ഇന്ത്യയില്‍ സെഡാന്‍ 'സൈഡാകാന്‍' കാരണം എന്താണ്? ഒന്നും രണ്ടുമല്ല കുറച്ചുണ്ട്
ഒരുകാലത്ത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വിളയാട്ടമായിരുന്നു. എന്നാല്‍ ഇന്ന് ട്രെന്‍ഡ് മാറിയതോടെ സെഡാനുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. മറുവശത്ത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ വില്‍പ്പനയില്‍ കസറുകയാണ്. എസ്‌യുവികള്‍ക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് വാഹന നിര്‍മാതാക്കളും അവരുടെ ഫോക്കസ് ഈ സെഗ്‌മെന്റിലേക്ക് തിരിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഒരുകാലത്ത് വമ്പന്‍ ഡിമാന്‍ഡുണ്ടായിരുന്ന സെഡാനുകള്‍ വാങ്ങാന്‍ ഇന്ന് ആളുകള്‍ എത്താത്തത് എന്തുകൊണ്ടായിരിക്കും?. നമുക്ക് അതൊന്ന് പരിശോധിക്കാം.
ഗ്രൗണ്ട് ക്ലിയറന്‍സ്: ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തിലും സെഡാനുകള്‍ എസ്‌യുവികളുടെ പിറകില്‍ നില്‍ക്കണം. ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് പലയിടങ്ങളിലും റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. പൊട്ടിപ്പൊളിഞ്ഞ, ഗട്ടറുകള്‍ നിറഞ്ഞ ഇന്ത്യന്‍ റോഡുകളിലൂടെ സെഡാന്‍ ഓടിക്കുന്നത് ഇത്തിരി ബുദ്ധിമുട്ടേറിയ പരിപാടിയാണ്. അണ്ടര്‍ബോഡി തകരാറിലാകാതിരിക്കാന്‍ ഇത്തരം റോഡുകളിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ചില ഹമ്പുകളും പണിതരുന്നവയാണ്.

എന്നാല്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഒരു എസ്‌യുവിയാണ് നിങ്ങള്‍ ഓടിക്കുന്നതെങ്കില്‍ ആക്‌സിലേറ്ററില്‍ നിന്ന് കാലെടുക്കേണ്ട ആവശ്യമുണ്ടാകില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയും ഓഫ്‌റോഡിംഗിനുമെല്ലാം പോകുമ്പോള്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുടുതലുള്ളതിന്റെ ഗുണം അനുഭവിച്ചറിയാന്‍ സാധിക്കും. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ളതിനാല്‍ സ്പീഡ് ബ്രേക്കറുകളില്‍ പോലും എസ്‌യുവികള്‍ സെഡാനെപ്പോലെ വേഗത കുറയ്‌ക്കേണ്ടതില്ല.
സീറ്റിംഗ് പൊസിഷന്‍: ഒരു വാഹനം വാങ്ങുമ്പോള്‍ പലരും പരിഗണിക്കുന്ന കാര്യമാണ് സീറ്റിംഗ് പൊസിഷന്‍. ഇക്കാര്യത്തില്‍ എസ്‌യുവികള്‍ക്ക് സെഡാനുകളേക്കാള്‍ മുന്‍തൂക്കമുണ്ടെന്ന് പറയേണ്ടതില്ലെല്ലോ. വലുതോ ചെറുതോ ആകട്ടെ ഉയര്‍ന്ന സെറ്റ് സിറ്റിംഗ് പൊസിഷന്‍ എസ്‌യുവികളുടെ ഒരു പ്രത്യേകത തന്നെയാണ്. മുന്നോട്ടുള്ള പാതയുടെ കൃത്യമായ കാഴ്ച ലഭിക്കുന്നതിനാല്‍ എസ്‌യുവിയില്‍ ഇരിക്കുന്നത് ഒരു പ്രത്യേക ഫീലാണ്.

തരക്കേടില്ലാത്ത ഉയരത്തില്‍ റോഡിന്റെ മികച്ച കാഴ്ച ലഭിക്കുന്നത് ഡ്രൈവര്‍ക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. ഭൂരിഭാഗം എസ്‌യുവികളിലും നിങ്ങള്‍ക്ക് ബോണറ്റിന്റെ എഡ്ജുകള്‍ വ്യക്തമായി കാണാന്‍ കഴിയും. ഈ ഒരു കാര്യം കൊണ്ട് തന്നെ നിങ്ങളുടെ കാറിന്റെ മുന്നിലുള്ള കാറുമായുള്ള ദൂരം കൃത്യമായി കണക്കാക്കാന്‍ സാധിക്കുന്നു. അത് ഡ്രൈവിംഗ് ആയാസകരമാക്കും.
സ്റ്റാറ്റസ് സിംബല്‍: കാറുകള്‍ എല്ലാ കാലത്തും പദവിചിഹ്നങ്ങളായിരുന്നു. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമെല്ലാം അവരുടെ 'പത്രാസ്' കാണിക്കാന്‍ വേണ്ടി വാഹനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. എസ്‌യുവികളുടെ റോഡ് പ്രസന്‍സും നീളവും വീതിയുമെല്ലാം ഏവരെയും ആകര്‍ഷിക്കുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ വണ്ടികൊണ്ട് അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏതായാലും സെഡാനല്ല മറിച്ച് എസ്‌യുവിയാണ് വാങ്ങുക.

ലഭ്യത: ഇന്ത്യയില്‍ 2010-ന് ശേഷമാണ് എസ്‌യുവി തരംഗമുണ്ടായതെന്ന് വേണമെങ്കില്‍ പറയാം. അക്കാലം വരേക്കും ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മിത്സുബിഷി പജീറോ തുടങ്ങിയ ചില വിലകൂടിയ മോഡലുകളും ടാറ്റ സഫാരി, മഹീന്ദ്ര സ്‌കോര്‍പിയോ തുടങ്ങിയ താങ്ങാനാവുന്ന ഓപ്ഷനുകളും മാത്രമായിരുന്നു എസ്‌യുവികളായി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി.
ഇന്ന് 6 ലക്ഷം രൂപ മുതല്‍ എസ്‌യുവികള്‍ കിട്ടും. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്നിവ അണിനിരക്കുന്ന മൈക്രോ എസ്‌യുവികളാണ് ഈ വിഭാഗത്തിലേക്ക് വാതില്‍ തുറക്കുന്നത്. തൊട്ടുമുകളില്‍ ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നിവ അണിനിരക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റുണ്ട്.
അതുകൂടാതെ ഇന്ത്യയില്‍ ഇന്ന് ഏറ്റവും കിടമത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവികളും ഒരു ഓപ്ഷനാണ് ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടെയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ്, എംജി ആസ്റ്റര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിങ്ങനെ ഈ സെഗ്‌മെന്റില്‍ പോരാടുന്ന മോഡലുകളുടെ നിര നീളുന്നു. എന്നാല്‍ വളരെ കുറച്ച് മാസ് മാര്‍ക്കറ്റ് സെഡാനുകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമായുള്ളൂ.
മനസ്ഥിതി: നമ്മള്‍ മുകളില്‍ സൂചിപ്പിച്ച കാരണങ്ങള്‍ പോലെ തന്നെ കാലക്രമേണ ജനങ്ങളുടെ മനസ്സില്‍ കയറിക്കൂടുന്ന ചില കാര്യങ്ങളുണ്ട്. വലിപ്പവും ഏത് ദുര്‍ഘടമായ പാതകളും കീഴടക്കാന്‍ സാധിക്കുന്ന കഴിവുകളുമെല്ലാം ഉള്ളതിനാല്‍ യാത്രാസുഖത്തിന്റെയും സ്‌പെയ്‌സിന്റെയും കാര്യത്തില്‍ എസ്‌യുവികളാണ് മികച്ചതെന്ന തോന്നലുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. സ്‌പെയ്‌സിന്റെയും കംഫര്‍ട്ടിന്റെയും കാര്യത്തില്‍ എസ്‌യുവികളോട് കട്ടക്ക് മുട്ടിനില്‍ക്കുന്ന ചില സെഡാനുകള്‍ ഇന്ന് വിപണിയിലുണ്ട്.
മാത്രമല്ല ചില സാഹചര്യങ്ങളില്‍ നീറൂമിന്റെയും ലെഗ്‌റൂമിന്റെയും കാര്യത്തില്‍ സെഡാനുകള്‍ എസ്‌യുവികളെ പിന്നിലാക്കുകയും ചെയ്യുന്നു. ദീര്‍ഘദൂര യാത്രകളില്‍ ഇത് ഏറെ ഗുണം ചെയ്യുന്നു. ഈ കാരണങ്ങളൊക്കെയാണ് സെഡാനുകളെ തള്ളി ഉപഭോക്താക്കള്‍ എസ്‌യുവികള്‍ക്ക് പിറകെ പോകാന്‍ കാരണം. ഇതല്ലാതെ എന്തെങ്കിലും ഏതെങ്കിലും കാരണം നിങ്ങള്‍ക്ക് അറിയാമോ?. അതെ എന്നാണെങ്കില്‍ അത് ഞങ്ങളുമായി പങ്കുവെക്കൂ.


Click it and Unblock the Notifications