അതും പോയി; ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇനി ഇല്ല
ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ഭീമന്‍മാര്‍ക്ക് ഒത്ത എതിരാളിയായാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിനെ ഇറക്കിയത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവര്‍ തിളങ്ങി നില്‍ക്കുന്ന സെഗ്‌മെന്റിലേക്കായിരുന്നു ടൈഗൂണിന്റെ എന്‍ട്രി. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച എസ്‌യുവി പെട്ടെന്ന് തന്നെ ഇന്ത്യക്കാരുടെ മനംകവര്‍ന്നു. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 സെപ്റ്റംബറില്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് ആനിവേഴ്‌സറി എഡിഷന്‍ ( Volkswagen Taigun Anniversary Edition) സമ്മാനിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍. ടൈഗൂണ്‍ GT ലിമിറ്റഡ് കളക്ഷന്റെ വരവിന് പിന്നാലെയാണ് ആനിവേഴ്‌സറി എഡിഷന്‍ നിര്‍ത്തലാക്കിയത്. ഇന്ത്യയില്‍ പോളോയ്ക്കും വെന്റോയ്ക്കും ശേഷം സാധാരണക്കാരെ കൈയിലെടുക്കാനായി ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയ മോഡലായിരുന്നു ടൈഗൂണ്‍. ആഗോള തലത്തിലെന്ന പോലെ ഇന്ത്യയിലും എസ്‌യുവികള്‍ക്കുള്ള സ്വീകര്യത കൂടി വരുന്നത് ഫോക്‌സ്‌വാഗണും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അതിനനുസരിച്ച് കമ്പനി തയാറാക്കിയ പദ്ധതി വിജയിക്കുകയും ചെയ്തു. ടൈഗൂണ്‍ എസ്‌യുവി ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ 40,000-ലധികം ബുക്കിംഗുകളാണ് വാരിക്കൂട്ടിയത്. 2021 സെപ്റ്റംബര്‍ മുതല്‍ ഒന്നാം വാര്‍ഷികം വരെ 28,000 യൂണിറ്റ് വിതരണം ചെയ്യുകയും ചെയ്തു. എസ്‌യുവിയുടെ ടോപ്ലൈന്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ആനിവേഴ്‌സറി എഡിഷന്‍ ഒരുക്കിയത്.
15.40 ലക്ഷം രൂപ മതല്‍ 16.90 ലക്ഷം രൂപ വരെയാണ് ഇതിന് എക്‌സ്‌ഷോറൂം വില വന്നിരുന്നത്. 114 bhp പവറും 178 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലീറ്റര്‍, 3 സിലിണ്ടര്‍, TSI ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ടൈഗൂണ്‍ ആനിവേഴ്സറി എഡിഷന് കരുത്ത് പകര്‍ന്നത്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയത്.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ആനിവേഴ്സറി എഡിഷനില്‍ എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും ആനിവേഴ്‌സറി എഡിഷന്‍ ബാഡ്ജിംഗുകള്‍, ഫോഗ് ലൈറ്റുകള്‍, ബോഡി-നിറമുള്ള ഡോര്‍ ഗാര്‍ണിഷ്, അലൂമിനിയം പെഡലുകള്‍, ഡോര്‍ എഡ്ജ് പ്രൊട്ടക്ടറുകള്‍, വിന്‍ഡോ വിസറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, റൂഫ് ഫോയില്‍, ORVM ക്യാപ്സ് എന്നിവയ്ക്കൊപ്പം സി-പില്ലര്‍ ഉള്‍പ്പെടെ ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്.
റൈസിംഗ് ബ്ലൂ എന്ന പ്രത്യേക കളര്‍ ഓപ്ഷനും ആനിവേഴ്‌സറി എഡിഷനിലൂടെ ഫോക്‌സ്‌വാഗണ്‍ എസ്‌യുവിയില്‍ കൊണ്ടുവന്നു. പിന്നീട് ഈ നിറം എസ്‌യുവിയുടെ മൊത്തം റേഞ്ചിന്റെ കളര്‍ ഓപ്ഷനുകളുലേക്ക് ചേര്‍ക്കപ്പെട്ടു. ഇതിനൊപ്പം വൈല്‍ഡ് ചെറി റെഡ്, കുര്‍ക്കുമ യെല്ലോ എന്നീ നിറങ്ങളിലും ടൈഗൂണ്‍ ആനിവേഴ്സറി എഡിഷന്‍ സ്വന്തമാക്കാമായിരുന്നു.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍. കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 റിവൈവല്‍ പ്രോജക്റ്റിന് കീഴില്‍ പുറത്തിറക്കിയ മിഡ്-സൈസ് എസ്യുവികള്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളില്‍ മികവുറ്റതാണെന്നതാണ് കണ്ടെത്തി.
മൊത്തത്തില്‍, മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ടൈഗൂണ്‍ 34 പോയിന്റില്‍ 30 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 49 പോയിന്റില്‍ 42 പോയിന്റും നേടി. ഫ്രണ്ടല്‍ ആഘാതത്തില്‍ സുസ്ഥിരമായ ഘടനയും മുതിര്‍ന്ന യാത്രക്കാര്‍ക്ക് മികച്ച സംരക്ഷണത്തിന് പര്യാപ്തവും സൈഡ് ഇംപാക്ട് സാഹചര്യങ്ങളില്‍ നല്ല സംരക്ഷണത്തിന് പര്യാപ്തവുമാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
ടൈഗണ്‍ GT എഡ്ജ് ലിമിറ്റഡ് കളക്ഷന്‍ 2023 ജൂണ്‍ മുതല്‍ ഉപഭോക്താക്കളിലേക്കെത്തും. കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, മാറ്റ് വിത്ത് റെഡ് ആക്സന്റ്, ഡീപ് പേള്‍ ബ്ലാക്ക് എന്നിവയടക്കം സ്‌പെഷ്യല്‍ കളര്‍ ഓപ്ഷനുകളോടെയാകും കാര്‍ എത്തുക. ഇതിന് സ്‌പെഷ്യല്‍ ബാഡ്ജുകള്‍, അലുമിനിയം പെഡലുകള്‍, വൈല്‍ഡ് ചെറി റെഡ് ഇന്റീരിയര്‍ സ്റ്റിച്ചിംഗ്, റെഡ് ആംബിയന്റ് ലൈറ്റിംഗ് എന്നിവ ലഭിക്കുന്നു.


Click it and Unblock the Notifications








