ഈ വിലയില്‍ ഇത്തരമൊരു കാര്‍ നല്‍കാന്‍ പറ്റ്വോ ഹ്യുണ്ടായിക്കും ടാറ്റക്കും? ഹിറ്റടിക്കാന്‍ മാരുതി ഫ്രോങ്ക്‌സ്
2023 ഓട്ടോ എക്‌സ്‌പോയില്‍ രണ്ട് സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ കൂടി അവതരിപ്പിച്ച് മാരുതി സുസുക്കി കൂടി മാര്‍ക്കറ്റിന്റെ പള്‍സറിഞ്ഞ് കളത്തിലിറങ്ങിയിരിക്കുകയാണ്. ഇതോടെ സെഗ്‌മെന്റില്‍ പോരാട്ടത്തിന് ചൂടേറി. അടുത്ത സാമ്പത്തിക വര്‍ഷം 5 ഡോര്‍ ജിംനി, ഫ്രോങ്ക്‌സ് എന്നിവയുടെ കരുത്തില്‍ വില്‍പ്പന ഇരട്ടിയാക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.
വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഞെട്ടിക്കുന്ന ബുക്കിംഗുകള്‍ നേടി ജിംനിയും ഫ്രോങ്ക്‌സും മാരുതിയുടെ അടുത്ത ഹിറ്റ് മോഡലുകളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ജിംനിയാണ് കൂടുതല്‍ ആഗോള ശ്രദ്ധ നേടിയതെങ്കിലും ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സും വില്‍പ്പന ചാര്‍ട്ടുകളില്‍ മാരുതിക്ക് മുതല്‍ക്കൂട്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോള്‍ എല്ലാവരും ജിംനിയുടെയും ഫ്രോങ്ക്‌സിന്റെയും വില എത്രയാകുമെന്ന ആലോചനയിലാകും. ഈ ലേഖനത്തില്‍ ക്രോസ്ഓവര്‍ എസ്‌യുവിയുടെ പ്രതീക്ഷിക്കുന്ന വിലയെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്സ്പോയിലായിരുന്നു ഫ്രോങ്ക്‌സ് മാരുതി അവതരിപ്പിച്ചത്. ഓട്ടോ എക്‌സ്‌പോയില്‍ മോഡല്‍ അവതരിപ്പിച്ചതല്ലാതെ വിലപ്രഖ്യാപനം നടത്തിയിരുന്നില്ല. എന്നാല്‍ അതേസമയം തന്നെ മോഡലിന്റെ ബുക്കിംഗ് നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ആരംഭിച്ചിരുന്നു. അന്ന് തൊട്ട് തന്നെ മാരുതി ആരാധകര്‍ കാത്തിരിക്കുകയാണ് ഇരു എസ്‌യുവികളുടെയും ലോഞ്ചിനായി. നെക്‌സ് മോഡല്‍ നിരയില്‍ ബെസ്റ്റ് സെല്ലേഴ്‌സില്‍ ഒന്നായ ബലേനോയുടെ തൊട്ടുമുകളിലായിരിക്കും ഫ്രോങ്ക്‌സിന്റെ സ്ഥാനം.
നിലവില്‍ 7.64 ലക്ഷം രൂപ മുതലാണ് ബലേനോയുടെ വില ആരംഭിക്കുന്നത്. ക്രോസ്ഓവര്‍ എസ്‌യുവിയുടെ പ്രാരംഭ വില 8.50 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന. ടോപ് സ്‌പെക്ക് മോഡലുകളുടെ ഓണ്‍റോഡ് വില 13 മുതല്‍ 14 ലക്ഷം രൂപ വരെ ഉയരുമെന്നാണ് തോന്നുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് വില കൂടാന്‍ കാരണം. ഇനി നമുക്ക് മാരുതി ഫ്രോങ്ക്‌സ് കാറിനെ കുറിച്ച് സംസാരിക്കാം.

മാരുതിയുടെ ലേറ്റസ്റ്റ് ഹിറ്റുകളില്‍ ഒന്നായ ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നാണ് ഫ്രോങ്ക്‌സിന്റെ ഡിസൈന്‍ കടംകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ക്രോം എലമെന്റുമായി സംയോജിപ്പിക്കുന്ന ഐബ്രോ ഡിആര്‍എല്‍ ഫ്രോങ്ക്‌സിന്റെ ഫ്രണ്ടില്‍ കാണാം. വലിയ ഗ്രില്ലിന്റെ നടുവിലായി സുസുക്കി ബാഡ്ജ് നല്‍കിയിരിക്കുന്നു. ഫോഗ് ലാമ്പുകള്‍ ഒഴിവാക്കി ബമ്പറിന് താഴെ ഹെഡ്ലാമ്പുകള്‍ നല്‍കിയിരിക്കുന്നു. വശങ്ങളിലേക്ക് വന്നാല്‍ ടേപ്പറിംഗ് റൂഫ്ലൈന്‍ മികച്ച് നില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും.
പിന്‍വശത്ത് ഗ്രാന്‍ഡ് വിറ്റാരക്ക് സമാനമായുള്ള കണക്റ്റഡ് ടെയ്ലാമ്പ് ഡിസൈന്‍ മികച്ച ലുക്ക് നല്‍കുന്നു. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാരുതി ഫ്രോങ്ക്‌സ് വാങ്ങാനാകും. ഇതില്‍ ആദ്യത്തെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 87 bhp പവറും 113 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ തക്ക ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ ഒരു മാനുവല്‍, AMT ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. ഇതിനൊപ്പമാണ് മാരുതി 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിന്‍ 100 bhp പവറും 150 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

മാനുവല്‍, ഓട്ടോമറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം ഈ എഞ്ചിന്‍ വരും.
ഇന്നത്തെ കാലത്ത് ഫീച്ചറുകള്‍ കൂടി പരിഗണിച്ച ശേഷമാണ് ഉപഭോക്താക്കള്‍ കാറുകള്‍ തെരഞ്ഞെടുക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് മാരുതി ഫ്രോങ്ക്‌സ്. 9.0 ഇഞ്ച് ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 6 എയര്‍ബാഗുകള്‍, ARKAMYS സറൗണ്ട് സെന്‍സ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ മാരുതി ഫ്രോങ്ക്‌സില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, ഇഎസ്സി എന്നീ സേഫ്റ്റി ഫീച്ചറുകളും കാറില്‍ വരുന്നുണ്ട്. 11,000 രൂപ ടോക്കണ്‍ തുക കൊടുത്താല്‍ മാരുതി ഫ്രോങ്ക്‌സ് ഇപ്പോള്‍ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി ബുക്ക് ചെയ്യാനാകും. അതേസമയം ഫ്രോങ്ക്‌സിനൊപ്പം അവതരിപ്പിക്കപ്പെട്ട ജിംനി 5-ഡോര്‍ ബുക്ക് ചെയ്യാന്‍ 25,000 രൂപ മുടക്കണം. ഇതിനോടകം മാരുതി ഫ്രോങ്ക്സിന് 6500-ലധികം ബുക്കിംഗുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജിംനി 5-ഡോറിന് 18000-ലധികം ബുക്കിംഗുകളും ലഭിച്ചതായാണ് കണക്കുകള്‍.
മാരുതിയുടെ ഗുജറാത്തിലെ കാര്‍ നിര്‍മാണശാലയിലാണ് ഫ്രോങ്ക്‌സ് നിര്‍മിക്കുന്നത്. അതേസമയം ജിംനി 5-ഡോര്‍ നിര്‍മ്മിക്കുന്നത് മാരുതിയുടെ ഗുഡ്ഗാവിലെ ഫാക്ടറിയിലാണ്. ഫ്രോങ്ക്‌സും ജിംനി 5 ഡോര്‍ പതിപ്പും ഓസ്ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെയാണ് മെയ്ഡ് ഇന്‍ ഇന്ത്യ ഗ്രാന്‍ഡ് വിറ്റാര ഇന്തോനേഷ്യന്‍ വിപണികളിലേക്ക് മാരുതി കപ്പല്‍ കയറ്റി അയക്കാന്‍ തുടങ്ങിയത്.


Click it and Unblock the Notifications








