ഇഗ്നിസേ നീ മലയാളികൾക്ക് പ്രിയപ്പെട്ടവൻ; കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി
മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് ഏത് സംസ്ഥാനത്തും ആവശ്യക്കാർ ഉണ്ട് എന്നതാണ് സത്യം. എന്നാൽ മലയാളികളുടെ ആവശ്യവും പരിഗണനയും കുറച്ച് വ്യത്യസ്തമാണല്ലോ. പൃഥിരാജ് ഒരു സിനിമയിൽ പറയുന്നത് പോലെ മലയാളി പൊളിയല്ലേ. അപ്പോൾ ഈ പൊളി മലയാളികളുടെ ടേസ്റ്റും വ്യത്യാസമായിരിക്കും. മാരുതി സുസുക്കി എന്ന ബ്രാൻഡിന് മലയാളികൾ നൽകുന്ന സപ്പോർട്ട് ചില്ലറയല്ല. സംഭവം എന്താണെന്ന് വച്ചാൽ കേരളത്തിലാണ് ഇഗ്നിസ് എന്ന മോഡലിന് കൂടുതൽ ആവശ്യക്കാരുളളതെന്നാണ് കമ്പനിയുടെ പുതിയ റിപ്പോർട്ട്.
കേരളത്തിലെ കസ്റ്റമേഴ്സ് രണ്ടു കൈയും നീട്ടിയാണ് ഇഗ്നിസിനെ സ്വീകരിച്ചത്. മുൻഗാമിയായ റിറ്റ്സിനെ അധികം ശ്രദ്ധിക്കാൻ സാധിക്കാത്തതിൻ്റെ എല്ലാ പരാതിയും ഇതിൽ തീർത്തിട്ടുണ്ട്. മലയാളികൾ മാരുതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു ഫാമിലി കാറും, അതോടൊപ്പം തന്നെ മൈലേജും സർവീസ് കോസ്റ്റ് കുറഞ്ഞതുമായ ഒരു വാഹനമാണ്. അതിൽ മാരുതി സുസുക്കി വിജയിച്ചിട്ടുമുണ്ട്. അത് കൊണ്ടാണ് കേരളത്തിലെ 50 ശതമാനം വിപണി മാരുതിക്ക് സ്വന്തമായിരിക്കുന്നത്. എന്നു വച്ചാൽ കേരളത്തിൽ രണ്ട് വണ്ടി വിൽക്കുമ്പോൾ അത് ഒന്നിൽ മാരുതി ആണെന്ന് ചുരുക്കം.

5.55 ലക്ഷം രൂപ വിലയിൽ ആരംഭിക്കുന്ന വാഹനത്തിന് ഒമ്പത് കളർ വേരിയൻ്റുകളാണ് ഉളളത്. ടോൾബോയ് നിലപാടും എസ്‌യുവി പോലുള്ള സൗന്ദര്യശാസ്ത്രവും തന്നെയാണ് ഇഗ്നിസിന്റെ പ്രധാന ആകർഷണവും. കൂടാതെ 4.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയും മോഡലിന്റെ ഹൈലൈറ്റാണ്. ഒരു ഉപഭോക്താവിന് തന്റെ ആദ്യ കാറായി പരിഗണിക്കാവുന്ന മികച്ച തെരഞ്ഞെടുപ്പു തന്നെയാണ് ഈ കേമൻ.
1.2 ലിറ്റർ കെ-സീരീസ്, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഡീസൽ പതിപ്പ് കമ്പനി നേരത്തെ നിർത്തലാക്കിയിരുന്നു. ഇത് പരാമാവധി 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. വാങ്ങുന്നവർക്ക് ഇഗ്നിസ് 5 സ്പീഡ് സ്റ്റിക്ക് ഷിഫ്റ്റ് മാനുവൽ യൂണിറ്റിലേക്കോ എഎംടി ഓട്ടോമാറ്റിക്കോ തെരഞ്ഞെടുക്കാം.

20.80 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നത്. ജാപ്പനീസ് ബ്രാൻഡിന്റെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഗ്നിസിന് 3.7 മീറ്റർ നീളവും 1.69 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും 2.43 മീറ്റർ നീളമുള്ള വീൽബേസുമാണ് കാറിനുള്ളത്. പവർ വിൻഡോകൾ, പവർ വഴി-മടക്കാവുന്ന റിയർവ്യൂ മിററുകൾ, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ നിയന്ത്രണങ്ങൾ, 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകളും വാഹനത്തിൻ്റെ മറ്റ് ആകർഷണങ്ങളാണ് എന്ന് പറയാം.
അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി-ഗോ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങളും ഇഗ്നിസിനെ വ്യത്യസ്‌തമാക്കുന്നു. സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയവയും കമ്പനി അണിനിരത്തുന്നു. ഇതിനെല്ലാം പുറമേയാണ് കമ്പനി ഇപ്പോൾ രണ്ട് അധിക ഫീച്ചറുകൾ കൂടെ നൽകിയിരിക്കുന്നത്.

സീറ്റ് ബെൽറ്റ് അലാറം, ഹൈ സ്പീഡ് അലേർട്ട്, പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റുകൾക്കുള്ള ലോഡ് ലിമിറ്ററുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും ഇഗ്നിസിൽ ലഭിക്കുന്നുണ്ട്. കംഫർട്ടിൻ്റെ കാര്യത്തിൽ വാഹനം മികച്ച റിസൽട്ട് തന്നെയാണ് നൽകുന്നത്. വാഹനം അവതരിപ്പിച്ച സമയത്ത് പോലും വാഹനത്തിന് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല എന്നത് സത്യമാണ്,പക്ഷേ അതിന് ശേഷം ജനങ്ങൾ രണ്ട് കൈയും നീട്ടിയാണ് വാഹനത്തിനെ ഏറ്റെടുത്തത്.
ഈ ഒരു വിലയ്ക്ക് ഇത്രയും ഫീച്ചേഴ്സ് ലഭിക്കുന്ന മറ്റൊരു ഹാച്ച് ബാക്ക് ഇല്ല് എന്നത് തന്നെയാണ് കാര്യം. അത് ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ മുതൽ ഇഗ്നിസിൻ്റെ വിൽപ്പനയിൽ നല്ല മുന്നേറ്റമാണ് ഉണ്ടായത്. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ മാരുതി സുസുക്കി എന്ന കമ്പനി കൂടുതലും ജനങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് മനസിലാക്കി വാഹനങ്ങൾ അവതരിപ്പിക്കന്നവരാണ്. അത് തന്നെയാണ് അവരുടെ വിജയവും എന്ന് വേണം പറയാൻ. കാരണം മാരുതിയുടെ വാഹനങ്ങൾ ജനങ്ങൾ എന്നും ഏറെ താൽപ്പര്യത്തോടെ സ്വന്തമാക്കുന്നവയാണ്.


Click it and Unblock the Notifications








