ഇവിക്ക് ഡിമാന്‍ഡ് കൂടിയതോടെ പെട്രോളിനെ കൈവിട്ടു! ഈ വോള്‍വോ എസ്‌യുവി ഇനി വാങ്ങാനാവില്ല
ഒരു കാര്‍ വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ അതിനോടുള്ള ജനങ്ങളുടെ പ്രതികരണം നിര്‍മാതാക്കള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടാകും. പിന്‍കാലത്ത് അത് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. വില്‍പ്പന കുറയുന്നത് അതിലൊരു കാരണമാണ്. അത് കൂടാതെ പലയിടത്തും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കടുപ്പിക്കുന്നതോടെ വില്‍പ്പനയുള്ളതാണെങ്കിലും ചില മോഡലുകള്‍ വിസ്മൃതിയിലാകും.
എന്നാല്‍ ഇലക്ട്രിക് പതിപ്പിന് വില്‍പ്പന കൂടിയതിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പതിപ്പ് നിര്‍ത്തലാക്കിയ സംഗതി നിങ്ങള്‍ കേട്ടിട്ടുണ്ടോ?. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായി. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ 2022 സെപ്റ്റംബറിലാണ് XC40 എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 43.20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. എന്നാലിപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം കാര്‍ നിര്‍മ്മാതാവ് രാജ്യത്ത് എസ്‌യുവി നിര്‍ത്തലാക്കിയിരിക്കുകയാണ്.

കാര്‍ നിര്‍മ്മാതാവ് അതിന്റെ വെബ്സൈറ്റില്‍ മോഡല്‍ കാണാമെങ്കിലും XC40 മൈല്‍ഡ്-ഹൈബ്രിഡ് ഈ വിപണിയില്‍ ഇനി ലഭ്യമല്ലെന്ന് ഒരു ഡിസ്‌ക്ലെയിമര്‍ നല്‍കിയിട്ടുണ്ട്. ഇതോടെ XC40 ഇനി പ്യൂവര്‍ ഇവി രൂപത്തില്‍ മാത്രമേ ഇനി വാങ്ങാന്‍ സാധിക്കൂ. ബ്രാന്‍ഡിന്റെ എന്‍ട്രി-ലെവല്‍ എസ്‌യുവി B4 അള്‍ട്ടിമേറ്റ് എന്ന ഒരൊറ്റ ഫുള്ളി ലോഡഡ് വേരിയന്റിലാണ് ലഭ്യമായിരുന്നത്. 46.40 ലക്ഷം രൂപയായിരുന്നു എസ്‌യുവിയുടെ അവസാനം രേഖപ്പെടുത്തിയ എക്‌സ്‌ഷോറൂം വില.
ക്രിസ്റ്റല്‍ വൈറ്റ്, ഫ്യൂഷന്‍ റെഡ്, ഓനിക്‌സ് ബ്ലാക്ക്, ഫ്‌ജോര്‍ഡ് ബ്ലൂ, സേജ് ഗ്രീന്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്തത്. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ വോള്‍വോ XC40 എസ്‌യുവിയില്‍ 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 197 bhp പവറും 300 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. കാറിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററാണ്. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് നിശബ്ദമായി പിന്‍വലിച്ചതോടെ XC40 റീചാര്‍ജ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഉല്‍പ്പന്നമായി മാറുന്നു. 56.90 ലക്ഷം രൂപ മുതലാണ് ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
XC40 റീചാര്‍ജിന് വിപണിയില്‍ നിന്ന് പോസിറ്റീവ് പ്രതികരണം ലഭിക്കുന്നത് കാരണം XC40 വോള്‍വോ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2030-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം പുറത്തിറക്കുന്ന ബ്രാന്‍ഡായി മാറാനുള്ള വോള്‍വോയുടെ പ്രതിജ്ഞയുടെ ഭാഗമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. 402 bhp പവറും 660 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വോള്‍വോ XC40 റീചാര്‍ജില്‍ ഉപയോഗിക്കുന്നത്.

ഈ ഇലക്ട്രിക് എസ്‌യുവി വെറും 4.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നതു. 79 kWh ബാറ്ററി പായ്ക്കാണ് ഇവിക്ക് ഊര്‍ജം പകരുന്നത്. ഒറ്റ ചാര്‍ജില്‍ ഇലക്ട്രിക് കാര്‍ 418 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 28 മിനിറ്റിനുള്ളില്‍ ബാറ്ററി പായ്ക്ക് 10 ശതമാനം മുതല്‍ 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാമെന്ന് വോള്‍വോ പറയുന്നു.
ഈ വോള്‍വോ ഇലക്ട്രിക് എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നിലേക്ക് വമ്പന്‍ ഓഫറാണ് വോള്‍വോ മുന്നോട്ട് വെക്കുന്നത്. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഫെസ്റ്റീവ് ഡിലൈറ്റ് ഓഫറിന്റെ ഭാഗമായി പുത്തന്‍ വോള്‍വോ കാര്‍ വാങ്ങുമ്പോള്‍ ഏകദേശം 7 ലക്ഷം രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

XC40 റീചാര്‍ജ് ഇവി, XC60 എസ്‌യുവി എന്നീ രണ്ട് മോഡലുകളിലാണ് വോള്‍വോ വമ്പന്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ 1,78,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. കൂടാതെ കോംപ്ലിമെന്ററിയായി മൂന്ന് വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, മൂന്ന് വര്‍ഷത്തെ സമഗ്ര കാര്‍ വാറണ്ടി, 3 വര്‍ഷത്തെ വോള്‍വോ കാര്‍ സര്‍വീസ് പ്ലാന്‍ എന്നിവയും ഓഫറിന്റെ ഭാഗമായി നല്‍കും.
4 വര്‍ഷത്തേക്ക് ഡിജിറ്റല്‍ സേവനങ്ങള്‍, 8 വര്‍ഷത്തെ ബാറ്ററി വാറണ്ടി, 11 കിലോവാട്ട് വാള്‍ ബോക്സ് ചാര്‍ജര്‍, എന്നിവ ഉള്‍പ്പെടെ ഒട്ടനവധി മറ്റ് ഓഫറുകളും XC40 റീചാര്‍ജ് വാങ്ങുന്നവര്‍ക്ക് സ്വന്തമാക്കാം. 56.90 ലക്ഷം രൂപയാണ് വില വരുന്ന എസ്‌യുവി 1,78,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് കിഴിച്ച് 55.12 ലക്ഷം രൂപക്ക് ഇപ്പോള്‍ വീട്ടിലെത്തിക്കാം.


Click it and Unblock the Notifications








