞ്ചര്‍ സീറ്റ് ബാക്ക്‌റെസ്റ്റ് മടക്കിവെക്കാം. ബൂട്ട് ഫേ്‌ലാറിനടിയില്‍ ലോക്ക് ചെയ്യാവുന്ന 50 ലിറ്റര്‍ ശേഷിയുള്ള സ്‌റ്റോറേജ് സ്‌പെയ്‌സുണ്ട്. താരതമ്യേന വൃത്തിയുള്ള ഡാഷ്ബോര്‍ഡ് കാണാനാകും. ബ്രിഡ്ജ്-ടൈപ്പ് സെന്റര്‍ കണ്‍സോള്‍, ഡ്യുവല്‍ റെക്ടാംഗുലാര്‍ ഡിസ്‌പ്ലേ എന്നിവ ഇവി കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ ലളിതവും മനോഹരവുമാക്കുന്നു.

മെനു സ്ട്രക്ചറോട് കൂടിയ 12.9 ഇഞ്ച് സെന്റര്‍ സ്‌ക്രീനും 10.9 ഇഞ്ച് ഡിജിറ്റല്‍ കോക്പിറ്റുമാണ് ഡ്യുവല്‍ റെക്ടാംഗുലാര്‍ ഡിസ്‌പ്ലേയില്‍ ഉള്‍ക്കൊള്ളുന്നത്. കൂടാതെ, ഇന്നത്തെ ട്രെന്‍ഡിംഗ് ഫീച്ചറുകളില്‍ ഒന്നായ ഒരു വലിയ പനോരമിക് സണ്‍റൂഫും ലഭിക്കുന്നു. ഹെഡ്-അപ്പ് ഡിസ്പ്ലേ, മെയിന്‍ സ്‌ക്രീനിന് താഴെ ഇല്ലുമിനേറ്റഡ് ബട്ടണുകളുള്ള ഒരു പ്രത്യേക എയര്‍ കണ്ടീഷനിംഗ് കണ്‍ട്രോള്‍ പാനല്‍, സെന്റര്‍ കണ്‍സോളില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കായി ഡ്യുവല്‍ ലാര്‍ജ് ഇന്‍ഡക്ടീവ് ചാര്‍ജിംഗ് ഇന്റര്‍ഫേസുകള്‍ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് സവിശേഷതകള്‍.
വാഹനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഡ്രൈവറെ അനുവദിക്കുന്ന ഒരു റോട്ടറി ഡയലും സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുണ്ട്. മസാജ് ഫംഗ്ഷനോടുകൂടിയ പവര്‍ സീറ്റുകളും ഡ്യുവല്‍ തമ്പ് വീലുകളും ബട്ടണുകളുമുള്ള പുതിയ മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലും കാറിന് ലഭിക്കുന്നുണ്ടെന്ന് ഫോകസ്‌വാഗണ്‍ അവകാശപ്പെടുന്നു. ക്യാബിനിലുള്ളില്‍ നിരവധി ഇടത്ത് USB-C ഇന്റര്‍ഫേസുകള്‍ ഇതിന് ലഭിക്കുന്നു.

ഈ കണ്‍സെപ്റ്റ് ഇലക്ട്രിക് കാറിന്റെ പവര്‍ട്രെയിനിനെയും പെര്‍ഫോമന്‍സിനെയും കുറിച്ച് പറയുമ്പോള്‍ ഇത് ബേസ് ഗോള്‍ഫ് GTI-യുമായി തുല്യത പാലിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 450 കിലോമീറ്റര്‍ (WLTP ടെസ്റ്റ് സൈക്കിള്‍) സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ ഫ്രണ്ട് ആക്സില്‍ ഘടിപ്പിച്ച മോട്ടോര്‍ 222 bhp പീക്ക് പവര്‍ പുറപ്പെടുവിക്കുന്നു. വെറും 7 സെക്കന്‍ഡിനുള്ളില്‍ ഇവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാം. 11 kW ഹോം ചാര്‍ജിംഗ് ഓപ്ഷനും ലഭ്യമാകും. 2026 മുതല്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റിലായിരിക്കും നിര്‍മാണം. ID.2 ഓളിനേക്കാള്‍ ചെറിയ ഒരു ഇലക്ട്രിക് കാര്‍ കൂടി വികസിപ്പിക്കുന്ന തിരക്കിലാണ് ഫോക്‌സ്‌വാഗണ്‍. പോളോയുടെ വലിപ്പത്തിലുള്ള ഇലക്ട്രിക് കാറാകും ഇത്. പോളോ ഇലക്ട്രിക് എന്ന പേരില്‍ ഭാവിയില്‍ ഈ ഇവി വിപണിയില്‍ എത്തിക്കൂടെന്നില്ല.


Click it and Unblock the Notifications








