XUV300 -ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കിടിലൻ ഫീച്ചേഴ്സ് ഇതൊക്കെയാണ്
മഹീന്ദ്ര XUV300 ലോഞ്ച് ചെയ്തതു മുതൽ വിപണിയിൽ മികച്ച സ്വീകാര്യതയാണ് കാണുന്നത്. കോംപാക്റ്റ് എസ്‌യുവി അതിന്റെ സെഗ്‌മെൻ്റിൽ മികച്ച് നിൽക്കുന്നതിനായി നിരവധി ഫീച്ചേഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്, പ്രത്യേകിച്ചും അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ. മഹീന്ദ്ര XUV300 സാങ്‌യോങ്ങിന്റെ X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ മോഡലിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകൾ ഒന്ന് പരിചയപ്പെട്ടാലോ.
115 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര XUV300 -ന് കരുത്തേകുന്നത്. ഈ എഞ്ചിൻ അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും ഉയർന്ന ടോർക്കാണ് വാഗ്ദാനം ചെയ്യുന്നത്. സത്യത്തിൽ ഇത് 250Nm ടോർക്ക് നൽകുന്ന സെൽറ്റോസിനേക്കാളും ഹ്യുണ്ടായ് ക്രെറ്റയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിനെക്കാളും ഉയർന്നതാണ് എന്നതാണ് പ്രത്യേകത എഞ്ചിന് മികച്ച മിഡ് റേഞ്ച് പഞ്ചുളളത് കൊണ്ട് ഹൈവേകളിൽ മികച്ച അനുഭവമാണ് ലഭിക്കുന്നത്.

കൂടാതെ, ഡീസൽ പവർട്രെയിനിൽ നിന്ന് നിങ്ങൾക്ക് ലിറ്ററിന് 16 കിലോമീറ്ററിലധികം ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 110 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലും മഹീന്ദ്ര XUV300 ലഭ്യമാണ്. ഡീസൽ എഞ്ചിൻ പോലെ, പെട്രോൾ എഞ്ചിനും അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും ഉയർന്ന ടോർക്ക് തന്നെയാണ് വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്ര XUV 300 ആണ് ഡ്യുവൽ സോൺ കാലാവസ്ഥാ നിയന്ത്രണം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു സബ്-കോംപാക്റ്റ് എസ്‌യുവി. പ്രീമിയം കാറുകളിലാണ് ഈ ഫീച്ചർ സാധാരണയായി കാണപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ. ഡ്യുവൽ സോൺ കാലാവസ്ഥാ നിയന്ത്രണം ഡ്രൈവറെയും കോ-ഡ്രൈവറിനും ആവശ്യമുളള രീതിയിൽ ക്ലൈമറ്റ് കൺട്രോൾ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഗുണം.

സുരക്ഷയുടെ കാര്യത്തിലും കുറഞ്ഞ വേഗതയിൽ ഏതെങ്കിലും വസ്തുവുമായി അനാവശ്യ കൂട്ടിയിടികൾ ഒഴിവാക്കുന്നതിലും മുൻവശത്തെ പാർക്കിംഗ് സെൻസറുകൾ വളരെയധികം സഹായിക്കുന്നുണ്ട്. മഹീന്ദ്ര XUV 300-ന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിൽ 17-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ ഘടിപ്പിച്ചിരിക്കുന്നു, അത് എസ്‌യുവിക്ക് ഒരു പ്രീമിയം ലുക്ക് നൽകുന്നുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല
മഹീന്ദ്ര XUV 300-ൽ സെഗ്‌മെന്റ് ലീഡിംഗായി പറയാൻ സാധിക്കുന്നത് നാല് വീലുകളും ഡിസ്‌ക് ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നു എന്നതാണ്, ഇത് മികച്ച ബ്രേക്കിംഗ് വാഗ്ദാനം ചെയ്യുകയും ബ്രേക്കിംഗ് ദൂരം കുറയ്ക്കുകയും ചെയ്യുന്നു. ഡിസ്ക് ബ്രേക്കുകളിൽ എബിഎസും ഇബിഡിയും സഹായകമാണ്. മഹീന്ദ്ര XUV300-ന് മൂന്ന് സ്റ്റിയറിംഗ് മോഡുകൾ ലഭിക്കും - കംഫർട്ട്, നോർമൽ, സ്പോർട്സ്.
സെഗ്മെൻ്റിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് മഹീന്ദ്ര XUV 300. പ്രായപൂർത്തിയായ യാത്രക്കാരുടെ സംരക്ഷണത്തിനായി ഫൈവ് സ്റ്റാറും കുട്ടികളുടെ സംരക്ഷണ വിഭാഗത്തിൽ ഫോർ സ്റ്റാറുമാണ് XUV 300-ന് ലഭിച്ചിരിക്കുന്നത്. ഏഴ് എയർബാഗുകളാണ് വാഹനത്തിന് ലഭിക്കുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് എയർബാഗുകൾ, കർട്ടൻ ബാഗുകൾ, ഡ്രൈവർ സൈഡ്, അത് പോലെ തന്നെ ഡ്രൈവറിൻ്റെ കാലുകൾക്കും എയർബാഗുകൾ ലഭിക്കുന്നു.
പുതിയ XUV300 ഫെയ്‌സ്‌ലിഫ്റ്റ് XUV700 പ്രീമീയം എസ്‌യുവിയിൽ നിന്ന് ഡിസൈനും സ്റ്റൈലിംഗും കടമെടുത്തേക്കും. ടൂ-പാർട്ട് ഫ്രണ്ട് ഗ്രിൽ, XUV700-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സി-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ സെൻട്രൽ എയർ ഇൻടേക്ക്, പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകൾ, പുതുക്കിയ ടെയിൽഗേറ്റും പിൻ ബമ്പറും, പുതിയ ടെയിൽലാമ്പുകളും, പുനഃസ്ഥാപിച്ച നമ്പർ പ്ലേറ്റും ലുക്ക് അടിപൊളിയാക്കും.
ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വയർലെസ് ഫോൺ ചാർജർ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ ഇടംപിടിക്കും. ഹ്യുണ്ടായി വെന്യുവിന് ശേഷം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്‌ദാനം ചെയ്യുന്ന രണ്ടാമത്തെ മോഡലായും മഹീന്ദ്ര XUV300 മാറും.


Click it and Unblock the Notifications








