റേഞ്ച് 530 കിലോമീറ്റര്‍, സേഫ്റ്റി പിന്നെ പറയേണ്ടല്ലോ... വോള്‍വോയുടെ ഇവി രണ്ടാമന്‍ പുറത്തിറങ്ങി
രാജ്യത്ത് ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കൂടുകയാണ്. ഈ അവസരം മുതലെടുക്കാനായി ജൂണിലാണ് സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ വോള്‍വോ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ C40 റീചാര്‍ജ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആഴ്ചകള്‍ക്ക് ശേഷം ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യപിച്ചിരിക്കുകയാണ് ബ്രാന്‍ഡ്.
61.25 ലക്ഷം രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയിലാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ കുറച്ച് കസ്റ്റമേഴ്‌സിനാണ് ഈ വിലയില്‍ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുക. പ്രാദേശികമായി അസംബിള്‍ ചെയ്യുകയാണെങ്കിലും C40 റീചാര്‍ജിന് XC40 റീചാര്‍ജിനേക്കാള്‍ 4.35 ലക്ഷം രൂപ കൂടുതലായി മുടക്കണം. സെപ്റ്റംബര്‍ അഞ്ചാം തീയതി വൈകീട്ട് അഞ്ച് മുതല്‍ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കും.

ഇവി വിപ്ലവം മുന്നില്‍ കണ്ട് ഫുള്‍ ഇലക്ട്രിക്കാകാനുള്ള ഉറച്ച കാല്‍വെയ്പ്പ് നടത്തുന്ന വോള്‍വോ 2030-ഓടെ ഇവികള്‍ മാത്രം വില്‍ക്കുന്ന തരത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. XC40 റീചാര്‍ജിന്റെ കൂപ്പെ-എസ്‌യുവി പതിപ്പാണ് വോള്‍വോ C40 റീചാര്‍ജ്. XC40 റീചാര്‍ജില്‍ നിന്ന് വ്യത്യസ്തമായി ഒരു പെട്രോള്‍ പതിപ്പില്ലാതെ ഇലക്ട്രിക് കുപ്പയമണിഞ്ഞ് മാത്രമാണ് കാര്‍ ഇന്ത്യയിലെത്തുന്നത്.
വലിപ്പം നോക്കിയാല്‍ 4,440 mm നീളവും 1,873 mm വീതിയും 1,591 mm ഉയരവും 2,702 mm വീല്‍ബേസുമാണ് വോള്‍വോ C40 റീചാര്‍ജിനുള്ളത്. കൂടാതെ എസ്‌യുവി 171 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു. പിറെല്ലി ടയറുകളാല്‍ പൊതിഞ്ഞ 19 ഇഞ്ച് അലോയ് വീലുകളിലാണ് വോള്‍വോ C40 ഓടുക. ഇതിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന XC40 റീചാര്‍ജിന് സമാനമാണ്.

കൂപ്പെ പോലുള്ള റൂഫ് ലൈനിന്റെ മികവില്‍ പുതിയ C40 റീചാര്‍ജ് കൂടുതല്‍ ഷാര്‍പ്പായും ആകര്‍ഷകമായും കാണപ്പെടുന്നു. പുതിയ C40 റീചാര്‍ജിന്റെ മുന്‍വശത്ത് വോള്‍വോയുടെ ഐക്കണിക് തോര്‍സ് ഹാമര്‍ ഹെഡ്ലൈറ്റുകള്‍ കാണാം. ട്വിന്‍ സ്‌പോയിലര്‍്, സ്ലിം ടെയില്‍ ലൈറ്റ്, വ്യത്യസ്തമായ ബമ്പര്‍ ഡിസൈന്‍ എന്നിവ XC40 റീചാര്‍ജിന്റെ പരമ്പരാഗത എസ്‌യുവി ഷെയ്പ്പില്‍ നിന്ന് മാറി C40 റീചാര്‍ജിനെ കൂടുതല്‍ അഗ്രസീവാക്കുന്നു.
ലളിതമായ ഒരു ക്യാബിനാണ് വോള്‍വോ C40 റീചാര്‍ജിന് ലഭിക്കുന്നത്. വോള്‍വോ C40 റീചാര്‍ജിന്റെ ക്യാബിന്‍ XC40 റീചാര്‍ജിന്റെ അതേ ലേഔട്ടിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്യാബിന്‍ പൂര്‍ണമായും ലെതര്‍ ഫ്രീയാണ്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കാര്‍പെറ്റുകള്‍ക്കൊപ്പം റീ പ്രോസസ്സ് ചെയ്ത മെറ്റീരിയലും C40 റീചാര്‍ജില്‍ ഉപയോഗിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന പോര്‍ട്രെയിറ്റ് ഓറിയന്റഡ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡാഷിന്റെ സവിശേഷത.

13 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റവും ഇതിന്റെ കൂടെ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 360-ഡിഗ്രി ക്യാമറ, കണക്റ്റഡ് കാര്‍ ടെക്, ADAS, ഒന്നിലധികം എയര്‍ബാഗുകള്‍ എന്ന് തുടങ്ങി സമ്പന്നമായ ഫീച്ചര്‍ ലിസ്റ്റാണ് വോള്‍വോ C40 റീചാര്‍ജിനുള്ളത്. 413 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സാണ് ഇതിന് ലഭിക്കുന്നത്.
ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുന്ന 78kWh ബാറ്ററി പായ്ക്കാണ് വോള്‍വോ C40 റീചാര്‍ജില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവി ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് പതിപ്പില്‍ മാത്രമാണ് ഇന്ത്യയിലെത്തുക. ഓരോ ആക്‌സിലിലും ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 408 bhp പവറും 660 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.
0-100 kmph വേഗത കൈവരിക്കാന്‍ ഇലക്ട്രിക് എസ്‌യുവിക്ക് വെറും 4.7 സെക്കന്‍ഡ് സമയം മതി. വോള്‍വോ XC40 റീചാര്‍ജിനേക്കാള്‍ 0.2 സെക്കന്‍ഡ് വേഗത കൂടുതലാണ്. മണിക്കൂറില്‍ 180 കി.മീ ആണ് ടോപ് സ്പീഡ്. ഓണ്‍-ബോര്‍ഡ് 11kW ചാര്‍ജര്‍ ഉപയോഗിച്ച് 6 മുതല്‍ 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. 150kW ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 27 മിനിറ്റ് മാത്രം മതിയെന്നതാണ് ഇവിയുടെ ഹൈലൈറ്റുകളിലൊന്ന്.
ഒപ്പം ബാറ്ററിക്ക് 8 വര്‍ഷം വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്. 11 kw ചാര്‍ജറാണ് ഇലക്ട്രിക് എസ്‌യുവിയോടൊപ്പം കമ്പനി ഓഫര്‍ ചെയ്യുന്നത്. സ്‌പോര്‍ട്ടിയര്‍ ലുക്ക്, കൂടുതല്‍ റേഞ്ച്, മികച്ച പെര്‍ഫോമന്‍സ് എന്നിവ വാഗ്ദാനം ചെയ്യുന്നതിനൊപ്പം വോള്‍വോയുടെ സേഫ്റ്റി കൂടി ചേരുന്നതോടെ സംഗതി വേറെ റേഞ്ചാകും. കിയ EV6, ഹ്യുണ്ടായി അയണിക് 5 എന്നിവയാണ് എതിരാളികള്‍.


Click it and Unblock the Notifications








