സര്‍വീസ് സെന്റര്‍ കാണുമ്പോള്‍ ഇനി ചങ്കിടിക്കേണ്ട! ഫോക്‌സ്‌വാഗണിന്റെ പുത്തന്‍ ലോഞ്ചുകളും, ഓഫറുകളും ഇതാ...
ഈ മാസം നവരാത്രിയും അടുത്ത മാസം ദീപാവലിയും വരുന്നതിനാല്‍ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ലൈനപ്പ് വിപുലീകരിക്കുന്ന തിരക്കിലാണ്. ഉത്സവ സീസണിന് മുന്നോടിയായി ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വെര്‍ട്ടിസ് എന്നിവയെ അധിക ഫീച്ചറുകളോടെ അപ്ഡേറ്റ് ചെയ്യുകയും വെര്‍ട്ടിസിന്റെ മാറ്റ് എഡിഷനും അവതരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് GT പ്ലസ് മാറ്റ് എഡിഷന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. 17.62 ലക്ഷം മുതല്‍ 19.29 ലക്ഷം രൂപ വരെയാണ് സെഡാന്‍ കാറിന്റെ എക്‌സ്‌ഷോറൂം വില. മാത്രമല്ല ഒക്ടോബര്‍ മൂന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും നല്‍കുന്നതിനായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഫോക്സ്ഫെസ്റ്റ് 2023 പ്രഖ്യാപിക്കുകയും ചെയ്തു.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെയും വെര്‍ട്ടിസിന്റെയും ടോപ്ലൈന്‍, GT പ്ലസ് വേരിയന്റുകളില്‍ ഇലക്ട്രിക് ഫ്രണ്ട് സീറ്റുകളും ഫുട്വെല്‍ ഇല്യൂമിനേഷനും നല്‍കിയാണിപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇന്‍-കാബിന്‍ എക്‌സ്പീരിയന്‍സ് ഉയര്‍ത്താനായി ടൈഗൂണ്‍, വെര്‍ട്ടിസസ് എന്നിവയുടെ ജിടി പ്ലസ് വേരിയന്റുകളില്‍ ഫോക്‌സ്‌വാഗണ്‍ ഒരു സബ്-വൂഫറും ആംപ്ലിഫയറും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചറുകള്‍ അടുത്തിടെ സ്‌കോഡ സ്ലാവിയയിലും കുഷാഖിലും അവതരിപ്പിച്ചിരുന്നു.
മുന്‍വശത്തെ പവര്‍ സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്ന വെര്‍ട്ടിസ്, ടൈഗൂണ്‍ വേരിയന്റുകള്‍ക്ക് 25,000 മുതല്‍ 36,000 രൂപ വരെ അധികം മുടക്കണം. ടൈഗൂണ്‍ മാറ്റ് എഡിഷന്റെ വിജയത്തിന് ശേഷം ബ്രാന്‍ഡ് അതിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കുന്നതിനായാണ് വെര്‍ട്ടിസ്‌സ് മാറ്റ് എഡിഷന്‍ അവതരിപ്പിച്ചത്. കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് നിറത്തിലെത്തുന്ന പുതിയ വെര്‍ട്ടിസ് GT എഡ്ജ് വേരിയന്റിലെ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല.
ഡീപ് ബ്ലാക്ക് പേള്‍ കളറിലുള്ള മോഡലിനെപ്പോലെ തന്നെയാണ് മാറ്റ് ഫിനിഷിലുള്ള സെഡാന്‍ ഇപ്പോഴും കാണപ്പെടുന്നത്. അകത്തും പുറത്തും മൊഞ്ച് കൂട്ടാന്‍ വരുത്തിയ ചില പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഒരു മാനുവല്‍ ഗിയര്‍ബോക്സ് ലഭിക്കുന്നുവെന്നതാണ് സ്റ്റാന്‍ഡേര്‍ഡ് GT വേരിയന്റില്‍ നിന്ന് GT എഡ്ജിനെ മാറ്റിനിര്‍ത്തുന്ന ഘടകം. എക്സ്റ്റീരിയര്‍ വശം നോക്കുമ്പോള്‍ ചുവന്ന ബ്രേക്ക് കാലിപ്പറുകളും മാറ്റ്-ഫിനിഷ്ഡ് പെയിന്റും വെര്‍ട്ടിസ് സ്പോര്‍ട്ടി GT എഡ്ജ് മാറ്റ് ഗ്രേയുടെ സ്്പോര്‍ട്ടിയര്‍ ലുക്ക് എടുത്ത് കാണിക്കുന്നു.
ഇന്റീരിയറില്‍ വൈല്‍ഡ് ചെറി റെഡ് സ്റ്റിച്ചിംഗിനൊപ്പം പുതിയ ലെതറെറ്റ് കോമ്പിനേഷന്‍ സീറ്റ് അപ്ഹോള്‍സ്റ്ററി സെഡാന്‍ മോഡലിന് ലഭിക്കുന്നു. ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ എന്നിവയടക്കം കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് വെര്‍ട്ടിസിന്റെ ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വരുന്നത്.
150 bhp പവര്‍ പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോറിനൊപ്പം മാത്രമേ ഈ പ്രത്യേക പതിപ്പ് ലഭ്യമാകൂ. എഞ്ചിന്‍ മാനുവല്‍, DSG ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന്റെ മാറ്റ് എഡിഷന്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രമേ റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. ഡെലിവറികള്‍ ഈ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും പരിമിതമായ സംഖ്യയില്‍ മാത്രം ലഭ്യമാകുന്ന ഈ കാര്‍ കമ്പനി വിതരണം ചെയ്യുക. GT പ്ലസ് ഡീപ് ബ്ലാക്ക് പേള്‍ വേരിയന്റിനേക്കാള്‍ 20,000 രൂപയും സാധാരണ വെര്‍ട്ടിസ് GT പ്ലസിനേക്കാള്‍ 40,000 രൂപയും അധികം മുടക്കിയാലാണ് വെര്‍ട്ടിസ് GT പ്ലസ് മാറ്റ് എഡിഷന്‍ സ്വന്തമാക്കാന്‍ സാധിക്കൂ.ഈ ഉത്സവ സീസണിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ഫോക്‌സ്‌വാഗണ്‍ വര്‍ക്ക്ഷോപ്പ് സന്ദര്‍ശിച്ച് സര്‍വീസുകളില്‍ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും നേടിയെടുക്കാം.
സൗജന്യ വാഹന പരിശോധന, നിശ്ചിത കിലോമീറ്ററുകള്‍ക്ക് സൗജന്യ പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് സൗകര്യം, ഫോക്‌സ്‌വാഗണ്‍ അസിസ്റ്റന്‍സ്, മൊബൈല്‍ സര്‍വീസ് വഴി ഡോര്‍-സ്റ്റെപ്പ് സേവനങ്ങള്‍ എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. സര്‍വീസ് വാല്യൂപായ്ക്ക്, വിപുലീകൃത വാറണ്ടി, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ടയറുകള്‍ എന്നിവക്കും ആകര്‍ഷകമായ ഓഫറുകളുണ്ട്. 2023 ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് ഡ്രൈവുകളിലും ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ബുക്കിംഗിലും ഉറപ്പായ സമ്മാനങ്ങള്‍ നേടാനാകും.


Click it and Unblock the Notifications








